International
മിസൈല്‍ ആക്രമണം തുടരുന്നു; ഇസ്‌റാഈലിലെ മൈക്രോസോഫ്റ്റ് ഓഫീസിന് സമീപം വന്‍ തീപ്പിടിത്തം
മിസൈല്‍ തടഞ്ഞെന്ന് അവകാശപ്പെട്ട് ഇസ്‌റാഈല്‍; തീ ആളിപ്പടരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് മാധ്യമങ്ങള്‍

തെല്‍ അവീവ് | സംഘര്‍ഷം എട്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ഇസ്‌റാഈലിലേക്ക് ഇറാന്റെ മിസൈല്‍ ആക്രമണം തുടരുന്നു. ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഇസ്‌റാഈലിലെ മൈക്രോസോഫ്റ്റ് ഓഫീസിന് സമീപം വന്‍ തീപ്പിടിത്തമുണ്ടായി. മിസൈല്‍ തടഞ്ഞുവെന്നാണ് ഇസ്‌റാഈല്‍ അവകാശപ്പെടുന്നതെങ്കിലും പ്രദേശത്ത് തീ ആളിപ്പടരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. തെക്കന്‍ നഗരമായ ബീര്‍ഷെബയിലെ ഓഫീസിന് സമീപമാണ് ഇന്ന് മിസൈല്‍ ആക്രമണമുണ്ടായതെന്ന് സി എന്‍ എന്‍ റിപോര്‍ട്ട് ചെയ്തു.
ഇസ്‌റാഈലിന്റെ തെക്കന്‍ പ്രദേശങ്ങളിലെ തുറസ്സായ പ്രദേശങ്ങളിലും മിസൈലുകള്‍ വീണതായാണ് റിപോര്‍ട്ട്. നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും ആളപായമില്ലെന്ന് ഇസ്‌റാഈല്‍ പോലീസ് പറഞ്ഞു. ഇറാന്‍ ആക്രമണത്തിന് മുന്നോടിയായി തെക്കന്‍ നഗരങ്ങളിലുടനീളം സൈറണുകള്‍ മുഴങ്ങുന്നുണ്ട്. ഇന്നലെ ബീര്‍ഷെബയിലെ പ്രധാന സൈനിക ആശുപത്രിയായ സൊറോക്ക മെഡിക്കല്‍ സെന്ററുള്‍പ്പെടെ ഇറാനിയന്‍ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. ഇസ്രാഈലിന്റെ നെവാറ്റിം വ്യോമതാവളം സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണ് ബീര്‍ഷെബ.