Connect with us

From the print

മല്ലു ഹിന്ദു ഓഫീസേഴ്സ് ഗ്രൂപ്പ്: വ്യവസായ വകുപ്പ് സെക്രട്ടറിയോട് വിശദീകരണം തേടും

വ്യവസായ വകുപ്പ് സെക്രട്ടറി കെ ഗോപാലകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ സൈബര്‍ പോലീസ് അന്വേഷണം നടത്തുന്നതോടൊപ്പം വിഷയത്തില്‍ ഗോപാലകൃഷ്ണന്റെ വിശദീകരണം തേടാനാണ് നീക്കം.

Published

|

Last Updated

തിരുവനന്തപുരം | ‘മല്ലു ഹിന്ദു ഓഫ്’ വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ വിശദീകരണം തേടും. വ്യവസായ വകുപ്പ് സെക്രട്ടറി കെ ഗോപാലകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ സൈബര്‍ പോലീസ് അന്വേഷണം നടത്തുന്നതോടൊപ്പം വിഷയത്തില്‍ ഗോപാലകൃഷ്ണന്റെ വിശദീകരണം തേടാനാണ് നീക്കം. വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദമായ പശ്ചാത്തലത്തില്‍ വ്യവസായ മന്ത്രിയും വിശദീകരണം തേടും. സംഭവം വിവാദമായതിന് പിന്നാലെ തന്റെ ഫോണ്‍ ഹാക്ക് ചെയ്ത് ആരോ ഗ്രൂപ്പുണ്ടാക്കിയെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഗോപാലകൃഷ്ണന്‍ നല്‍കിയ പരാതിയാണ് സൈബര്‍ പോലീസ് അന്വേഷിക്കുന്നത്. വിഷയം പരിശോധിച്ച ശേഷം നടപടിയെടുക്കണമെന്ന് വകുപ്പു മന്ത്രി നിര്‍ദേശിച്ചതിന് പിന്നാലെ കേസെടുത്ത് അന്വേഷണം നടത്താന്‍ സൈബര്‍ പോലീസ് നടപടികള്‍ സ്വീകരിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ മുതിര്‍ന്ന ഹിന്ദു ഐ എ എസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്. വ്യവസായ വകുപ്പ് സെക്രട്ടറി കെ ഗോപാലകൃഷ്ണന്‍ അഡ്മിനായ ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്തിയതോടെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഗ്രൂപ്പില്‍ അംഗങ്ങളായ ഉദ്യോഗസ്ഥര്‍ക്ക് ഗോപാലകൃഷ്ണന്‍ സന്ദേശം അയക്കുന്നത്.

‘ഹിന്ദു ഓഫീസേഴ്സ്’ വാട്സ്ആപ്പ് ഗ്രൂപ്പിന് പിന്നാലെ ‘മുസ്ലിം ഓഫീസേഴ്സ്’ ഗ്രൂപ്പും ആരംഭിച്ചെന്നും വാര്‍ത്ത പുറത്തുവന്നിരുന്നു. ഹിന്ദു ഉദ്യോഗസ്ഥരെ ചേര്‍ത്ത് വാട്സ്ആപ്പ് ഗ്രൂപ്പ് രൂപവത്കരിച്ച വിവരം പുറത്തായതിന് ഏതാനും മണിക്കൂറുകള്‍ക്കു പിന്നാലെയാണ് പുതിയ പരാതി. ‘മല്ലു മുസ്ലിം ഓഫ്’ എന്ന പേരിലാണ് പുതിയ ഗ്രൂപ്പ്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും പുറത്തുവന്നിട്ടുണ്ട്. എ ഡി ജി പി. എം ആര്‍ അജിത് കുമാര്‍ ആര്‍ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് മതാടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ ചേര്‍ത്തുള്ള ഗ്രൂപ്പിനെ ചൊല്ലി വിവാദം കൊഴുക്കുന്നത്. മതസ്പര്‍ധയുള്‍പ്പെടെ ഗൗരവതരമായ പ്രശ്നമായതിനാല്‍ പോലീസ് അന്വേഷണ റിപോര്‍ട്ടിന് ശേഷമായിരിക്കും സര്‍ക്കാര്‍ തുടര്‍ നടപടികളിലേക്ക് കടക്കുക.

വാട്‌സ്ആപ്പിന് കത്ത് നൽകി
തിരുവനന്തപുരം | ഹിന്ദു ഐ എ എസ് ഉദ്യോഗസ്ഥരുടെ പേരിൽ “ഹിന്ദു മല്ലു ഓഫ്’ എന്ന പേരിൽ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ അന്വേഷണത്തിന്റെ ഭാഗമായി വാട്‌സ്ആപ്പിന് കത്ത് നൽകി സൈബർ പോലീസ്. ഗോപാലകൃഷ്ണന്റെ വാട്‌സ്ആപ്പ് ഹാക്ക് ചെയ്തതിന്റെ തെളിവ് തേടിയാണ് കത്ത് നൽകിയത്. മറുപടി ലഭിച്ച ശേഷം കേസെടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ഗോപാലകൃഷ്ണന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തും. നിലവിൽ കൃത്യമായ തെളിവില്ലെന്നിരിക്കെ പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും കേസെടുക്കുക.