Kerala
കാസര്‍കോട് സ്വദേശിയായ 18കാരന്‍ ട്രെയിനില്‍ നിന്നും വീണ് മരിച്ചു; അപകടം വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ
കണ്ണൂര്‍ - തലശേരി റെയില്‍വെ സ്റ്റേഷനുകള്‍ക്കിടെയാണ് അപകടം
കണ്ണൂര്‍ | ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ച് വീണ് 18കാരന്‍ മരിച്ചു. കാസര്‍കോട് ബദിയടുക്ക നാരാംപാടി സ്വദേശി ഇബ്രാഹിം അല്‍ത്താഫ് ആണ് മരിച്ചത്. കണ്ണൂര്‍ – തലശേരി റെയില്‍വെ സ്റ്റേഷനുകള്‍ക്കിടെയാണ് അപകടം. ഇന്ന് പുലര്‍ച്ചെ 6.45 ഓടെ കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെതാഴെ ചൊവ്വയിലാണ് അപകടം.നാല് സുഹൃത്തുക്കള്‍ക്കാപ്പമാണ് അല്‍ത്താഫ് കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്ക് വിനോദയാത്രയ്ക്ക് പോയത്. കോഴിക്കോട് നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മലബാര്‍ എക്സ്പ്രസില്‍ കാസര്‍കോട്ടേയ്ക്ക് മടങ്ങി വരുമ്പോഴായിരുന്നു അപകടം.
അല്‍ത്താഫ് ട്രെയിനില്‍ നിന്ന് തെറിച്ചുവീണത് കണ്ടതോടെ സുഹൃത്തുക്കളും യാത്രക്കാരും പോലീസിനെ അറിയിച്ചു. തുടര്‍ന്ന് റെയില്‍വേ പൊലീസും നാട്ടുകാരും ചേര്‍ന്ന് അല്‍താഫിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നാരമ്പാടിയിലെ അബ്ദുറഹ്മാന്റെയും ആയിഷയുടെയും മകനാണ് അല്‍ത്താഫ്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.





