Connect with us

Ongoing News

പുരുഷ, വനിതാ ടി20 ലോകകപ്പ്: സമ്മാനത്തുക തുല്യമാക്കി ഐ സി സി

യു എ ഇയില്‍ ഒക്ടോബറില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പ് മുതലാണ് ഇത് പ്രാബല്യത്തിലാക്കുക.

Published

|

Last Updated

ന്യൂഡല്‍ഹി | ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ചാമ്പ്യന്മാരാകുന്ന പുരുഷ, വനിതാ വിഭാഗങ്ങളിലെ സമ്മാനത്തുക തുല്യമാക്കി കൊണ്ടുള്ള ചരിത്രപരമായ തീരുമാനവുമായി ഐ സി സി. യു എ ഇയില്‍ ഒക്ടോബറില്‍ നടക്കുന്ന വനിതാ ലോകകപ്പ് മുതലാണ് ഇത് പ്രാബല്യത്തിലാക്കുക.

വനിതാ ടി20 ലോകകപ്പ് വിജയികള്‍ക്ക് 2.34 മില്യണ്‍ ഡോളര്‍ (19.5 കോടി രൂപ) സമ്മാനമായി നല്‍കുമെന്നും കായിക ചരിത്രത്തിലെ നാഴികക്കല്ലാണിതെന്നും ഐ സി സി പ്രസ്താവനയില്‍ അറിയിച്ചു. പുരുഷ ടീമിന് തുല്യമായി വനിതാ ടീമുകള്‍ക്കും സമ്മാനത്തുക നല്‍കാനുള്ള തീരുമാനമെടുക്കുന്നതും ചരിത്രത്തില്‍ ആദ്യമാണ്.

2023 ജൂലൈയില്‍ നടന്ന ഐ സി സി വാര്‍ഷിക സമ്മേളനത്തിലായിരുന്നു സമ്മാനത്തുക തുല്യമാക്കാനുള്ള തീരുമാനമെടുത്തത്. 2030ല്‍ പരിഷ്‌കാരം നടപ്പില്‍ വരുത്താനാണ് ഐ സി സി തീരുമാനിച്ചിരുന്നതെങ്കിലും പിന്നീടത് നേരത്തെയാക്കാമെന്ന് നിലപാടിലേക്ക് എത്തുകയായിരുന്നു.

പരിഷ്‌കരണ നടപടി പ്രകാരം 2.34 ദശലക്ഷം യു എസ് ഡോളറാണ് വരുന്ന ടി20 ലോകകപ്പ് മുതല്‍ നല്‍കുക. ദക്ഷിണാഫ്രിക്കയില്‍ നടന്ന 2023 വനിതാ ലോകകപ്പ് ചാമ്പ്യന്മാര്‍ക്ക് നല്‍കിയതിനെക്കാള്‍ 134 ശതമാനം അധിക തുകയാണിത്. ഒരു ദശലക്ഷം ഡോളറാണ് (എട്ടുകോടി) കഴിഞ്ഞ തവണ ചാമ്പ്യന്മാരായ ആസ്‌ത്രേലിയക്ക് ലഭിച്ചിരുന്നത്. റണ്ണറപ്പുകള്‍, സെമി ഫൈനലിസ്റ്റുകള്‍ എന്നിവര്‍ക്ക് ലഭിക്കുന്ന തുകയിലും വര്‍ധന വരുത്തിയിട്ടുണ്ട്. റണ്ണേഴ്സ് അപ്പിന് 1.17 ദശലക്ഷം യു എസ് ഡോളറും (14 കോടി) സെമിയില്‍ തോല്‍ക്കുന്ന രണ്ട് ടീമുകള്‍ക്ക് 6,75,000 യു എസ് ഡോളറു (അഞ്ചര കോടി) മാണ് സമ്മാനത്തുകയായി ലഭിക്കുക.

ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ വിജയത്തിനും ടീമിന് 31,154 യു എസ് ഡോളര്‍ (26,11, 155 രൂപ) നേടാനാകും.
കൂടാതെ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുന്ന ടീമുകള്‍ക്കും ഗ്രൂപ്പ് സ്റ്റേജില്‍ പുറത്താകുന്ന ടീമുകള്‍ക്കും തുക വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 78 ശതമാനമാണ് വര്‍ധന. എല്ലാ സമ്മാനത്തുകയും കൂടി ചേര്‍ത്താല്‍ 79,58,080 യു എസ് ഡോളര്‍ (66.5 കോടി രൂപ) ഐ സി സി ചെലവഴിക്കും. 2023-ലേതിനേ (2.45 ദശലക്ഷം യു എസ് ഡോളര്‍-20,53,40,747 രൂപ) ക്കാള്‍ 225 ശതമാനമാണ് വര്‍ധന.

 

 

 

 

 

Latest