Connect with us

Travelogue

മാര്‍ബിള്‍ പൊടിക്കാറ്റ്‌

വീരൻ തന്നെ വഴിയിൽ കണ്ടവൻ. ദൗസ ജില്ലയിലൂടെ നിർത്താതെ ഓടിയ ബസ്സിലിരുന്നു കണ്ടത് തികച്ചും വത്യസ്തമായ കാഴ്ചയായിരുന്നു. അത് ജീവനുള്ള അനുഭവം മാതിരി മനസ്സിൽ തുടിക്കാൻ പാകത്തിലാക്കിയത് എന്താണ്?

Published

|

Last Updated

ഗ്ര – ജയ്പൂർ നാഷനൽ ഹൈവേ 21 ലൂടെ ഉച്ചകഴിഞ്ഞുള്ള പകൽയാത്രയിലായിരുന്നു സംഭവങ്ങൾ. ഹൈവേയുടെ ഇരുവശത്തും വിളവെടുപ്പു കഴിഞ്ഞ പാടങ്ങൾ. അതിലേക്ക് പറന്നിറങ്ങുന്ന ആവിക്കാറ്റ്. പുറംചൂടിൽ തിളയ്ക്കുന്ന പരിസരങ്ങളിൽ ആകെ കൗതുകം നൽകിയത് ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന സാലവൃക്ഷങ്ങളുൾപ്പെടെ അടിമുടി തിളിർത്ത മരങ്ങളായിരുന്നു. അവ വേനൽ തിളപ്പിന്റെ കാഠിന്യം കുറച്ചുവോ?

കുളിർമ നൽകിയ കാഴ്ചകളായിരുന്നു അത്. ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നാലുവരിപ്പാത. അതിനപ്പുറത്ത് ദൃഷ്ടിയിൽ ചുരുങ്ങിക്കിട്ടാത്ത ചക്രവാളം വരെ നീളുന്ന വിശാലമായ കാഴ്ചയിൽ മഴ പെയ്യുന്നത് എപ്രകാരമായിരിക്കും? തണുത്തു വിറങ്ങലിപ്പിക്കുന്ന അനുഭവത്തിനായി ഒരു വേണ്ടാതീനം എന്ന മട്ടിൽ വേനൽച്ചൂടിൽ വെറുതെ ആഗ്രഹിച്ചുപോയി.

സായാഹ്നത്തിലേക്ക് സമയം കടന്നു. വാഹനം ഭരത്പൂർ കഴിഞ്ഞു. രാജസ്ഥാനിലെ ഭരത്പൂർ പക്ഷിസങ്കേതത്തിന്റെ പരിധിയിൽ വരാൻ സാധ്യതയുള്ള ആകാശത്തിനു കീഴെയാണിപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് എന്ന തോന്നലോടെ, മാനത്ത് പലവർണങ്ങളിൽ, രൂപങ്ങളിൽ ദേശാടനക്കിളികൾ വരുമോ? ബസിന്റെ വിശാലമായ ജനാലയിലൂടെ ആകാശത്തിലേക്ക് നോക്കി. ഹൈവേയിൽ നിന്നും വെറും പത്തൊന്പത് കിലോമീറ്ററുകൾ അകലെയാണ് ഭരത്പൂർ പക്ഷിസങ്കേതം. ഗൂഗിൽ മാപ്പ് നോക്കി ദിക്ക് തീർപ്പാക്കി ദേശാടനക്കിളികളുടെ കാഴ്ചക്കായി കൊതിച്ചിരുന്നു.

തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലൂടെ യാത്രചെയ്യുമ്പോൾ മാനത്ത് വട്ടമിട്ടു പറക്കുന്ന ദേശാടനക്കിളികൾ കൂടുകൂട്ടുന്നത് നാങ്കുനേരിയിലെ കൂന്തംകുളം സങ്കേതത്തിലാണ്. അതു മാതിരിയൊരു സാധ്യത. ചിലപ്പോൾ അപ്രതീക്ഷിതമായി ചിലത് മാനത്ത് സംഭവിക്കാം.
ചിത്രം മാറിയത് പൊടുന്നനെയാണ്. റോഡിന് ഇരുവശത്തും മാർബിൽ പണിത്തരങ്ങൾ, കൊത്തുപണികൾ, ശിൽപ്പങ്ങൾ എന്നിവ നിരത്തിയ കടകൾ. ചെറിയ കടകൾ നിറഞ്ഞ് അവയങ്ങ് മുറ്റത്തും കൂടിക്കിടക്കുകയാണ്. ശിൽപ്പഗ്രാമത്തിലെ ചന്തപോലെ ആ വിൽപ്പനശാലകൾ കാഴ്ചക്കൗതുകമായി. വീടുനിർമാണത്തിനുള്ള മാർബിൾ പാളികളുണ്ട്. കൊത്തിയെടുത്ത ജാളികൾ മറ്റൊരു കൂട്ടം. വെളുത്തതും ചുവന്നതും അങ്ങനെ പല നിറങ്ങളിൽ. വലിയ കെട്ടിടങ്ങളുടെ ടെറസ്സിലും ഹോട്ടൽ ലോബികളിലും ഉറപ്പിച്ച ആരാധനാലയങ്ങൾ കണ്ടിട്ടില്ലേ. അതു മാത്രമല്ല. ഒത്ത വലിപ്പത്തിലുള്ള മാർബിൽ കോവിലുകൾ കടകളുടെ മുന്നിൽ നിരന്നുകിടന്നു. ആർക്കും വരാം തിരഞ്ഞെടുക്കാം. അലങ്കാരമായി എളുപ്പത്തിൽ സ്ഥാപിക്കാം.

അധികം വണ്ടിയോടിയില്ല. ചായ കുടിക്കാൻ ഏതാണ്ട് അഞ്ചുമണി നേരത്ത് ആ ധാബയിൽ കയറിയതാണ്. ഭോജനശാലക്ക് തീരെ പകിട്ടുണ്ടായിരുന്നില്ല. നരച്ച കസാലകൾ. തൊട്ടു പുറകിൽ കണ്ടുപോന്ന വഴിയോരത്തെ കൊത്തുപണികൾ നിറഞ്ഞ കാഴ്ചയിടം ഏതാണ്? ദേശ നാമം? അതു മനസ്സിൽ അടയാളമിടാതിരിക്കുന്നതെങ്ങനെ? അതിനെ കുറിച്ച് ആകപ്പാടെ സംസാരിക്കാൻ തുനിഞ്ഞത് ത്രിഫുൽ ഗുജ്ജാർ എന്ന ധാബയുടെ വളപ്പിലെ പെട്ടിക്കടക്കാരനാണ്. അയാളുടെ അഭിപ്രായത്തിൽ അത് രാജസ്ഥാനിലെ ദൗസ ജില്ലയിൽ പെടുന്നു. ആ ഇടത്തിന് പ്രത്യേകിച്ചൊരു പേര്? ചിലപ്പോൾ കാണില്ലായിരിക്കാം. ഉത്തരേന്ത്യൻ വ്യവസ്ഥകൾ പലതും വേറിട്ടതാണല്ലോ. അങ്ങനെ ആശ്വസിക്കാൻ മാത്രമേ അപ്പോൾ സാധ്യമായിരുന്നുള്ളു.

ചായയുടെ ഇടനേരത്ത് ഡാബയുടെ പുറകിലെ പാടത്തിൽ കാഴ്ചക്ക് പോയ ഞങ്ങളുടെ കൂട്ടത്തിലെ സഞ്ചാരികൾ കൊയ്ത്ത് കഴിഞ്ഞ നിലത്തിൽ നിന്നും പെറുക്കിയെടുത്ത ഗോതമ്പ് കതിരും വിരൽവണ്ണത്തിൽ മുരിങ്ങക്ക നീളത്തിലുള്ള കക്കരിക്കകളുമായി വന്നു. ഏതാണ്ട് രണ്ടുകിലോക്കടുത്ത് കക്കരിക്കയുടെ വില? അതു വാങ്ങണമെന്ന കാര്യത്തിൽ അവർക്ക് തീരെ നിർബന്ധമുണ്ടായിരുന്നില്ല. പക്ഷേ കൃഷിക്കാരികൾ ഫോട്ടോക്ക് വിമുഖരായിരുന്നത്രേ! ശരിയാണ് കുറച്ച് കഴിഞ്ഞ് റോഡിലേക്ക് വന്ന സ്ത്രീ അപരിചിതരുടെ സാന്നിധ്യത്തിൽ സാരിത്തുമ്പ് വലിച്ച് മുഖം മറച്ചുകളഞ്ഞു.

മുന്നറിയിപ്പ് മാതിരി കാറ്റു ശക്തമായി വീശി. തറയിൽ നിന്നും പൊടി ഉത്സാഹത്തോടെ അതിനൊപ്പം ഞങ്ങളിതാ പോണേയെന്ന ഭാവത്തിൽ പാറിപ്പറന്നു. പൊടിപടലങ്ങൾ മുന്നോട്ട് നീങ്ങി. കാറ്റേ! പൊടിപടലമേ! ആഗ്രക്ക് പോകുകയാണോ? അങ്ങനെ ചോദിക്കാതിരിക്കാനായില്ല. ധാബയുടെ ടാർപ്പായ ഉശിരൻ പൊടിക്കാറ്റിൽ വല്ലാതെ അടിയുലഞ്ഞു. കാറ്റടങ്ങുമ്പോൾ ടാർപ്പായ കീറിയിരുന്നത് നന്നായി ശ്രദ്ധിക്കാനായി. ഈ പ്രകൃതി പ്രതിഭാസം ഇവിടെ സ്വാഭാവികമാണ് എന്ന തോന്നൽ അതുണ്ടാക്കി. കൂടുതൽ കാക്കാതെ മൂക്കും പൊത്തി വണ്ടിക്കുള്ളിൽ കയറിയിരുന്നു.
ബസ് ഓടിക്കയറിയ അടുത്ത പ്രധാന സ്ഥലം സിക്കന്തരയാണ്. ഒരൽപ്പം പട്ടണച്ഛായയുള്ള അതു തൊട്ടടുത്താണ്. മുമ്പ് കണ്ട മാർബിൾ രാജ്യത്തിന്റെ തുടർച്ചയാണ്. ആ ചെറുപട്ടണം മാർബിൾ ശിൽപ്പ തലസ്ഥാനമാണ് എന്നു തോന്നിപ്പിച്ചു. ഹൈവേയുടെ ഇരുഭാഗത്തും അവിടെയും മാർബിൾ ശിൽപ്പ വിപണന സ്ഥാപനങ്ങൾ നിരനിരയായി നിന്നു.

മരുഭൂമിയിൽ മഴക്കും കാറ്റിനും കൊതിച്ചവനു മുന്നിൽ മറ്റൊരു പ്രതിഭാസം അരങ്ങേറാൻ തുടങ്ങിയിരുന്നു. മാനം കറക്കുക, ഇടിമിന്നൽ ഇങ്ങനെ മുന്നൊരുക്കങ്ങളും അടയാളങ്ങളൊന്നുമില്ലാത്ത ആദ്യാനുഭവമായിരുന്നതിനാൽ ആകാംക്ഷാപൂർവം അടുത്ത എപ്പിസോഡ് എന്താകും എന്ന ഉത്ക്കണ്ഠയോടെ കാത്തു, കണ്ടു തന്നെ അനുഭവിച്ചു.
അന്നേരത്ത് നാട്ടിലെ സന്ധ്യമഴയാണ് വന്നു നിറഞ്ഞത്. അങ്ങനെ തോന്നിപ്പിച്ചു. ഇരുട്ടു വരുന്നു. മഴ അലച്ച് പെയ്യുന്നു. ഹൈവേയിലെ യാത്രാവേളയിൽ അത്തരത്തിലുള്ള പെയ്ത്ത് അതൊരു ഉന്മാദാവസ്ഥയാണ്. മഴ മണിക്കൂറുകൾ അതപ്പാടെ അലിഞ്ഞ് ഇരുട്ടുമായി ചേർന്ന് രാത്രി പിറക്കുന്നതാണ് തുടർന്നുണ്ടാകുന്നത്. ഇവിടെ എന്താണു സംഭവിക്കാനുള്ളത്. കണ്ണാടിച്ചില്ലു ജനാലകളുള്ള ബസ്സിലിരിക്കെ എതിരെ മഴപ്പാച്ചിൽ. അകമ്പടിയായി അല്ലെങ്കിൽ മഴക്ക് മുന്നേ പായുന്ന കാറ്റ്. അത് ചീറ്റിപ്പായുമ്പോൾ അനുബന്ധ കാഴ്ചകളായി. ഉലയുന്ന മാമരങ്ങൾ. മഴത്തുള്ളികളെ വാരിപ്പിടിച്ച് നിലത്തേക്ക് ആരോ എറിയുന്നതുപോലെ. കാറ്റിനോടും മഴയോടും പടവെട്ടി നമ്മുടെ വാഹനം പതുക്കെ മുന്നോട്ട്. വാഹനം വിമ്മിട്ടപ്പെടുന്നുണ്ട്. മഴ മുന്നിൽ നിന്നും വരുന്നു, അത് റോഡിലൂടെ പിന്നോട്ട് വേഗത്തിൽ. അത്തരത്തിൽ വാഹനത്തിലെ മഴക്കാഴ്ച ഉയരമുള്ള കുന്നിൽ നിന്നും താഴ്‌വരയാകെ പടരുന്ന വിശാലമായ മഴക്കാഴ്ചക്ക് സമമാണ്. ആ നിമിഷങ്ങളിൽ മനസ്സ് നാട്ടിലായിരുന്നു.

ആടി ഉലയുന്ന കാറ്റ്. ഇവിടെ മഴയെ മാറ്റി പൊടിയെ സങ്കൽപ്പിക്കുക. അതാണു ജയ്പൂരിലേക്കുള്ള യാത്രയിൽ ഉണ്ടായത്. സിക്കന്തര മുതൽ തുടങ്ങിയ കാഴ്ചാനുഭവമായി മാറി. ഏതാണ്ട് മൂക്കാൽ മണിക്കൂർ യാത്രയിൽ സംഭവിച്ചത് അതായിരുന്നു. വമ്പൻ കാറ്റ് നിലത്തു നിന്നും പൊടി, മണൽ സംയുക്തങ്ങളെ ചുഴറ്റിയെടുത്തു. എടുക്കാഭാരം. എന്നിട്ടും താഴെയിടാതെ പറത്തിക്കൊണ്ടു വലിഞ്ഞു. പ്രവാഹം നിലയ്ക്കുന്നില്ല. മുന്നിൽ നിന്നും കാറ്റ് അനസ്യൂതം മണൽ നിറച്ചതുമായി തള്ളിവരുന്നുണ്ടായിരുന്നു. പൊടിക്കാറ്റ് ചുറ്റിലും. അതു ചക്രവാളത്തിനെ മൂടി. ഇരുൾ നിറക്കുന്നതായി തോന്നി. പക്ഷിമൃഗാദികൾ മഴ തട്ടാതെ, പൊടിയിൽ മുങ്ങിപ്പോകാതെ ചുരുണ്ടു. കിതച്ചു. ആലപറ്റാൻ വെമ്പുന്ന പശുക്കൾ. വഴി മുടങ്ങി ചില ഗോവുകൾ വൃക്ഷങ്ങൾക്കു ചുവട്ടിൽ പതുങ്ങി തലകുനിച്ച് നിന്നു. ഇതാണ് രാജസ്ഥാനിലെ പൊടിക്കാറ്റ്. അഥവാ സാൻഡ് സ്റ്റോം കാഴ്ചകൾ. അറിയാതെ ചുണ്ടുകൾ പലതവണ ആവർത്തിച്ചു.

സിക്കന്തര മുതൽ തുടർന്നുള്ള മുക്കാൽ മണിക്കൂറുകളോളം വാഹനത്തിനു പുറത്ത് അരങ്ങേറിക്കൊണ്ടിരുന്നത് അപൂർവ കാഴ്ചയായിരുന്നു. വിവിധ സ്ഥലങ്ങളെ എങ്ങനെ പൊടിക്കാറ്റ് വിഴുങ്ങുന്നു അതിനോടുള്ള ജനജീവിത പ്രതികരണങ്ങൾ സഞ്ചരിച്ചു കാണാനുള്ള അപൂർവാവസരവും സഞ്ചാരവേള ഒരുക്കിത്തന്നു. അങ്ങനെയാണ് അതൊരു മറക്കാ യാത്രയായി പരിണമിച്ചത്. മഴയുടെ മാതിരി പൊടിക്കാറ്റിന് ഒച്ചയും ആരവവുമുണ്ടോ? അതറിയാൻ നിവൃത്തിയുണ്ടായിരുന്നില്ല. എ സിയുടെ മുഴക്കം മാത്രം.

ആദ്യം കൗതുകം, പിന്നെ ഭയത്തിനു വഴിമാറി. പൊടിവിതറി അന്തരീക്ഷം അപ്പാടെ ഭീതിമാറുമ്പോൾ മഴകൊണ്ടിടുന്ന വിമ്മൽ പൊടിക്കാറ്റിനും ഉണ്ടെന്നു തോന്നിപ്പോയി. സ്‌കൂട്ടർ യാത്രക്കാർ വണ്ടിയിൽ നിന്നിറങ്ങി. അടമഴയിൽ വെള്ളക്കെട്ടിൽ പതറിപ്പോകുന്നതു മാതിരി പതുക്കെ സ്‌കൂട്ടർ ഉന്തിത്തള്ളി നടന്നു. പുറകിലെ സീറ്റിലെ സഹയാത്രക്കാരിയും മുഖമപ്പാടെ മറച്ച് പിൻ നടത്തം തുടർന്നു.

ഈ മരുക്കാറ്റിനെ ഹിന്ദിയിൽ ആന്തിയെന്നാണ് അറിയപ്പെടുന്നത്. അത് തൂഫാനല്ല (കൊടുങ്കാറ്റ്). കാറ്റൊടുങ്ങിയപ്പോൾ വിശദീകരണവും സഹയാത്രികനിൽ നിന്നും കിട്ടി.
പിറ്റേന്ന് പത്രങ്ങളും ഞങ്ങൾ കണ്ട പൊടിക്കാറ്റിന്റെ വിക്രസങ്ങളെ കുറിച്ച് പറഞ്ഞു. ഹൈവേയിൽ ഓടിപ്പോയതു കണ്ടതു മാതിരി ആ കാറ്റ് പാറിപ്പറന്ന് ഡൽഹിൽ ചെന്നു. അവിടെയും കരുത്ത് കാട്ടി. ആളെ പേടിപ്പിക്കാൻ വമ്പൻ കെട്ടിടങ്ങളെ കുലുക്കിയത്രേ! വിമാനത്താവളത്തിൽ വമ്പിച്ച കുട്ടീശരങ്ങൾ ഉണ്ടാക്കി. നാന്നൂറ്റി അമ്പതിൽപ്പരം വിമാനങ്ങളുടെ യാത്ര വൈകിപ്പിച്ചു. അമ്പതെണ്ണത്തിനെ വഴിതിരിച്ചു വിടാൻ അതിനു സാധിച്ചു.

വീരൻ തന്നെ വഴിയിൽ കണ്ടവൻ. ദൗസ ജില്ലയിലൂടെ നിർത്താതെ ഓടിയ ബസ്സിലിരുന്നു കണ്ടത് തികച്ചും വത്യസ്തമായ കാഴ്ചയായിരുന്നു. അത് ജീവനുള്ള അനുഭവം മാതിരി മനസ്സിൽ തുടിക്കാൻ പാകത്തിലാക്കിയത് എന്താണ്?

ഓർമകളിൽ കുരുങ്ങി കൂട്ടുവരുന്ന കൗതുകങ്ങൾക്ക് പിന്നിൽ മറ്റുചിലതു കൂടിയുണ്ട്. പഴകാല ഓർമകൾ ഇഴപിരിച്ചാൽ അതു വെളിപ്പെടുന്നതാണ്. നവ്യാനുഭവത്തെ മനസ്സിലെ അടിത്തട്ടിലുള്ള പഴയ അനുഭവത്തിന്റെ അനുബന്ധമായി വിളക്കിച്ചേർക്കാൻ കഴിഞ്ഞാൽ! ജീവിതാനുഭവത്തിലെ പട്ടികയിൽ അതിനെയും കൂട്ടിച്ചേർക്കാനാകും.

Latest