Connect with us

Kerala

ഹജ്ജ് അപേക്ഷാ തീയതി നീട്ടണം, കോഴിക്കോട് വലിയ വിമാനങ്ങള്‍ അനുവദിക്കണം: മന്ത്രി എന്‍ ഷംസുദ്ദീന്‍

ഹജ്ജ് അപേക്ഷാ തീയതി ആഗസ്റ്റ് 15 വരെയെങ്കിലും നീട്ടണം. ഹജ്ജ് യാത്രക്കാര്‍ക്കായി വലിയ വിമാനങ്ങള്‍ക്ക് കോഴിക്കോട് അനുമതി നല്‍കണം.

Published

|

Last Updated

തിരുവനന്തപുരം | പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞ പല ഹാജിമാരുടേയും പാസ്‌പോര്‍ട്ട് പുതുക്കി ലഭിക്കാത്ത സാഹചര്യത്തില്‍ ഹജ്ജ് അപേക്ഷാ തീയതി ആഗസ്റ്റ് 15 വരെയെങ്കിലും നീട്ടണമെന്ന് സംസ്ഥാന വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ ഹജ്ജ് വഖ്ഫ് വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയത്തോടും ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയോടും അഭ്യര്‍ഥിച്ചു.

പാസ്‌പോര്‍ട്ട് കാലാവധി തീര്‍ന്നവരുടെ പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് വേണ്ടി സംസ്ഥാനം നേരത്തെ കേന്ദ്ര മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹാജിമാര്‍ക്കായി പ്രത്യേക സംവിധാനം ഉണ്ടാക്കാനുള്ള നിര്‍ദേശം പാസ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്ക് ഈയടുത്ത് മാത്രമാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ ഇനിയും കുറെ പേര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കാനുണ്ട്. ഈ സാഹചര്യത്തിലാണ് അപേക്ഷാ തീയതി നീട്ടി നല്‍കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചത്. കൂടാതെ, ഹാജിമാര്‍ ഏറെയും കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നാണ് പോകാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ കോഴിക്കോട്ട് വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാത്തത് മൂലം മറ്റ് വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് യാത്രാനിരക്ക് കോഴിക്കോട് കൂടുതലാണെന്നതും ഹാജിമാരെ പ്രയാസത്തിലാക്കുന്നു. പ്രശ്‌ന പരിഹാരത്തിനായി ഹജ്ജ് യാത്രക്കാര്‍ക്കായി വലിയ വിമാനങ്ങള്‍ക്ക് കോഴിക്കോട് അനുമതി നല്‍കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് മന്ത്രി അഭ്യര്‍ഥിച്ചു.

ഹാജിമാര്‍ക്ക് ഇപ്രാവശ്യം വിതരണം ചെയ്ത സ്മാര്‍ട്ട് വാച്ച് നിലവാരം കുറഞ്ഞതും ഉപയോഗശൂന്യവുമാണ്. അതിനാല്‍ ഹാജിമാരില്‍ നിന്ന് ഇതിനായി ഈടാക്കിയ പണം തിരികെ നല്‍കാന്‍ സംവിധാനം ഒരുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഭക്ഷണകാര്യത്തില്‍ ഹാജിമാര്‍ ഒരു പരിധിവരെ തൃപ്തരാണെങ്കിലും സ്ത്രീകള്‍ മാത്രം അടങ്ങിയ ഗ്രൂപ്പിലെ ഹാജിമാര്‍ ഉള്‍പ്പെടെ പലര്‍ക്കും പ്രയാസം നേരിട്ടിട്ടുണ്ട്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തി ഹാജിമാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഭക്ഷണത്തിനുള്ള സംവിധാനമുണ്ടാക്കണമെന്നും, കേരള ഭക്ഷണം വിതരണം ചെയ്യാന്‍ വേണ്ട സംവിധാനമൊരുക്കാന്‍ കേരള ഹജ്ജ് കമ്മിറ്റിക്ക് അനുമതി നല്‍കണമെന്നുമുള്ള ആവശ്യവും മന്ത്രി ഉന്നയിച്ചു.

ആരോഗ്യ കാര്യം ഹജ്ജില്‍ അനിവാര്യ ഘടകമാണ്. അതുകൊണ്ടുതന്നെ ഇത് സംബന്ധമായ മെഡിക്കല്‍ പരിശോധനകളും ഒഴിവാക്കാന്‍ പറ്റാത്തതാണ്. എന്നാല്‍, രണ്ടു ഘട്ടങ്ങളിലായി സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ഒരേ കാര്യത്തില്‍ മെഡിക്കല്‍ പരിശോധനകള്‍ നടത്തുന്നത് പല ഹാജിമാര്‍ക്കും പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ആരോഗ്യ കാര്യത്തില്‍ തുടക്കത്തില്‍ ഒരു സത്യവാങ്മൂലം വാങ്ങുകയും പിന്നീട് കുത്തിവെപ്പിനൊപ്പം വിശദമായ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്ന സംവിധാനം ഉണ്ടാക്കുകയും ചെയ്താല്‍ ഹാജിമാര്‍ക്ക് വളരെയേറെ ഉപകാരപ്രദമാകും. പുതിയ യുഗത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തി ഹാജിമാര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമിച്ച കേന്ദ്ര മന്ത്രാലയത്തോടും കേന്ദ്ര ഹജ്ജ് കമ്മിറ്റിയോടും മന്ത്രി നന്ദി അറിയിച്ചു.

Content Highlights:
Kerala Minister N Shamsuddeen has urged authorities to extend the deadline for submitting Hajj applications. He also demanded the immediate resumption of large aircraft operations at Calicut Airport. This move aims to facilitate smoother travel for thousands of pilgrims from the Malabar region.

 

---- facebook comment plugin here -----

Latest