കെയ്റോ ഡയറി 5
പച്ചപുതച്ച ഗ്രാമക്കാഴ്ചകൾ
കെയ്‌റോയിലെ ഗല്ലികളെ പോലെയല്ല, ഓരോ വീടുകളും തമ്മിൽ അകലമുണ്ട്. വഴിയോരത്ത് ഇടക്കിടെ ചെറിയ കടകൾ കാണാം. മണ്ണും കല്ലുകളും നിറഞ്ഞ, വികസനം ഒട്ടും കടന്നുവരാത്ത മൺപാതകൾ. ഇടക്ക്, ഫലസമൃദ്ധമായ കൃഷിയിടങ്ങൾക്ക് നടുവിലൂടെയുള്ള പാതയിലേക്ക് കയറും. വിശാലമായി പരന്നുകിടക്കുന്ന ചോളക്കൃഷിക്ക് കരിമ്പിൻ കൂട്ടം വലയം നിൽക്കുന്നത് മനോഹരമായ കാഴ്ചയാണ്.
നല്ല വെയിലുള്ള പ്രഭാതം. തുക് തുക്കിൽ നിന്നിറങ്ങിയ ഞങ്ങളെ ആ കുടിലിനുള്ളിലേക്ക് അവർ ആനയിച്ചു. അപരിചിതമായ ഇസ്‌നാ ഗ്രാമത്തിലുള്ളവരുടെ സമീപനം എങ്ങനെയാകുമെന്ന ആശങ്ക ആദ്യം ഉള്ളിലുണ്ടായിരുന്നു. പക്ഷേ, ആതിഥേയരുടെ ഊഷ്മളമായ പുഞ്ചിരിയിലും സ്‌നേഹത്തോടെയുള്ള പെരുമാറ്റത്തിലും ഭയമെല്ലാം അലിഞ്ഞില്ലാതായി. ദീർഘമായ യാത്ര കഴിഞ്ഞെത്തിയത് കൊണ്ട് അൽപ്പം വിശ്രമിച്ച് യാത്രാക്ഷീണം മാറ്റണമെന്നുണ്ട്. അതിന് മുമ്പ് തന്നെ അവർ പ്രഭാതഭക്ഷണം ഒരുക്കിയിരുന്നു.
നിലത്ത് ഒരു പായ വിരിച്ച് ചുറ്റും എല്ലാവരും ഇരുന്നു. കൈ കഴുകാൻ ചെറിയൊരു പാത്രം അടിയിൽ വെച്ച് ഒരാൾ വെള്ളമൊഴിച്ചു തന്നു. ഇത് അറബികളുടെ ആതിഥ്യമര്യാദയുടെ ഭാഗമാണ്. നാടൻ റൊട്ടിക്കൊപ്പം ഉരുളക്കിഴങ്ങ് പുഴുങ്ങി അൽപ്പം മസാല ചേർത്ത ഒരു കറിയും നാട്ടിലെ ചീരയോട് സാമ്യമുള്ള ഇലകൾ കൊണ്ട് തയ്യാറാക്കിയ “മുലൂഖിയ’യും പൊരിച്ച മുട്ടയും സലാഡും നാടൻ ചീസുമാണ് വിഭവങ്ങൾ. ഓരോന്നും എങ്ങനെയാണ് കഴിക്കേണ്ടതെന്ന് അവർ കാണിച്ചു തന്നു. ശേഷം, വേവിച്ച ചോളവും മാമ്പഴവും മുന്തിരിയും കൊണ്ടുവന്നു. ഈജിപ്തിലെത്തിയിട്ട് ആദ്യമായാണ് ഇത്രയും നല്ലൊരു അതിഥി സത്കാരം ലഭിക്കുന്നത്.
ലഗേജുകൾ മുറിയിൽ വെച്ച് പുറത്തേക്കിറങ്ങി. തൊട്ടടുത്തുള്ള വിശാലമായ ഒരു തോട്ടത്തിലേക്കാണ് ഞങ്ങളെ കൊണ്ടുപോയത്. താഴെനിന്ന് കൈകൊണ്ട് പറിച്ചെടുക്കാൻ പറ്റുന്ന വിധത്തിൽ ഈത്തപ്പനകളിൽ കുലകളായി ഈത്തപ്പഴം പഴുത്തു പാകമായി നിൽക്കുന്നു. ഉടമ നിർബന്ധിച്ചതുകൊണ്ട് കുറച്ച് പറിച്ചു കഴിക്കുകയും ബാക്കി കൈയിൽ കരുതുകയും ചെയ്തു. ഞങ്ങൾ കുടിലിൽ തിരിച്ചെത്തി അൽപ്പം വിശ്രമിച്ചു.
ഉച്ചഭക്ഷണം മറ്റൊരിടത്താണ് തയ്യാറാക്കിയിരുന്നത്. ഞങ്ങൾ പുറത്തിറങ്ങി നടന്നു. ഉച്ചവെയിലിൽ ഗ്രാമക്കാഴ്ചകൾക്ക് നല്ല തെളിച്ചമുണ്ട്. ആളുകളെല്ലാം ഒത്തുകൂടുന്ന ചെറിയ ഒരു മൈതാനത്തിനടുത്താണ് നടന്നെത്തിയത്. ഒരു പള്ളിയും ചുറ്റുമായി വീടുകളും. ഒരു മൂലയിൽ നാട്ടിലെ മുതിർന്നവർക്ക് സായാഹ്നം ചെലവഴിക്കാൻ ചെറിയൊരു ഇരിപ്പിടം. ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികളുടെ വരവറിഞ്ഞ് നാട്ടിലെ ഒട്ടേറെ പേരാണ് അവിടെ തടിച്ചുകൂടിയിരിക്കുന്നത്. അവരുടെ സ്‌നേഹവും സന്തോഷവും ഞങ്ങളെ പൊതിഞ്ഞു. അപ്രതീക്ഷിതമായ ആൾക്കൂട്ടം വല്ലാതെ അത്ഭുതപ്പെടുത്തി. ആ നാട്ടിലെ ഏറ്റവും മികച്ചതെന്ന് തോന്നിക്കുന്നൊരു ഭവനത്തിൽ നടന്ന സ്‌നേഹ സത്കാരത്തിൽ ഞങ്ങളും പങ്കുചേർന്നു.
വൈകുന്നേരം നാട്ടുകാഴ്ചകൾ ചുറ്റിക്കാണാൻ സൈക്കിൾ റിക്ഷ ഏർപ്പാട് ചെയ്തു. നബിദിനത്തെ വരവേൽക്കാൻ ചെറുപ്പക്കാരും കുട്ടികളും തിരക്കിട്ട ജോലികളിലായിരുന്നു. വീടിന്റെ ചുമരുകളും വഴികളും പള്ളികളും വർണക്കടലാസുകളും ബൾബുകളും ഉപയോഗിച്ച് അലങ്കരിക്കുന്നു.
ഗ്രാമത്തിലൂടെ നീണ്ടുകിടക്കുന്ന വഴികളുടെ ഇരുവശത്തുമായാണ് വീടുകൾ സ്ഥിതി ചെയ്യുന്നത്. വലിയ ആഡംബരങ്ങളൊന്നുമില്ലാത്ത പഴയ വീടുകൾ. കെയ്‌റോയിലെ ഗല്ലികളെ പോലെയല്ല, ഓരോ വീടും തമ്മിൽ അകലമുണ്ട്. വഴിയോരത്ത് ഇടക്കിടെ ചെറിയ കടകൾ കാണാം. മണ്ണും കല്ലുകളും നിറഞ്ഞ, വികസനം ഒട്ടും കടന്നുവരാത്ത മൺപാതകൾ.
ഇടക്ക്, ഫലസമൃദ്ധമായ കൃഷിയിടങ്ങൾക്ക് നടുവിലൂടെയുള്ള പാതയിലേക്ക് കയറും. വിശാലമായി പരന്നുകിടക്കുന്ന ചോളക്കൃഷിക്ക് കരിമ്പിൻ കൂട്ടം വലയം നിൽക്കുന്നത് മനോഹരമായ കാഴ്ചയാണ്. സമൃദ്ധമായി കായ്ച്ചുനിൽക്കുന്ന ഈത്തപ്പനകൾ, അത്തിപ്പഴം, ചെറുനാരങ്ങ, വാഴപ്പഴം, മൾബറി, പേരക്ക എന്നിങ്ങനെ പലതരം ഫലവൃക്ഷങ്ങൾ പാകമായി നിൽക്കുന്നു.
ഒരു മഖ്ബറയോട് ഓരം ചേർന്ന ചെറിയ പള്ളിക്ക് സമീപം റിക്ഷ നിർത്തി. വർഷങ്ങൾക്കു മുമ്പ് ഖിബ്തികളുമായി യുദ്ധം ചെയ്തു ശഹീദായ ഒരു കൂട്ടം മഹാന്മാരാണ് അവിടെ അന്ത്യവിശ്രമം കൊള്ളുന്നതെന്ന് ഗ്രാമവാസികൾ വിശദീകരിച്ചു. സൂഫികൾ ഏകാന്തവാസം നയിച്ചിരുന്ന ചെറിയൊരു ഗുഹയും അവിടെയുണ്ട്. പോകുന്ന വഴിയിൽ വേറെയും ധാരാളം മഖ്ബറകൾ കണ്ടു. റബീഇനെ വരവേൽക്കാനായി ഗ്രാമം ഒരുങ്ങിക്കഴിഞ്ഞിരുന്നു.
രണ്ട് ദിവസങ്ങൾക്ക് മുമ്പ് തന്നെ ആഘോഷങ്ങൾ തുടങ്ങും. രാത്രിയായാൽ പാട്ടും ബൈത്തും നശീദകളുമായി പുലരുവോളം അവർ സജീവമായിരിക്കും. ആ പരിപാടിയിലേക്കാണ് പ്രധാനമായും ഞങ്ങളെ ക്ഷണിച്ചത്. മുൻഭാഗത്ത് ഞങ്ങളും, ചില മുൻശിദുകളും (നശീദ ചൊല്ലുന്നവർ) ഇരുന്നു. ചുറ്റിലുമായി ഗ്രാമവാസികളും. തൊട്ടടുത്തുള്ള വീടുകൾ സ്ത്രീകളാൽ നിറയും. നശീദ കൊണ്ടാണ് തുടക്കം. മങ്കൂസ് മൗലിദിലെ ചില ബൈത്തുകളും അശ്റഖ ബൈത്തും, ഉറുദു നഅത്തുകളും മലയാളത്തിൽ മദ്ഹ് ഗാനങ്ങളും പാടി ഞങ്ങളും ആ പ്രകീർത്തന രാവിൽ അലിഞ്ഞുചേർന്നു.






