Kerala
'ഓ അപ്പോ അങ്ങനെയാണല്ലേ'; വടകര ഫ്‌ളാറ്റിനെ കുറിച്ചുള്ള ചോദ്യത്തിന് പരിഹാസവുമായി കെ സി വേണുഗോപാല്‍
വടകരയിലെ ഫ്ലാറ്റിനെചൊല്ലി സാമൂഹിക മാധ്യമങ്ങളിലടക്കം ചര്‍ച്ച സജീവമായതോടെയാണ് വേണുഗോപാലിനുനേരെ മാധ്യമങ്ങള്‍ ചോദ്യം ഉയര്‍ത്തിയത്
തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റിലായ ബലാത്സംഗക്കേസിലെ പരാതിക്കാരി നല്‍കിയ മൊഴിയില്‍ പരാമര്‍ശിക്കുന്ന വടകരയിലെ ഫ്ലാറ്റിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.തിരുവല്ലയില്‍ ഹോട്ടല്‍മുറിയില്‍ നടന്ന അതി ക്രൂരപീഡനത്തിനുശേഷം വടകരയില്‍ ഫ്ലാറ്റിലേക്ക് വരാന്‍ മാങ്കൂട്ടത്തില്‍ തന്നെ ക്ഷണിച്ചതായാണ് യുവതി മൊഴിനല്‍കിയത്. എന്നാല്‍ വിവാഹവാഗ്ദാനം നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ വഞ്ചിക്കുകയാണെന്ന് തിരിച്ചറിഞ്ഞതോടെ ഇനി തമ്മില്‍ കാണാനാകില്ലെന്ന് മറുപടി നല്‍കുകയായിരുന്നുവെന്നും യുവതിയുടെ മൊഴില്‍ പറയുന്നു.
പരാതിയില്‍ പരാമര്‍ശിക്കുന്ന വടകരയിലെ ഫ്ലാറ്റിനെചൊല്ലി സാമൂഹിക മാധ്യമങ്ങളിലടക്കം ചര്‍ച്ച സജീവമായതോടെയാണ് വേണുഗോപാലിനുനേരെ മാധ്യമങ്ങള്‍ ചോദ്യം ഉയര്‍ത്തിയത്. വടകരയിലെ ഫ്ലാറ്റ് ആരുടേതാണെന്ന് അന്വേഷിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ഓ അപ്പോ അങ്ങനെയാണല്ലേ’ എന്ന പരിഹാസം മാത്രമായിരുന്നു വേണുഗോപാലിന്റെ മറുപടി. മാങ്കൂട്ടത്തിലിനെ നിയമസഭയില്‍നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് അത്തരം കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചവരുമ്പോള്‍ തീരുമാനിക്കും എന്നായിരുന്നു മറുപടി.അതിജീവിതയെ രാഹുല്‍ മാങ്കൂട്ടത്തില്‍ പല തവണ വടകരയിലെ ഫ്ലാറ്റിലേക്ക് വരാന്‍ നിര്‍ബന്ധിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. വടകരയില്‍ ഫ്ലാറ്റ് ഉണ്ടെന്നും ഒരു ദിവസം അവിടേക്ക് വരണമെന്നും അതിജീവിതയോട് ബലാത്സംഗത്തിനുശേഷം രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.





