Business
ലുലു ഇനി അഡ്‌നോക്ക് ഹബ്ബുകളിലും; തുറന്നത് അബൂദബി സാദിയത്ത് ഐലന്‍ഡില്‍
വിവിധ അഡ്‌നോക്ക് ഹബ്ബുകളില്‍ നാല് പുതിയ സ്റ്റോറുകള്‍ കൂടി തുറക്കും.
അബൂദബി | ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ ഷോപ്പിങ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി അഡ്‌നോക് ഡിസ്ട്രിബ്യൂഷനുമായി കൈകോര്‍ത്ത് ലുലു. അബൂദബി സാദിയത്ത് ഐലന്‍ഡിലെ അഡ്‌നോക് ഹബ്ബില്‍ ലുലു ഡെയ്‌ലി തുറന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ സാന്നിധ്യത്തില്‍ അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ സി ഇ ഒ. എന്‍ജിനീയര്‍ ബദര്‍ സയീദ് അല്‍ ലംകി ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധ അഡ്‌നോക് ഹബ്ബുകളില്‍ നാല് പുതിയ സ്റ്റോറുകള്‍ കൂടി തുറക്കാന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി, അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ സി ഇ ഒ. എന്‍ജിനീയര്‍ ബദര്‍ സയീദ് അല്‍ ലംകി എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രം ഒപ്പുവച്ചു. അഡ്‌നോക് ഹബ്ബിലെത്തുന്ന വാഹന യാത്രക്കാര്‍ക്ക് മികച്ച സേവനം നല്‍കുക എന്ന ‘ദി ഹബ്ബ് ബൈ അഡ്‌നോക് ‘ പദ്ധതിയുടെ ഭാഗമായാണ് അഡ്‌നോക് ഹബ്ബുകളിലെ ലുലു സ്റ്റോര്‍. റീട്ടെയ്ല്‍ സേവനങ്ങള്‍ക്ക് പുറമേ, ഇലക്ട്രിക്കല്‍ വെഹിക്കള്‍ ചാര്‍ജിങ്്, കാര്‍ സര്‍വീസ് ഏരിയ, റെസ്റ്റോറന്റുകള്‍, കോ വര്‍ക്കിങ് സ്‌പേസ് തുടങ്ങിയവും ‘ദി ഹബ്ബ് ബൈ അഡ്‌നോക്’ പദ്ധതിയുടെ ഭാഗമായി അഡ്‌നോക് ഹബ്ബുകളില്‍ സജ്ജമാക്കുന്നുണ്ട്.
അഡ്‌നോക് ഡിസ്ട്രിബ്യൂഷനുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ ഷോപ്പിങ് ലഭ്യമാക്കുകയാണെന്നും എം എ യൂസഫലി പറഞ്ഞു. യാത്രാവേളയില്‍ പോലും മികച്ച ഷോപ്പിങ് സൗകര്യമാണ് അഡ്‌നോക് ഹബ്ബുകളിലെ ലുലു സ്റ്റോര്‍ നല്‍കുകയെന്നും യുഎഇയുടെ വിഷന്‍ 2031ന് കരുത്തേകുന്നതാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.
ദി ഹബ്ബ് ബൈ അഡ്‌നോക് പദ്ധതിയുടെ പ്രധാനപ്പെട്ട ചുവടുവെപ്പാണ് ലുലുവുമായുള്ള സഹകരണമെന്നും കൂടുതല്‍ മികച്ച സേവനം ഉറപ്പാക്കാന്‍ ലുലുവിന്റെ സേവനം കരുത്തേകുമെന്നും അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ സി ഇ ഒ. എന്‍ജിനീയര്‍ ബദര്‍ സയീദ് അല്‍ ലംകി പറഞ്ഞു.
16,566 സ്‌ക്വയര്‍ ഫീറ്റിലുള്ള ലുലു ഡെയ്‌ലി സ്റ്റോറില്‍ ദൈനംദിന ഉതപ്ന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഉള്ളത്. ഗ്രോസറി, പഴം പച്ചക്കറി, ബേക്കറി, റോസ്ട്രി, പാല്‍ ഉത്പന്നങ്ങള്‍, ഇറച്ചി, സൗന്ദര്യവര്‍ധക വസ്തുക്കള്‍ അടക്കം മികച്ച ശ്രേണിയാണ് ലഭ്യമാക്കിയിരിക്കുന്നത്. സുഗമമായ ഷോപ്പിങിനായി സെല്‍ഫ് ചെക്ക് ഔട്ട് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.
അഡ്‌നോക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ക്ലാസ് മാന്റല്‍, അഡ്‌നോക് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ ജാക്വലിന്‍ എല്‍ബോഗ്ദാദി, അഡ്‌നോക് ചീഫ് ഷെയേര്‍ഡ് സര്‍വീസസ് ആന്‍ഡ് ടെക്‌നിക്കല്‍ ഓഫീസര്‍ സയീദ് അല്‍ അഹ്ബാബി, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷറഫ് അലി, സി ഇ ഒ. സെയ്ഫി രൂപാവാല, ചീഫ് ഓപ്പറേറ്റിങ് ആന്‍ഡ് സ്ട്രാറ്റജി ഓഫീസര്‍ വി ഐ സലിം, മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍, പ്രൊജ്ക്ട് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ടി അബൂബക്കര്‍, അബൂദബി ആന്‍ഡ് അല്‍ ദഫ്ര ഡയറക്ടര്‍ അജയ കുമാര്‍ തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമായി.




