Connect with us

Health

മറവിയിലേക്ക് മറയുന്ന മനസുകള്‍; മറക്കാതിരിക്കാം ഓര്‍മകള്‍ നഷ്ടമായവരെ

'മേധാക്ഷയത്തെ അറിയൂ, അല്‍ഷിമേഴ്സ് രോഗത്തെ അറിയൂ' എന്നതാണ് ഈ വര്‍ഷത്തെ അല്‍ഷിമേഴ്‌സ് ദിനത്തിന്റെ സന്ദേശം. അല്‍ഷിമേഴ്‌സ് രോഗം തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്ന് വിദഗ്ധര്‍ പറയുന്നു.

Published

|

Last Updated

ര്‍മകള്‍ നഷ്ടപ്പെട്ട് പോയവരെ ഓര്‍മിക്കാനായുള്ളതാണ് അല്‍ഷിമേഴ്സ് ദിനം. തലച്ചോറിലെ തകരാര്‍ മൂലമുണ്ടാകുന്ന ബുദ്ധിമാന്ദ്യമാണ് സാമാന്യമായി പറഞ്ഞാല്‍ അല്‍ഷിമേഴ്‌സ് രോഗം. സാവധാനം മരണകാരണമാകുന്നതും ചികിത്സയില്ലാത്തതുമായ രോഗമാണിത്. ഡിമെന്‍ഷ്യ(മേധാക്ഷയം) വിഭാഗത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന അസുഖവും ഇതാണ്. സാധാരണയായി പ്രായാധിക്യത്താല്‍ മസ്തിഷ്‌കത്തിലുണ്ടാകുന്ന ഘടനാപരമോ രാസപരമോ ആയ പ്രവര്‍ത്തന തകരാറോ മസ്തിഷ്‌ക ധര്‍മത്തെ ബാധിക്കുന്ന ശാരീരിക, മാനസിക പ്രവര്‍ത്തനങ്ങളുടെ തകരാറോ മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. അല്‍ഷിമേഴ്സ് രോഗം ബാധിച്ചവരായി ലോകത്ത് ആറുകോടി 60 ലക്ഷം പേരുണ്ടെന്നാണ് കണക്ക്. 2050 ആകുമ്പോഴേക്കും ഇത് പതിനൊന്നര കോടിയാകുമെന്നാണ് വിദഗ്ധാഭിപ്രായം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 76 അല്‍ഷിമേഴ്സ് ഘടകങ്ങളുടെ കൂട്ടായ്മയായ അല്‍ഷിമേഴ്സ് ഡിസീസ് ഇന്റര്‍നാഷണല്‍ ആണ് ലോക അല്‍ഷിമേഴ്സ് ദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇന്ത്യയില്‍, അല്‍ഷിമേഴ്സ് ഡിസീസ് ഇന്റര്‍നാഷണലിന്റെ വളരെ സജീവമായ ഒരു ഘടകമാണ് കേരളത്തില്‍ കുന്നംകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ഷിമേഴ്‌സ് ആന്‍ഡ് റിലേറ്റഡ് ഡിസോര്‍ഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ. കേരളത്തിലെ വിവിധ പട്ടണങ്ങള്‍ ഉള്‍പ്പടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഈ സംഘടന പ്രവര്‍ത്തിക്കുന്നു. ഡോ.കെ. ജേക്കബ് റോയ് ആണ് ഇതിന്റെ ദേശീയ ചെയര്‍മാന്‍.

‘മേധാക്ഷയത്തെ അറിയൂ, അല്‍ഷിമേഴ്‌സ് രോഗത്തെ അറിയൂ’ എന്നതാണ് ഈ വര്‍ഷത്തെ അല്‍ഷിമേഴ്സ് ദിന സന്ദേശം. അല്‍ഷിമേഴ്‌സ് രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും ഇതിനോടുള്ള ഭയം കുറയ്ക്കുകയുമാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. കേരളത്തില്‍ പ്രായം ചെന്നവരില്‍ മറവിരോഗം കൂടിവരുന്നതായാണ് വിദഗ്ധര്‍ പറയുന്നത്. ഇവര്‍ക്ക് ആവശ്യമായ കരുതലും പരിചരണവും നല്‍കുകയെന്നതാണ് അല്‍ഷിമേഴ്സ് ദിനം ഓര്‍മിപ്പിക്കുന്നത്. ആയുര്‍ദൈര്‍ഘ്യത്തില്‍ മുന്നിലായ കേരളം, മറവിരോഗകണക്കിലും മുന്‍പന്തിയിലാണ്. കേരളത്തില്‍ 65 വയസിനു മുകളിലുള്ള 100 പേരില്‍ അഞ്ച് പേര്‍ക്കെങ്കിലും മറവിരോഗമുണ്ടെന്നാണ് അനൗദ്യോഗിക പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 85 വയസിനു മുകളിലുള്ളവരില്‍ പകുതിപ്പേര്‍ക്കും രോഗസാധ്യതയുണ്ട്.

ജീവിതശൈലിയും ജീനുകളും അടക്കമുള്ള വിവിധ ഘടകങ്ങള്‍ മറവിരോഗത്തിന് കാരണമാകാം. അല്‍ഷിമേഴ്സ് രോഗം തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ഏറ്റവും ഒടുവില്‍ മറവിരോഗം സംബന്ധിച്ച് എപിഡമോളജി പഠനം സംസ്ഥാനത്ത് നടന്നത് 2006 ലാണ്. രോഗികളെ കൃത്യമായി കണ്ടെത്തേണ്ടതും പരിചരണം ഉറപ്പാക്കേണ്ടതും രോഗികള്‍ക്ക് മാത്രമല്ല, രോഗികളെ പരിചരിക്കുന്നവരെ സംബന്ധിച്ചും നിര്‍ണായകമാണ്.

അല്‍ഷിമേഴ്സ് രോഗത്തിന്റെ ലക്ഷണങ്ങള്‍

1. ഒരു വ്യക്തി അല്‍ഷിമേഴ്സ് ബാധിതനാണെന്ന് സൂചിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണ് ഓര്‍മക്കുറവ്. ഒരാള്‍ ഒരു സ്ഥലം സന്ദര്‍ശിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അതിനെക്കുറിച്ച് പൂര്‍ണമായി മറക്കുക, വീട്ടിലെ പരിചിതമായ സ്ഥലങ്ങളെക്കുറിച്ച് ആശയക്കുഴപ്പം നേരിടുക, സ്ഥിരമായി എന്തെങ്കിലും ഒരു വസ്തു സൂക്ഷിക്കുന്നത് എവിടെയെന്ന് മറക്കുക. ഇതെല്ലാം അല്‍ഷിമേഴ്സിന്റെ പ്രധാന ലക്ഷണങ്ങളാണ്.

2. അല്‍ഷിമേഴ്സ് ബാധിച്ച ഒരാളുടെ മാനസികാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വിഷാദരോഗം അല്‍ഷിമേഴ്സ് രോഗത്തിന്റെ നേരത്തെയുള്ള ഒരു ലക്ഷണമാണ്.

3. പണം കണക്കുകൂട്ടുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ ഉള്ള ബുദ്ധിമുട്ട്, എന്തെങ്കിലും പ്രവൃത്തികള്‍ നിരീക്ഷിക്കുന്നതിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും ബുദ്ധിമുട്ട് അനുഭവപ്പെടുക, ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ പ്രശ്നങ്ങളുണ്ടാകുക.

4. വ്യക്തികളുടെ പേരുകള്‍, സ്ഥലപ്പേരുകള്‍ എന്നിവ ഓര്‍മിച്ചെടുക്കാനുള്ള ബുദ്ധിമുട്ട്, ഭാഷയുമായി ബന്ധപ്പെട്ട കഴിവുകള്‍ നഷ്ടമാകുക, പല്ലുതേക്കുന്നതും മുടിചീകുന്നതും മറന്നുപോകുക എന്നിവയെല്ലാം അല്‍ഷിമേഴ്സിന്റെ ലക്ഷണമാണ്.

മറവിരോഗികളെ ശുശ്രൂഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രത്യേക കേന്ദ്രം ഒരുക്കണം, മെഡിക്കല്‍ കോളജുകളോട് അനുബന്ധിച്ച് മെമ്മറി ക്ലിനിക്കുകള്‍ തുടങ്ങണം, മറവിരോഗത്തെ കുറിച്ച് കൂടുതല്‍ പഠിക്കാനായി വിദേശരാജ്യങ്ങളിലെ പോലെ ബ്രെയിന്‍ ബേങ്കിംഗ് പോലെയുള്ളവയ്ക്ക് കേരളം തയാറാകണം, മറവിരോഗികള്‍ക്കും പരിചാരകര്‍ക്കും സമൂഹമാകെ ഒന്നിച്ചുനിന്ന് കരുതല്‍ നല്‍കണം തുടങ്ങിയ കാര്യങ്ങളാണ് ഈ രോഗവുമായി ബന്ധപ്പെട്ട് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.

അല്‍ഷിമേഴ്സ് രോഗം തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അല്‍ഷിമേഴ്സ് രോഗമാണ് മേധാക്ഷയത്തിന്റെ കാരണം. ഇത് നേരത്തെ കണ്ടെത്തുവാനും ചികിത്സ തേടാനും ശ്രദ്ധിക്കേണ്ടതുണ്ട്. നേരത്തെ തന്നെ മറവി രോഗത്തിന്റെ അപകട സാധ്യതകള്‍ തിരിച്ചറിയുക, കൃത്യസമയത്തുള്ള രോഗനിര്‍ണയം എന്നിവ പ്രധാനമാണെന്ന് മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന്റെ കീഴില്‍ അല്‍ഷിമേഴ്സ് രോഗം കണ്ടെത്തുന്നതിനും ചികിത്സയ്ക്കുമായി സംവിധാനങ്ങളുണ്ട്. മെഡിക്കല്‍ കോളജ് ന്യൂറോളജി, സൈക്യാട്രി വിഭാഗങ്ങള്‍, ജില്ലാ, ജനറല്‍ ആശുപത്രികളിലെ സൈക്യാട്രി യൂണിറ്റുകള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ മാനസികാരോഗ്യ ക്ലിനിക്കുകള്‍ എന്നിവയിലെല്ലാം സൗകര്യങ്ങള്‍ ലഭ്യമാണ്.

 

 

സബ് എഡിറ്റർ, സിറാജ്‍ ലെെവ്

Latest