Bahrain
സൈനിക സംഘര്‍ഷം: ബഹ്റൈന്‍, സഊദി വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചു
യു എ ഇയില്‍ നിന്നുള്ള ചില വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഫ്‌ളൈ ദുബൈ, ഖത്വര്‍ എയര്‍വേയ്സ്, സഊദിയ എന്നിവയുടെ ചില വിമാനങ്ങളും ചില റൂട്ടുകളില്‍ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്.
ദുബൈ | മേഖലയില്‍ സൈനിക സംഘര്‍ഷം കനത്ത സാഹചര്യത്തില്‍ യു എ ഇയില്‍ നിന്നുള്ള ചില വിമാന സര്‍വീസുകള്‍ റദ്ദാക്കി. വ്യാഴാഴ്ച ബഹ്റൈനിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. സഊദി അറേബ്യയിലേക്കുള്ള ചില സര്‍വീസുകള്‍ കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ മേഖലയിലുടനീളമുള്ള വിമാനക്കമ്പനികള്‍ തങ്ങളുടെ സര്‍വീസ് ഷെഡ്യൂളുകള്‍ ക്രമീകരിക്കുന്നത് തുടരുകയാണ്. പ്രധാന അന്താരാഷ്ട്ര വിമാനക്കമ്പനികളായ ബ്രിട്ടീഷ് എയര്‍വേയ്സും സിംഗപ്പൂര്‍ എയര്‍ലൈന്‍സും ഒക്ടോബര്‍ വരെ വിമാന സര്‍വീസ് സസ്പെന്‍ഷന്‍ നീട്ടിയിട്ടുണ്ട്.
വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ഹോട്ടലുകള്‍, ഊര്‍ജ സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ മേഖലയിലെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇറാന്‍ മുമ്പ് ലക്ഷ്യമിട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ബ്രിട്ടന്റെ ഫോറിന്‍, കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡെവലപ്മെന്റ് ഓഫീസ് (എഫ് സി ഡി ഒ) യാത്രക്കാര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി.
ഫ്‌ളൈ ദുബൈ, ഖത്വര്‍ എയര്‍വേയ്സ്, സഊദിയ എന്നിവയുടെ ചില വിമാനങ്ങളും ചില റൂട്ടുകളില്‍ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. സഊദിയിലെ അബഹ വിമാനത്താവളത്തിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. യമന്‍ അതിര്‍ത്തിയില്‍ നിന്ന് 30 കിലോമീറ്ററിനുള്ളിലെ യാത്രകളും അല്‍ ഖത്തീഫ് ഗവര്‍ണറേറ്റ്, ഇറാഖി അതിര്‍ത്തിക്കടുത്തുള്ള ഹഫര്‍ അല്‍ ബത്തീന്‍, ഖഫ്ജി എന്നിവിടങ്ങളിലേക്കുള്ള യാത്രകളും നിരോധിച്ചിട്ടുണ്ട്. സഊദി അറേബ്യയിലേക്കുള്ള യാത്ര പുനഃപരിശോധിക്കാന്‍ യു എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റും പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി.
Content Highlights:
Ongoing military conflicts in the region have severely disrupted flight operations in Bahrain and Saudi Arabia. Multiple flights have faced sudden cancellations and major delays, causing immense inconvenience to passengers. Airline authorities are closely monitoring the security situation to resume normal services.





