Kerala
ന്യൂനപക്ഷങ്ങളോടും മതനിരപേക്ഷ സമൂഹത്തോടുമുള്ള വഞ്ചന; വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ സര്‍ക്കാറിനെതിരെ സി പി എം
സര്‍ക്കാര്‍ യോജിക്കുന്നോ എന്ന ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന്, 'സര്‍വ്വാത്മനാ പിന്തുണക്കുന്നു' എന്നാണ് അഡ്വക്കേറ്റ് ജനറല്‍ മറുപടി നല്‍കിയത്.
തിരുവനന്തപുരം | ബി ജെ പിയുടെ വര്‍ഗീയ അജണ്ടക്കനുസരിച്ച് വഖ്ഫ് ബോര്‍ഡ് പുനസ്സംഘടിപ്പിച്ചു കാള്ളാമെന്ന് ഹൈക്കോടതിയില്‍ നിലപാടെടുത്ത യു ഡി എഫ് സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം. ന്യൂനപക്ഷങ്ങളോടും കേരളത്തിലെ മതനിരപേക്ഷ സമൂഹത്തോടുമുള്ള കടുത്ത വഞ്ചനയാണിതെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജിന്റെ ഹരജിയിലെ ആവശ്യമനുസരിച്ച് വഖ്ഫ് ബോര്‍ഡ് പുനസ്സംഘടിപ്പിക്കാമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ചിരിക്കുന്നത്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സ്വീകരിക്കുന്ന ഓരോ നയപരമായ നിലപാടിലും സംഘ്പരിവാര്‍ അജണ്ട വ്യക്തമായി തെളിയുകയാണെന്നും സി പി എം സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
ബി ജെ പി സര്‍ക്കാറിന്റെ വഖ്ഫ് നിയമഭേദഗതിക്കെതിരെ എല്‍ ഡി എഫ് സര്‍ക്കാര്‍ നേരത്തെ നിയമസഭയില്‍ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍, അധികാരത്തിലെത്തിയപ്പോള്‍ ബി ജെപി അനുകൂല നിലപാടിലേക്ക് യു ഡി എഫ് മാറിയത് ഏത് ഡീലിന്റെ ഭാഗമായാണെന്ന് സി പി എം ചോദിച്ചു. മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള യു ഡി എഫ് ഘടകകക്ഷികള്‍ ഈ നിലപാട് അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. വഖ്ഫ് വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാട് എന്തെന്ന് ലീഗ് അടക്കമുള്ളവര്‍ ജനങ്ങളോട് തുറന്നുപറയണം. മുസ്‌ലിം ലീഗിനെ പിന്തുണക്കുന്ന സാമുദായിക സംഘടനകളും ഈ വിഷയത്തില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തേണ്ടതുണ്ടെന്നും സി പി എം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഹരജിയില്‍ സര്‍ക്കാര്‍ യോജിക്കുന്നുവോ എന്ന ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന്, ‘സര്‍വാത്മനാ പിന്തുണക്കുന്നു’ എന്നാണ് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ മറുപടി നല്‍കിയത്. ഇത് ബി ജെ പിയുമായി നേരത്തെയുണ്ടാക്കിയ ധാരണയുടെ തുടര്‍ച്ചയാണെന്ന് വ്യക്തമാണ്. സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ നിര്‍ദേശിക്കുന്നവരെ വൈസ് ചാന്‍സലര്‍മാരായും സിന്‍ഡിക്കേറ്റ് അംഗങ്ങളായും നിയമിക്കുന്നു. ‘പി എം ശ്രീ’ പദ്ധതിയിലും ബി ജെ പിക്ക് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങി. ദേവസ്വം കേസുകള്‍ കൈകാര്യം ചെയ്യാന്‍ ആര്‍ എസ് എസുകാരനെ പ്ലീഡറായി നിയമിച്ചു. മറ്റ് നിയമകാര്യ തസ്തികകളിലും ബി ജെ പിക്കാര്‍ക്ക് യഥേഷ്ടം അവസരങ്ങള്‍ നല്‍കുന്നു. ‘കേരളം ഭരിക്കുന്നത് ബി ജെ പിയാണോ’ എന്ന എ ഐ സി സി നേതാവിന്റെ ചോദ്യം വി ഡി സതീശന്‍ സര്‍ക്കാര്‍ അനുദിനം അന്വര്‍ഥമാക്കുകയാണെന്നും സി പി എം സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.
Content Highlights:
The CPM has openly criticized the Kerala government regarding the Waqf Board issue, calling its stance a betrayal of minorities and secular values. The party raised concerns over the administration of Waqf properties and called for a fair resolution. This development marks a major shift in the state’s political landscape.


