International
മ്യാന്‍മറില്‍ അഭയാര്‍ത്ഥികളുമായി പോയ ബോട്ടുകള്‍ മുങ്ങി അപകടം; 500ലേറെ പേര്‍ മരിച്ചെന്ന ആശങ്കയുമായി ഐക്യരാഷ്ട്രസഭ
ജൂണ്‍ അവസാനമാണ് മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് നിന്ന് രണ്ട് കപ്പലുകളും പുറപ്പെട്ടത്. ഈ കപ്പലുകളാണ് അപകടത്തില്‍പ്പെട്ടത്.
മ്യാന്‍മര്‍| മ്യാന്‍മര്‍ തീരത്ത് റോഹിങ്ക്യന്‍ അഭയാര്‍ഥികളുമായി പോയ ബോട്ടുകള്‍ മുങ്ങി 500 ലധികം പേര്‍ മരിച്ചതായി സംശയിക്കുന്നതായി ഐക്യരാഷ്ട്രസഭ. റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച രണ്ട് ബോട്ടുകള്‍ മറിഞ്ഞാണ് അപകടമുണ്ടായത്. ജൂണ്‍ അവസാനമാണ് മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് നിന്ന് രണ്ട് കപ്പലുകളും പുറപ്പെട്ടത്. ഈ കപ്പലുകളാണ് അപകടത്തില്‍പ്പെട്ടത്. ഇപ്പോഴാണ് ഈ വിവരം പുറത്തറിയുന്നത്.
മ്യാന്‍മര്‍, ബംഗ്ലാദേശ് ക്യാമ്പുകളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ മലേഷ്യ, ഇന്തോനേഷ്യ, തായ്ലന്റ് എന്നിവിടങ്ങളില്‍ സുരക്ഷിത സ്ഥാനത്തേക്ക് എത്താന്‍ ബോട്ടുകളില്‍ കൊണ്ടുപോയതായിരുന്നെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. സുരക്ഷിത സ്ഥാനത്തേക്ക് എത്താന്‍ അഭയാര്‍ത്ഥികള്‍ അപകടകരമായ കടലുകള്‍ കടന്നുപോകണം. ലോകത്തിലെ ഏറ്റവും മാരകമായ അഭയാര്‍ത്ഥി കടല്‍ മാര്‍ഗങ്ങള്‍ ആന്‍ഡമാനിലും ബംഗാള്‍ ഉള്‍ക്കടലിലും ആണെന്നും ഐക്യരാഷ്ട്രസഭ അറിയിച്ചു.
250 ഓളം ആളുകളുമായി സഞ്ചരിച്ചിരുന്ന ഒരു ബോട്ട് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഏകദേശം 280 പേരുമായി സഞ്ചരിച്ചിരുന്ന രണ്ടാമത്തെ ബോട്ട് ജൂലൈ 8 ന് മ്യാന്‍മറിലെ അയേയര്‍വാഡി തീരത്ത് മുങ്ങിയതായും കരുതപ്പെടുന്നു. സംഭവങ്ങളുടെയും അപകടങ്ങളുടെയും കണക്കുകള്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അന്താരാഷ്ട്ര കുടിയേറ്റ സംഘടനയും യുഎൻ അഭയാർഥി ഏജൻസിയായ യുഎൻഎച്ച്സിആറും സംയുക്ത പ്രസ്താവനയിലാണ് അപകട വിവരം പുറത്ത് വിട്ടിരിക്കുന്നത്.
Content Highlights:
Two boats carrying Rohingya refugees from camps in Myanmar and Bangladesh capsized off the Myanmar coast. The UN refugee agency UNHCR and IOM reported that over 500 people are feared dead. These hazardous routes through the Andaman Sea remain some of the deadliest in the world.





