Kerala
എം എസ് സി എല്‍സ 3 കപ്പല്‍ അപകടം; കപ്പല്‍ കമ്പനി 1,227 കോടി രൂപ കെട്ടിവെക്കണമെന്ന് ഹൈക്കോടതി
നഷ്ടപരിഹാരമായി 133 കോടി രൂപ മാത്രമേ നല്‍കാനാകൂ എന്നാണ് കപ്പല്‍ കമ്പനിയുടെ നിലപാട്.

കൊച്ചി | അറബിക്കടലില്‍ കേരള തീരത്ത് എംഎസ്‌സി എല്‍സ 3 കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് 1,227.62 കോടി രൂപ കരുതല്‍ നിക്ഷേപമായി കെട്ടിവെക്കണമെന്ന് ഹൈക്കോടതി. നേരത്തേ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ടാണു ഹൈക്കോടതിയുടെ പുതിയ നിര്‍ദേശം. കപ്പലിന്റെ ഉടമസ്ഥരായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ എംഎസ്‌സി അക്കിറ്റേറ്റ 2 കപ്പല്‍ അറസ്റ്റ് ചെയ്യാന്‍ നേരത്തേ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട 9,531 കോടി രൂപ കെട്ടിവയ്ക്കുന്നത് വരെ കപ്പല്‍ മോചിപ്പിക്കരുതെന്നായിരുന്നു ഉത്തരവ്. ഈ ഇടക്കാല ഉത്തരവാണ് ജസ്റ്റിസ് അബ്ദുല്‍ ഹക്കീമിന്റെ ബെഞ്ച് ഇന്ന് ഭേദഗതി ചെയ്തത്.
നിലവില്‍ നിര്‍ദേശിച്ചിരിക്കുന്ന തുക കെട്ടിവച്ചതിനുശേഷം അക്കിറ്റേറ്റ 2 കപ്പല്‍ മോചിപ്പിക്കുന്നതില്‍ തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, നഷ്ടപരിഹാരമായി 133 കോടി രൂപ മാത്രമേ നല്‍കാനാകൂ എന്നാണ് കപ്പല്‍ കമ്പനിയുടെ നിലപാട്. കമ്പനി നല്‍കിയ പത്രപരസ്യപ്രകാരം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ ഈ മാസം 30ന് കോടതി വീണ്ടും പരിഗണിക്കും. നിരവധി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിലെത്തിയിരിക്കുന്നത്.
പരിസ്ഥിതിനാശമടക്കം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ 9,531 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് അഡ്മിറാലിറ്റി സ്യൂട്ട് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് കപ്പല്‍ കമ്പനി നിരാകരിച്ചിരുന്നു. 133 കോടി രൂപയ്ക്കു മാത്രമേ സംസ്ഥാനത്തിന് അര്‍ഹതയുള്ളൂ എന്നായിരുന്നു കപ്പല്‍ കമ്പനിയുടെ നിലപാട്. മേയ് 24ന് മുങ്ങിയ കപ്പല്‍ ഇപ്പോഴും കടലിനടിയില്‍ കിടക്കുകയാണ്. തോട്ടപ്പിള്ളി സ്പില്‍വേയില്‍ നിന്ന് 14.5 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ മുങ്ങിയ സ്ഥലം. എന്നാല്‍ ഇത് കേരളത്തിന്റെ കടല്‍ അധികാരപരിധിയില്‍ വരുന്നതല്ലെന്നാണ് കമ്പനി വാദം