Connect with us

masters group scam

മാസ്‌റ്റേഴ്‌സ് ഗ്രൂപ്പ് ഓഹരി തട്ടിപ്പ്; പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

200 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് നിഗമനം.

Published

|

Last Updated

കാക്കനാട് | മാസ്‌റ്റേഴ്‌സ് ഗ്രൂപ്പ് ഓഹരി തട്ടിപ്പ് കേസിലെ പ്രതി എബിന്‍ വര്‍ഗീസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യത്തെ മുഴുവന്‍ എയര്‍പോര്‍ട്ടുകളിലും സീ പോര്‍ട്ടുകളിലും ഇമിഗ്രേഷന്‍ ഓഫീസുകളിലും ഇയാളുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ സഹിതം വിവരമറിയിച്ചിട്ടുണ്ടെന്ന് തൃക്കാക്കര എ സി പി. പി വി ബേബി വ്യക്തമാക്കി. അതേസമയം ഇയാള്‍ രാജ്യം വിട്ടോ എന്ന കാര്യത്തിലും അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഒടുവില്‍ ലഭിച്ച ഫോണ്‍ രേഖകള്‍ നെടുമ്പാശേരിയില്‍ നിന്നായതാണ് സംശയത്തിന് ആസ്പദം.

തൃക്കാക്കര ഭാരത് മാതാ കോളജിന് സമീപം പ്രവര്‍ത്തിച്ചിരുന്ന മാസ്‌റ്റേഴ്‌സ് ഗ്രൂപ്പ് ഫിന്‍കോര്‍പ്പ് ധനകാര്യ സ്ഥാപനത്തിനും ഉടമ എബിന്‍ വര്‍ഗീസിനുമെതിരെ നാല്‍പതോളം പേരായിരുന്നു പരാതിയുമായി പോലീസിനെ സമീപിച്ചത്. തിങ്കളാഴ്ച മുതലാണ് പരാതി പ്രളയം ആരംഭിച്ചത്. 30 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി കണക്കാക്കിയായിരുന്നു അന്വേഷണം ആരംഭിച്ചതെങ്കിലും 200 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് നിഗമനം. ഭാര്യയുടെ പേരിലും കേസെടുത്തിട്ടുണ്ടെങ്കിലും പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ലുക്ക്ഔട്ട് നോട്ടീസ് തയ്യാറാക്കിയിട്ടില്ല.

ഇയാളുടെ ബന്ധുക്കളെ കണ്ടെത്തിയ ശേഷം വീട്ടിലും ഓഫീസിലും പരിശോധന നടത്തി കംപ്യൂട്ടര്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്. സ്ഥാപനത്തില്‍ പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു എന്ന് ആരോപിക്കുന്ന ബേങ്ക് ജീവനക്കാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം മാസ്‌റ്റേഴ്‌സ് ഗ്രൂപ്പിലെ ജീവനക്കാര്‍ക്ക് തട്ടിപ്പില്‍ പങ്കില്ല എന്ന നിഗമനത്തിലാണ് നിലവില്‍ പൊലീസുള്ളത്.
ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭം നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ഓഹരി വിപണിയില്‍ ഇടനിലക്കാരായിട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.

2014 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനി കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് പൂട്ടിയ നിലയില്‍ കണ്ടെത്തിയത്. അടുത്ത കാലം വരെ കൃത്യമായി ലഭിച്ചുകൊണ്ടിരുന്ന ലാഭവിഹിതം വൈകാന്‍ തുടങ്ങിയതോടെയാണ് നിക്ഷേപകര്‍ക്ക് സംശയം തോന്നിത്തുടങ്ങിയത്. പണം നഷ്ടപ്പെടുമെന്ന ഭീതിയില്‍ കൂടുതല്‍ പേര്‍ എത്തിത്തുടങ്ങിയതോടെയാണ് സ്ഥാപനം അടച്ചുപൂട്ടിയത്. വിദേശത്ത് നിന്ന് ഉള്‍പ്പടെ കൂടുതല്‍ പേര്‍ പരാതിയുമായി വിളിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.