From the print
ജി എസ് ടി സ്ലാബ് മാറ്റം; നഷ്ടം നികത്തില്ല
കേരളത്തിന്റെ ആവശ്യം തള്ളി. നികുതി സ്ലാബ് ഇനി രണ്ട്

ന്യൂഡല്‍ഹി | ജി എസ് ടിയിലെ നികുതിഘടന നാല് സ്ലാബില്‍ നിന്ന് രണ്ടാക്കി മാറ്റിയതോടെ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കാന്‍ നടപടി വേണമെന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചില്ല. ഇക്കാര്യം കഴിഞ്ഞ ദിവസം ചേര്‍ന്ന ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ കേരളം, ഹിമാചല്‍പ്രദേശ്, ഝാര്‍ഖണ്ഡ്, കര്‍ണാടക, പഞ്ചാബ്, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ ആവശ്യപ്പെട്ടെങ്കിലും വിഷയം ഗൗരവമായി പരിഗണിക്കാന്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തയ്യാറായില്ല. ആവശ്യം അംഗീകരിക്കാനോ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
അഞ്ച്, 12, 18, 28 ശതമാനം സ്ലാബുകളായിരുന്ന ജി എസ് ടി ഘടന അഞ്ച്, 18 ശതമാനം സ്ലാബുകള്‍ മാത്രമാക്കുന്നതാണ് പരിഷ്‌കരണം. യോഗത്തില്‍ നഷ്ടപരിഹാരത്തിന്റെ പേരില്‍ തര്‍ക്കമുണ്ടായി. നികുതി കുറക്കുന്നത് ആര്‍ക്ക് ഗുണം ചെയ്യുമെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും നികുതി കുറയുമ്പോള്‍ കമ്പനികള്‍ ഉത്പന്നത്തിന്റെ വില കൂട്ടി ലാഭം കൊയ്യാറുണ്ടെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളമുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളും പരിഷ്‌കരണത്തെ സ്വാഗതം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
2,500 കോടിയുടെ നഷ്ടം
പുതിയ ഘടന നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും വരുമാനനഷ്ടമുണ്ടാകും. ഓട്ടോമൊബൈല്‍, സിമന്റ്, ഇലക്ട്രോണിക്സ്, ഇന്‍ഷ്വറന്‍സ് എന്നീ നാല് മേഖലകളില്‍ മാത്രം കേരളത്തിന് 2,500 കോടി രൂപയുടെ നഷ്ടമുണ്ടാകും. വില കുറയുമ്പോള്‍ ഉപഭോഗം വര്‍ധിക്കും, അതിലൂടെ വരുമാനനഷ്ടം പരിഹരിക്കപ്പെടുമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഇക്കാര്യത്തില്‍ ഒരു പഠനവും നടത്തിയിട്ടില്ലെന്ന് സംസ്ഥാന ധനമന്ത്രി പറഞ്ഞു. നോട്ടുനിരോധനം പോലെ ജനകീയ പ്രഖ്യാപനമല്ല, പഠനം നടത്തിയാണ് പ്രഖ്യാപനം വേണ്ടതെന്നും മന്ത്രി ആവശ്യപ്പെട്ടു. പുകയില പോലെയുള്ള ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം നികുതിയെന്ന തീരുമാനമുണ്ടാകുമ്പോള്‍, ശേഷിക്കുന്ന തുക സംസ്ഥാനങ്ങള്‍ക്ക് നല്‍കാതെ കേന്ദ്രം കൈവശം വെക്കും.
ലോട്ടറി നികുതി ബാധിക്കും
ലോട്ടറി നികുതി 28 ശതമാനമായി തുടരണമെന്ന ആവശ്യം അംഗീകരിച്ചില്ല. നികുതി 40 ശതമാനമെന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് ഒന്നര ലക്ഷത്തോളം സാധാരണക്കാരെ ബാധിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. ലോട്ടറി മേഖല നേരിടാന്‍ പോകുന്ന പ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേക യോഗം വിളിക്കും. ജി എസ് ടി ഇല്ലായിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷം കേരളത്തിന് 60,000 കോടിയോളം വരുമാനം ലഭിക്കുമായിരുന്നു. കഴിഞ്ഞ വര്‍ഷം ലഭിച്ച വരുമാനം 32,773 കോടി മാത്രമാണെന്ന് മന്ത്രി വിശദമാക്കി.