Kerala
മലയാളി റെയില്‍വേ ജീവനക്കാരിക്കു പീഡനം;അന്വേഷണം പുരോഗമിക്കുന്നു
പ്രതി പെയിന്റിംഗ് തൊഴിലാളിയെന്നു സംശയം

പാലക്കാട് | മലയാളി റെയില്‍വേ ജീവനക്കാരി തമിഴ്‌നാട് തെങ്കാശിയില്‍ ലൈംഗികാതിക്രമണത്തിനിരയായ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.
പെയിന്റിംഗ് തൊഴിലാളിയാണ് പ്രതിയെന്ന നിഗമനത്തിലാണ് പാവൂര്‍ ഛത്രം പോലീസ്. പ്രദേശത്തെ പെയിന്റിങ് തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. നിരവധി പെയിന്റിങ് തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തു. അക്രമി തമിഴ് സംസാരിക്കുന്ന ആളായിരുന്നു. ഗാര്‍ഡ് റൂമില്‍ കടന്നു കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഇയാളുടേതെന്ന് സംശയിക്കുന്ന ചെരുപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു. ചെരുപ്പില്‍ പെയിന്റിന്റെ അംശം കണ്ടെത്തി. ഇതാണ് പ്രതി പെയിന്റിങ് തൊഴിലാളിയെന്ന സംശയിക്കാന്‍ കാരണം.
പീഡനത്തിന് വഴങ്ങണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്നും അക്രമി ഭീഷണിപ്പെടുത്തി. യുവതിയുടെ ശരീരമാസകലം ക്ഷതമേറ്റ പാടുകളുണ്ട്. യുവതിക്ക് സംസാരിക്കാന്‍ കഴിയുന്നില്ല. രണ്ടു പേരുടെ സഹായം ഉണ്ടെങ്കില്‍ മാത്രമേ യുവതിക്ക് എണീറ്റ് നില്‍ക്കാന്‍ കഴിയുള്ളൂ. ജോലി സ്ഥലത്ത് സുരക്ഷയുണ്ടായിരുന്നില്ലെന്നു യുവതിയുടെ കുടുംബം ആരോപിച്ചു.