Connect with us

National

വ്യവസായി വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു; ആത്മഹത്യ കുറിപ്പില്‍ ബിജെപി എംഎല്‍എക്കെതിരെ ആരോപണം

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കാറില്‍ വെടി വെച്ചു മരിച്ച നിലയില്‍ പ്രദീപിനെ കണ്ടെത്തിയത്

Published

|

Last Updated

ബെംഗളൂരു  | ബെംഗളൂരുവില്‍ വ്യവസായി സ്വയം വെടിയുതിര്‍ത്ത് മരിച്ചു. അമ്പളിപുര വൈറ്റഫീല്‍ഡില്‍ താമസിക്കുന്ന പ്രദീപ് എസി (47) യാണ് ജീവനൊടുക്കിയത്. ബിജെപി എംഎല്‍എ അടക്കമുള്ള ആറ് പേര്‍ തന്നെ ചതിച്ചതില്‍ വിഷമിച്ചാണ് താന്‍ ജീവനൊടുക്കുന്നതെന്ന് പറയുന്ന ആത്മഹത്യ കുറിപ്പ് ലഭിച്ചതായി പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ കഗ്ഗളിപുര പോലീസ് കേസെടുത്തു.

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കാറില്‍ വെടി വെച്ചു മരിച്ച നിലയില്‍ പ്രദീപിനെ കണ്ടെത്തിയത്. എട്ട് പേജുള്ള ആത്മഹത്യ കുറിപ്പില്‍ ബിജെപി എംഎല്‍എ അരവിന്ദ് ലിംബാവലിയുടെ പേരു്ം മറ്റ് ചിലരുടെ പേരുകളുമുണ്ട്.

2010 മുതല്‍ 2013 വരെയുള്ള കാലഘട്ടങ്ങളില്‍ ലിംബാവലിയുടെ സാമൂഹ മാധ്യമ അക്കൗണ്ടുകള്‍ പ്രദീപ് കൈകാര്യം ചെയ്തിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞയാളുകളുടെ നിര്‍ബന്ധത്തില്‍ ഇയാള്‍ 2018ല്‍ ബെംഗളൂരുവിലെ ഒരു ക്ലബ്ബില്‍ 1.2 കോടി രൂപ നിക്ഷേപിച്ചിരുന്നു. ക്ലബ്ബില്‍ ജോലി ചെയ്യുന്നതിന്റെ ശമ്പളം ഉള്‍പ്പടെ ഓരോ മാസവും മൂന്നു ലക്ഷം രൂപ തിരികെ നല്‍കാമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പണം ഒന്നും ലഭിച്ചില്ല.

താന്‍ കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെ പ്രദീപ് ബിജെപി എംഎല്‍എ അരവിന്ദ് ലിംബാവലിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ എംഎല്‍എ മറ്റുള്ളവരെ പിന്തുണച്ച് സംസാരിച്ചുവെന്നാണ് പ്രദീപിന്റെ ആത്മഹത്യ കുറിപ്പില്‍ ആരോപിക്കുന്നത്. പണം തിരിച്ച് ലഭിക്കാത്തതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് പോലീസ് വ്യക്തമാക്കി. ലിംബാവലിക്ക് പുറമെ ഗോപി കെ, സോമയ്യ, ജി രമേശ് റെഡ്ഡി, ജയറാം റെഡ്ഡി, രാഘവ ഭട്ട് എന്നിവരുടെ പേരുകളാണ് പ്രദീപ് ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിക്കുന്നത്.

 

Latest