Connect with us

ipl 2021

വിജയവഴിയിൽ മുംബൈ

പഞ്ചാബിനെതിരെ മുംബൈ ഇന്ത്യൻസിന് ആറ് വിക്കറ്റ് ജയം. പോയിന്റ് പട്ടികയിൽ മുംബൈ അഞ്ചാമത്

Published

|

Last Updated

അബൂദബി | പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ആറ് വിക്കറ്റ് വിജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്സ് ആറ് വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ആറ് പന്ത് ബാക്കിനിൽക്കേ നാല് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്ത് വിജയം കൈപ്പിടിയിലൊതുക്കി. മുംബൈക്കായി സൗരഭ് തിവാരി (45)ഉം ഹാർദിക് പാണ്ഡ്യ (40)ഉം, കിറോൺ പൊള്ളാർഡ് (15)ഉം റൺസെടുത്തു.

കൊൽക്കത്തക്ക് മൂന്ന് വിക്കറ്റ് ജയം
ഷാർജ | ഡൽഹി ക്യാപിറ്റൽസിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് ഒന്പത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് പത്ത് പന്തുകൾ ബാക്കിനിൽക്കേ വിജയം സ്വന്തമാക്കി. സ്‌കോർ: ഡൽഹി ക്യാപിറ്റൽസ്- 127/9, കൊൽക്കത്ത-130/7 ( 18.2 ഒാവർ).

ഡൽഹിക്കായി സ്റ്റീവ് സ്മിത്തും ശിഖർ ധവാനും ചേർന്നാണ് ഓപൺ ചെയ്തത്. ആദ്യ വിക്കറ്റിൽ ഇരുവരും 35 റൺസ് കൂട്ടിച്ചേർത്തെങ്കിലും അഞ്ചാം ഓവറിലെ അവസാന പന്തിൽ ധവാനെ (24) പുറത്താക്കി ലോക്കി ഫെർഗൂസൻ ഡൽഹിക്ക് ആദ്യ തിരിച്ചടി സമ്മാനിച്ചു. പിന്നാലെ വന്ന ശ്രേയസ് അയ്യർ (ഒന്ന്) പിടിച്ചുനിൽക്കാനായില്ല. തുടർന്ന് വന്ന ക്യാപ്റ്റൻ റിഷഭ് പന്തിനെ കൂട്ടുപിടിച്ച് സ്മിത്ത് ടീം സ്‌കോർ 50 കടത്തി. എന്നാൽ സ്‌കോർ 77ൽ നിൽക്കേ സ്മിത്തിന്റെ (39) വിക്കറ്റ് വീഴ്ത്തി ഫെർഗൂസൻ വീണ്ടും ഡൽഹിക്ക് തിരിച്ചടി സമ്മാനിച്ചു. പിന്നാലെ വന്ന ലളിത് യാദവിനെ അക്കൗണ്ട് തുറക്കും മുൻപ് മടക്കി സുനിൽ നരെയ്ൻ ഡൽഹിയെ തകർച്ചയിലേക്ക് തള്ളിയിട്ടു. അക്ഷർ പട്ടേൽ (പൂജ്യം) വേഗത്തിൽ കൂടാരം കയറി. ഇതിനിടെ ഡൽഹി ക്യാപിറ്റൽസിനായി ഏറ്റവുമധികം റൺസ് നേടുന്ന താരം എന്ന റെക്കോർഡ് റിഷഭ് പന്ത് സ്വന്തമാക്കി.

മികവ് പുലർത്തി കൊൽക്കത്ത
കൊൽക്കത്തക്കായി ശുഭ്മാൻ ഗില്ലും വെങ്കടേഷ് അയ്യരുമാണ് ഓപൺ ചെയ്തത്. എന്നാൽ നിലയുറപ്പിക്കും മുൻപ് അപകടകാരിയായ വെങ്കടേഷ് അയ്യരെ (14) ക്ലീൻ ബൗൾഡാക്കി ലളിത് യാദവ് കൊൽക്കത്തക്ക് തിരിച്ചടി നൽകി. പിന്നാലെ വന്ന രാഹുൽ ത്രിപാഠി (ഒന്പത്) പിടിച്ചുനിൽക്കാനായില്ല. പിന്നീട് ക്രീസിലെത്തിയ നിതീഷ് റാണയെ കൂട്ടുപിടിച്ച് ശുഭ്മാൻ ഗിൽ ടീം സ്‌കോർ 50 കടത്തി. ടീം സ്‌കോർ 67ൽ നിൽക്കെ 30 റൺസെടുത്ത ഗില്ലിനെ മടക്കി കഗിസോ റബാദ കൊൽക്കത്തക്ക് പ്രഹരമേൽപ്പിച്ചു. പിന്നാലെ വന്ന കൊൽക്കത്ത നായകൻ മോർഗൻ (പൂജ്യം) നേരിട്ട രണ്ടാം പന്തിൽ തന്നെ അശ്വിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. തുടർന്ന് ക്രീസിലെത്തിയ കാർത്തിക് (12) വേഗത്തിൽ പുറത്തായി. പിന്നാലെ വന്ന സൗത്തി (മൂന്ന്) യെ ആവേശ്ഖാൻ ക്ലീൻ ബൗൾഡാക്കി. എന്നാൽ 18ാം ഓവറിലെ രണ്ടാം പന്തിൽ ബൗണ്ടറി നേടിക്കൊണ്ട് നിതീഷ് റാണ ടീമിന് വിജയം സമ്മാനിച്ചു.

 

ടി20യിൽ ചരിത്രമെഴുതി പൊള്ളാർഡ്
അബൂദബി | ടി20യുടെ ചരിത്രത്തിൽ 300 വിക്കറ്റുകളും 10,000 റൺസും നേടുന്ന ആദ്യ താരമായി മുംബൈ ഇന്ത്യൻസിന്റെ കിറോൺ പൊള്ളാർഡ്. പഞ്ചാബ് കിംഗ്‌സിനെതിരെയുള്ള ഐ പി എൽ മത്സരത്തിലാണ് പൊള്ളാർഡ് ഈ നേട്ടം സ്വന്തമാക്കിയത്.

---- facebook comment plugin here -----

Latest