Editors Pick
മഹാ ഹുസൈനി; നിർഭയ പത്രപ്രവർത്തനത്തിന്റെ ഫലസ്തീൻ മുഖം
വലതുപക്ഷ ഭീഷണിക്ക് വഴങ്ങി മഹാ ഹുസൈനിക്ക് ഇന്‍റര്‍നാഷണല്‍ വിമന്‍സ് മീഡിയ ഫെഡറേഷൻ നൽകിയ കറേജ് ഇന്‍ ജേണലിസം അവാർഡ് പിൻവലിച്ചു

‘വാസ്തവത്തിൽ, എനിക്ക് നല്‍കിയ അവാർഡ് ഇപ്പോള്‍ പിൻവലിക്കുന്നതിലൂടെ, ഫലസ്തീനിലെ പത്രപ്രവർത്തകർ അവരുടെ കരിയറിൽ ഉടനീളം ശാരീരികവും ധാർമ്മികവുമായ ചിട്ടയോടെ പുലര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടുന്ന പ്രതിഫലവും പിന്തുണയും എന്താണെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞതില്‍ ഞാൻ വളരെ സന്തോഷവതിയാണ്. ഈ ഭീഷണികളും സ്വഭാവഹത്യകളും ലക്ഷ്യമിടുന്നത് നമ്മളെ നിശബ്ദരാക്കാനും ആഗോള മാധ്യമങ്ങളിൽ ദീർഘകാലമായി നിലനിൽക്കുന്ന പക്ഷപാതത്തെ നീതികരിച്ച് ശാശ്വതമാക്കാനും വേണ്ടിയാണ്. അവാർഡുകൾ ലഭിക്കാൻ വേണ്ടി ഞാൻ ഒരിക്കലും പ്രവർത്തിച്ചിട്ടില്ല, അല്ലെങ്കിൽ എന്നെത്തന്നെ നാമനിർദ്ദേശം ചെയ്യാൻ ഞാൻ ഒരു അപേക്ഷ പോലും സമർപ്പിച്ചിട്ടില്ല. അതിനുമപ്പുറം പത്രപ്രവർത്തനം ഒരു തൊഴിലായി ഞാൻ തിരഞ്ഞെടുത്തിട്ടുപോലുമില്ല. ഒരു ജനതയെന്ന നിലയില്‍ ഫലസ്തീനികളുടെ കഷ്ടപ്പാടുകൾ ലോകം എത്രത്തോളം അവഗണിക്കുന്നുവെന്നും ഇസ്റാഈൽ സമ്മർദങ്ങൾക്ക് അനുസൃതമായി പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്നും തിരിച്ചറിഞ്ഞ ശേഷമാണ് ഞാൻ ഒരു പത്രപ്രവർത്തകയാകുന്നത്’ -ഫലസ്തീനിലെ പത്രപ്രവര്‍ത്തകയായ മഹ ഹുസ്സൈനിയുടെ വാക്കുകളാണിത്.
യുദ്ധരംഗത്തെ ദയനീയമായ ചില കാഴ്ചകള്‍ ന്യൂസ് സ്റ്റോറിയാക്കി പുറംലോകത്ത് എത്തിച്ചിരുന്നു മഹ. യുദ്ധരംഗത്ത് നിന്നുകൊണ്ടുള്ള ധീരമായ പത്രപ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി ജൂണ്‍ പത്തിന് സ്ത്രീകളുടെയും നോൺബൈനറി ജേണലിസ്റ്റുകളുടെയും സമഗ്ര ആവശ്യങ്ങൾക്കായി രൂപീകരിച്ച ആഗോള സംഘടനയായ ഇന്‍റര്‍നാഷണല്‍ വിമന്‍സ് മീഡിയ ഫെഡറേഷൻ മഹ ഹുസ്സൈനിക്ക് അവരുടെ കറേജ് ഇന്‍ ജേണലിസം അവാർഡ് നല്‍കിയിരുന്നു. ജൂൺ 10-ന്, ഐഡബ്ല്യുഎംഎഫ്, തങ്ങളുടെ കറേജ് ഇൻ ജേർണലിസം അവാർഡ് ലഭിച്ച മൂന്ന് പേരിൽ ഒരാളാണ് ഹുസൈനിയെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഹമാസ് ആക്രമണത്തിന് ശേഷം കഴിഞ്ഞ വർഷം ഒക്ടോബർ 7 മുതൽ ഇസ്രായേൽ സൈന്യം തുടർച്ചയായ വിനാശകരമായ ആക്രമണം നടത്തിയ ഗസ്സ മുനമ്പിൽ നിന്നുള്ള സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തതിനാണ് അവാർഡ് .അതിലൂടെ റിപ്പോർട്ടിംഗിലെ ശ്രദ്ധേയമായ ധീരതയെ ബഹുമാനിക്കുന്നതായി സംഘാടകര്‍ പറഞ്ഞിരുന്നു.
എന്നാല്‍ യുഎസിലെ വലതുപക്ഷ ഗ്രൂപ്പുകളും ചില പ്രസിദ്ധീകരണങ്ങളും ഐഡബ്ല്യുഎംഎഫിൻ്റെ തീരുമാനത്തിൽ പ്രതിഷേധിച്ചു രംഗത്ത് വന്നു. ഹുസൈനിയെ “ഹമാസ് അനുഭാവി”, “യഹൂദ വിരോധി” എന്നിങ്ങനെ മുദ്രകുത്തിയായിരുന്നു പ്രതിഷേധം. അതിന് കാരണമായി അവര്‍ പറഞ്ഞത് മഹ ഹുസ്സൈനിയുടെ പഴയ ട്വീറ്റുകളായിരുന്നു. അതില്‍ ഇസ്റാഈലിനെതിരേ പൊരുതുന്ന ഹമാസിനെ മഹ പിന്തുണച്ചിരുന്നു.
പ്രതിഷേധം ശക്തമായതോടെ ജൂൺ 19 ന്, IWMF മറ്റൊരു പ്രസ്താവന ഇറക്കി. “കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, ഞങ്ങളുടെ സംഘടനയുടെ മൂല്യങ്ങൾക്ക് വിരുദ്ധമായി കഴിഞ്ഞ വർഷങ്ങളിൽ മഹാ ഹുസൈനി നടത്തിയ അഭിപ്രായങ്ങളെക്കുറിച്ച് ഐ ഡബ്ല്യൂ എം എഫ് മനസ്സിലാക്കി. തൽഫലമായി, അവര്‍ക്ക് മുമ്പ് നൽകിയിരുന്ന കറേജ് ഇൻ ജേർണലിസം അവാർഡ് ഞങ്ങൾ റദ്ദാക്കുകയാണ്. ധീരതയുള്ള അവാർഡുകളും ഐഡബ്ല്യുഎംഎഫിൻ്റെ ദൗത്യവും എല്ലാ സമഗ്രതയിലും വിഭാഗീയമായ അസഹിഷ്ണുതയോടുള്ള എതിർപ്പിലും അധിഷ്ഠിതമാണ്. ആ തത്ത്വങ്ങൾ പാലിക്കാത്ത കാഴ്ചപ്പാടുകളെയോ പ്രസ്താവനകളെയോ ഞങ്ങൾ അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല” എന്നായിരുന്നു ആ പ്രസ്താവന.
എന്നാല്‍ മഹ ഹുസ്സൈനി ഇതിലൊന്നും ഭയന്നിട്ടില്ല. IWMF ന്‍റെ നടപടി, ഒരു ഒറ്റാണെന്നും തന്നെപോലുള്ള പത്രപ്രവര്‍ത്തകരെ ഇത് കൂടുതൽ അപകടത്തിലാക്കുമെന്നും പറഞ്ഞങ്കിലും ഒരു ഫലസ്തീൻ പൗരയെന്ന തന്‍റെ സ്വത്വത്തെയും തന്‍റെ നിലപാടുകളേയും മറച്ചുവെക്കാന്‍ അവര്‍ തയ്യാറല്ല. പഴയ ട്വീറ്റുകൾ ഉദ്ധരിച്ച് അവർ ഇസ്രായേൽ അധിനിവേശത്തിന് കീഴിലുള്ള തൻ്റെ അനുഭവങ്ങള്‍ വിവരിക്കുകയും അനിവേശത്തിനെതിരായ ചെറുത്തുനിൽപ്പുകള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
മഹ ഹുസൈനി സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചിട്ട വാക്കുകള്‍ ഇങ്ങനെയാണ്:
‘ധീരതയ്ക്കുള്ള ഒരു സമ്മാനം നേടുക എന്നതിനർത്ഥം ആക്രമണങ്ങൾക്ക് വിധേയമാകുകയും അത് പരിഗണിക്കാതെ നിങ്ങളുടെ ജോലി തുടരാൻ തീരുമാനിക്കുകയും ചെയ്യുക എന്നാണ്. എന്നിരുന്നാലും, ഈ അപകടകരമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് എനിക്ക് സമ്മാനം നൽകിയ സംഘടന തന്നെ സമ്മർദ്ദത്തിന് വഴങ്ങി ആശയത്തിന് വിരുദ്ധമായി പ്രവർത്തിക്കാൻ തീരുമാനിച്ചുവെന്ന് പറയേണ്ടിവന്നതില്‍ ഞാൻ ഖേദിക്കുന്നു.
അവാർഡ് റദ്ദാക്കിയ തീരുമാനത്തിലൂടെ അവർ എൻ്റെ ജീവൻ കൂടുതൽ അപകടത്തിലാക്കുകയാണ് ചെയ്തത്’.
മഹ ഹുസ്സൈനി പറയുന്നതിന്‍റെ പൊരുളിതാണ്. ഫലസ്തീനികളായ പത്രപ്രവര്‍ത്തകരെ ഇസ്റാഈലി ഭരണകൂടം ഹമാസിനൊപ്പമാണ് പരിഗണിക്കുന്നത്. ഒരു ഫലസ്തീനിയെന്ന നിലയില്‍ ഇതൊരു യുദ്ധമല്ലെന്നും സ്വന്തം മണ്ണിനെതിരേ , ഒരു നീതിയുമില്ലാത്ത ആക്രമണമാണെന്നും തിരിച്ചറിയുന്നതിനാല്‍ അവര്‍ ഈ വിവരങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന്‍റെ മുമ്പില്‍ കൊണ്ടുവരുന്നത് ഇസ്റാഈലിന് അംഗീകരിക്കാനാവില്ല.ഫലസ്തീനികളായ ഈ പത്രപ്രവർത്തകര്‍ക്കുള്ള അന്താരാഷ്ട്ര സമൂഹത്തിന്‍റ ധാര്‍മ്മിക പിന്തുണകൂടി റദ്ദ് ചെയ്യുന്ന നടപടിയായി മാറിയിരിക്കുന്നു ഐഡബ്ല്യുഎംഎഫിന്‍റെ ഈ നിലപാട്.
മാധ്യമപ്രവർത്തകരെ സംരക്ഷിക്കുന്നതിനുള്ള കമ്മിറ്റിയുടെ കണക്കനുസരിച്ച്, ഒക്ടോബർ 7 മുതൽ 108 ഫലസ്തീൻ പത്രപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. ഗസ്സയിലെ മാധ്യമപ്രവർത്തകർ പ്രത്യേകിച്ച് ഉയർന്ന അപകടസാധ്യതകളെയാണ് അഭിമുഖീകരിക്കുന്നത്. കൂടാതെ വ്യാപകമായ വൈദ്യുതി മുടക്കവും അവരുടെ ജോലി തടസ്സപ്പെടുത്തുന്നു. ഇതിനർത്ഥം പത്രപ്രവര്‍ത്തനത്തിനുള്ള സാഹചര്യം കൂടുതൽ ബുദ്ധിമുട്ടാകുന്നുവെന്നാണ്. കൂടാതെ കൊലപാതകങ്ങൾ, അറസ്റ്റുകൾ, പരിക്കുകൾ എന്നിവയുമായി ബന്ധപ്പെട്ട് 350 ഓളം അധിക കേസുകൾ കമ്മിറ്റി അന്വേഷിച്ചുകൊണ്ടിരിക്കുകയുമാണ്.
ഐഡബ്ല്യുഎംഎഫിൻ്റെ തീരുമാനത്തിനെതിരെ മിഡിൽ ഈസ്റ്റ് ഐയുടെ എഡിറ്റർ-ഇൻ-ചീഫ് ഡേവിഡ് ഹേർസ്റ്റ് പ്രതിഷേധിച്ചു. ഇൻ്റർനാഷണൽ വിമൻസ് മീഡിയ ഫൗണ്ടേഷൻ മഹാ ഹുസൈനിക്കുള്ള കറേജ് ഇൻ ജേർണലിസം അവാർഡ് റദ്ദാക്കുന്നതിൽ ഒട്ടും നീതി കാണിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു യുദ്ധത്തിൻ്റെ മുൻനിരയിൽ, പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര പത്രപ്രവർത്തകയെന്ന നിലയിൽ മഹായുടെ നിലപാടിനെ തകർക്കാനുള്ള ശ്രമത്തേക്കാൾ ഭീകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
(വിവരങ്ങള്‍ക്ക് കടപ്പാട്: ദി വയര്‍)