Connect with us

Editorial

രാഹുല്‍ ഗാന്ധിയുടെ യാത്രകള്‍ സഫലമാകട്ടെ

തിരഞ്ഞെടുപ്പ് അട്ടിമറിയടക്കം നടക്കുന്നുവെന്ന ആശങ്ക ജനാധിപത്യ വിശ്വാസികളെ കുറച്ചൊന്നുമല്ല ആധിയിലാക്കുന്നത്. ജനാധിപത്യത്തിന്റെ സംരക്ഷകരായി മനുഷ്യര്‍ തെരുവിലുണ്ടാകുകയെന്നത് മാത്രമാണ് പോംവഴി. ഭാരത് ജോഡോ യാത്ര പോലെ വോട്ടര്‍ അധികാര്‍ യാത്രയും ആ ദൗത്യം നിര്‍വഹിക്കാന്‍ ശ്രമിക്കുന്നുണ്ട്.

Published

|

Last Updated

രാഹുല്‍ ഗാന്ധി നയിച്ച വോട്ടര്‍ അധികാര്‍ യാത്ര ബിഹാറിന്റെ മുക്കിലും മൂലയിലും പൗരബോധത്തിന്റെയും ജനാധിപത്യ ജാഗ്രതയുടെയും സന്ദേശം പ്രസരിപ്പിച്ച് ഉജ്ജ്വല റാലിയോടെ സമാപിച്ചിരിക്കുന്നു. പാറ്റ്‌നയിലെ ഗാന്ധി മൈതാനിയില്‍ നിന്ന് തുടങ്ങി ബാബാ സാഹെബ് അംബേദ്കര്‍ പാര്‍ക്കിലാണ് റാലി സമാപിച്ചത്. ഗാന്ധി മുതല്‍ അംബേദ്കര്‍ വരെ. 16 ദിവസത്തിനിടയില്‍ 25 ജില്ലകളിലെ 110 അസംബ്ലി മണ്ഡലങ്ങളിലൂടെ വോട്ടര്‍ അധികാര്‍ യാത്ര കടന്നുപോയി. 1,300 കിലോമീറ്റര്‍ പിന്നിട്ടാണ് യാത്ര പാറ്റ്‌നയില്‍ സമാപിച്ചത്.
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ്സിന്റെ ഉന്നത നേതാവുമായ രാഹുല്‍ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രചാരണ യാത്രയായി മാത്രം ചുരുക്കി കാണാവുന്ന ഒന്നല്ല വോട്ടര്‍ അധികാര്‍ യാത്ര. ഇന്ത്യ സഖ്യത്തിന്റെ നേതാക്കളെല്ലാം സജീവമായി പങ്കെടുത്ത ആ യാത്രയില്‍ രാജ്യത്താകെയുള്ള വ്യത്യസ്ത രാഷ്ട്രീയ കക്ഷികളിലെയും പൗരസംഘടനകളിലെയും നേതാക്കള്‍ അണിനിരന്നു. യാത്ര മുന്നോട്ട് വെച്ച മുദ്രാവാക്യങ്ങള്‍ രാജ്യത്തുടനീളം പ്രകമ്പനം സൃഷ്ടിച്ചു. അനുകൂലിച്ചോ പ്രതികൂലിച്ചോ ആകട്ടെ മാധ്യമങ്ങളെല്ലാം ആ ജനമുന്നേറ്റം ചര്‍ച്ച ചെയ്തു. പ്രധാനമന്ത്രിക്കും ഭരണസഖ്യത്തിലെ ഉന്നതര്‍ക്കും അതു സംബന്ധിച്ച് പ്രതികരണങ്ങള്‍ നടത്തേണ്ടി വന്നു. സ്വതന്ത്ര ഇന്ത്യ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ച ജനാധിപത്യ, ബഹുസ്വര ദേശീയതാ മൂല്യങ്ങള്‍ അതിവേഗം കവര്‍ന്നെടുക്കപ്പെടുന്നുവെന്ന ആശങ്കയുള്ള മുഴുവന്‍ മനുഷ്യരും ഏറെ പ്രതീക്ഷയോടെയാണ് വോട്ടര്‍ അധികാര്‍ യാത്രയെ കണ്ടത്. ആസന്നമായ ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വലിയ ചലനമുണ്ടാക്കാന്‍ യാത്രക്ക് സാധിച്ചേക്കാം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവിടെ നടപ്പാക്കിവരുന്ന തീവ്ര വോട്ടര്‍പ്പട്ടിക പരിഷ്‌കരണ നടപടികള്‍ ഏത് നിലയിലാണ് വോട്ടിംഗിനെ ബാധിക്കാന്‍ പോകുന്നത് എന്നതിനനുസരിച്ചിരിക്കും രാഹുലിന്റെ യാത്ര സാധ്യമാക്കുന്ന രാഷ്ട്രീയ പ്രഹരം.

രണ്ട് അര്‍ഥത്തില്‍ ഈ യാത്രക്ക് കൈയടിക്കാവുന്നതാണ്. യാത്ര ഉന്നയിച്ച വിഷയങ്ങളുടെ പ്രസക്തി തന്നെയാണ് ആദ്യത്തേത്. വോട്ട് കൊള്ളയെന്ന പ്രയോഗം ഇന്ന് രാജ്യത്ത് സജീവ ചര്‍ച്ചാ വിഷയമാണ്. തെളിവ് സഹിതം, ആര്‍ക്കും മനസ്സിലാകും വിധം, ശരിയായ ഗൃഹപാഠങ്ങളുടെയും ദീര്‍ഘകാല വിവര ശേഖരണത്തിന്റെയും പിന്‍ബലത്തോടെ രാഹുല്‍ ഗാന്ധി രാജ്യത്തിന് മുന്നില്‍ വെച്ച ചില വസ്തുതകളുണ്ട്. ആ വാര്‍ത്താ സമ്മേളനം മാധ്യമ ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട ഒന്നായിരുന്നു. കര്‍ണാടകയിലെ ഒറ്റ ലോക്‌സഭാ മണ്ഡലവും (ബെംഗളൂരു സെന്‍ട്രല്‍) അതിലുള്‍പ്പെടുന്ന ഒരു നിയമസഭാ മണ്ഡലവും (മഹാദേവപുര) മാത്രമാണ് “വോട്ട് ചോരി’ വിവരണത്തിനായി രാഹുലും സംഘവും കണക്കിലെടുത്തത്. വിചിത്രമായ വിലാസങ്ങളില്‍ നൂറുകണക്കിന് വോട്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തി. പലര്‍ക്കും വിലാസമില്ലെന്നും പുറത്ത് വന്നു. വ്യാജങ്ങളുടെ ഘോഷയാത്ര. മണ്ഡലത്തിലെ മറ്റെല്ലാ നിയമസഭാ മണ്ഡലങ്ങളിലും പിന്നോട്ട് പോയ എന്‍ ഡി എ ഒറ്റയിടത്തെ അസ്വാഭാവികമായ ഭൂരിപക്ഷത്തില്‍ ജയിച്ചു കയറിയെന്ന ആരോപണം ശക്തമായി ഉന്നയിക്കപ്പെട്ടു. അതോടെ ഇരട്ട വോട്ടുകളുടെയും കൃത്രിമമായി ചേര്‍ത്ത വോട്ടുകളുടെയും നിരവധി കഥകള്‍ രാജ്യത്താകെ ഉയര്‍ന്നുവന്നു. കേരളത്തിലെ തൃശൂരില്‍ നിന്നും വന്നു റിപോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അമ്പയറല്ല ഒരു ടീമിലെ കളിക്കാരന്‍ തന്നെയാണ് എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. അത് മറികടക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രസക്തമായ ഒരു ചോദ്യത്തിനും ഉത്തരമില്ലാതെ കമ്മീഷണര്‍മാര്‍ കുഴങ്ങി. രാഹുലിനെ താക്കീത് ചെയ്യാനും വെല്ലുവിളിക്കാനുമാണ് അവര്‍ മുതിര്‍ന്നത്. തിര. കമ്മീഷനെ രാഷ്ട്രീയ പാര്‍ട്ടികള്‍ അവിശ്വസിക്കുന്ന സ്ഥിതി സംജാതമായത് ദൗര്‍ഭാഗ്യകരമാണെന്ന് സുപ്രീം കോടതിക്ക് പറയേണ്ടി വന്നു.

ബിഹാറില്‍ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ എന്ന പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കുന്ന വോട്ടര്‍പ്പട്ടിക പരിഷ്‌കരണത്തില്‍ 65 ലക്ഷത്തിലധികം പേര്‍ പുറത്താകുമെന്നാണ് റിപോര്‍ട്ട്. ആധാര്‍ പോലുള്ള രേഖകള്‍ സ്വീകരിക്കാതെയും ആവശ്യത്തിന് സമയം നല്‍കാതെയും രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ പുനഃപരിശോധനാ അപേക്ഷകള്‍ സ്വീകരിക്കാതെയും പട്ടികയില്‍ നിന്ന് ആളുകളെ പുറത്താക്കാനുള്ള പ്രക്രിയയായി എസ് ഐ ആറിനെ മാറ്റിയെന്ന ആക്ഷേപം ശക്തമാണ്. സുപ്രീം കോടതിയില്‍ പോയത് കൊണ്ട് മാത്രമാണ് കമ്മീഷന്‍ ചില ഇളവുകള്‍ക്ക് സന്നദ്ധമായത്. വോട്ട് ചോരിയുടെ മറ്റൊരു മുഖമായി ബിഹാര്‍ മാറുന്ന ഘട്ടത്തില്‍ രാഹുല്‍ ഉയര്‍ത്തിയ മുദ്രാവാക്യം ഏറെ പ്രസക്തമാകുന്നു.

ലോകത്താകെ ജനാധിപത്യ വ്യവസ്ഥിതി വലിയ വെല്ലുവിളി നേരിടുകയാണ്. പേരിന് ജനാധിപത്യമുള്ളിടത്ത് തന്നെ തീവ്രവലതുപക്ഷ കക്ഷികളാണ് ശക്തരായി വരുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലും തിരഞ്ഞെടുപ്പ് അട്ടിമറിയടക്കം നടക്കുന്നുവെന്ന ആശങ്ക ജനാധിപത്യ വിശ്വാസികളെ കുറച്ചൊന്നുമല്ല ആധിയിലാക്കുന്നത്. ജനാധിപത്യത്തിന്റെ സംരക്ഷകരായി മനുഷ്യര്‍ തെരുവിലുണ്ടാകുകയെന്നത് മാത്രമാണ് പോംവഴി. ജനാധിപത്യത്തിന്റെ ഗ്യാരണ്ടി ജനങ്ങളാണ്. അവരെ ചെറുത്തുനില്‍പ്പിലേക്ക് ആനയിക്കാന്‍ പര്യാപ്തമായ മുദ്രാവാക്യങ്ങളുണ്ടാകുകയും നയിക്കാന്‍ ജനസമ്മതിയുള്ള നേതാവുണ്ടായിരിക്കുകയും സര്‍വ സംവിധാനവും ഉപയോഗിച്ച് ആശയപ്രചാരണം നടക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ജനാധിപത്യ ധ്വംസനങ്ങളെ നേരിടാനാകൂ. ഭാരത് ജോഡോ യാത്ര പോലെ വോട്ടര്‍ അധികാര്‍ യാത്രയും ആ ദൗത്യം നിര്‍വഹിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് കൂടി ആ ഉദ്യമത്തിന് ജയ് വിളിക്കാം. തുടര്‍ച്ചയുണ്ടാകണമെന്ന് ആഗ്രഹിക്കാം. രാഹുല്‍ പറഞ്ഞ ഹൈഡ്രജന്‍ ബോംബിന് കാത്തിരിക്കാം.