Connect with us

National

ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്

40 വർഷം സൈന്യത്തിൽ സേവനമനുഷ്ഠിച്ച അനിൽ ചൗഹാൻ കഴിഞ്ഞ വർഷമാണ് വിരമിച്ചത്.

Published

|

Last Updated

ന്യൂഡൽഹി | ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാനെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി കേന്ദ്ര സർക്കാർ നിയമിച്ചു. ബിപിൻ റാവത്തിന് ശേഷം രണ്ടാമത്തെ സിഡിഎസ് ആയിരിക്കും അദ്ദേഹം. 40 വർഷം സൈന്യത്തിൽ സേവനമനുഷ്ഠിച്ച അനിൽ ചൗഹാൻ കഴിഞ്ഞ വർഷമാണ് വിരമിച്ചത്. ഇന്ത്യാ ഗവൺമെന്റിന്റെ സൈനിക കാര്യ വകുപ്പിന്റെ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിക്കും. മൂന്ന് സേനാ വിഭാഗങ്ങളുടെയും കോർഡിനേഷനാണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ പ്രധാന ചുമതല.

40 വർഷത്തിലേറെ നീണ്ട കരിയറിൽ അദ്ദേഹം നിരവധി കമാൻഡുകൾ നിർവഹിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെയും വടക്കുകിഴക്കൻ ഇന്ത്യയിലെയും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ വലിയ അനുഭവ സമ്പത്തുള്ളയാളാണ് അദ്ദേഹം.

1961 മെയ് 18 ന് ജനിച്ച ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ 1981 ൽ ഇന്ത്യൻ ആർമിയുടെ 11 ഗൂർഖാ റൈഫിൾസിൽ ചേർന്നു. നാഷണൽ ഡിഫൻസ് അക്കാദമി, ഖഡക്വാസ്ല, ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി എന്നിവിടങ്ങളിലെ പൂർവ്വ വിദ്യാർത്ഥിയാണ് അദ്ദേഹം. മേജർ ജനറൽ റാങ്കിലുള്ള അനിൽ ചൗഹാൻ നോർത്തേൺ കമാൻഡിലെ നിർണായകമായ ബാരാമുള്ള സെക്ടറിലെ ഒരു കാലാൾപ്പട വിഭാഗത്തിന്റെ തലവനായിരുന്നു. പിന്നീട് ലഫ്റ്റനന്റ് ജനറൽ എന്ന നിലയിൽ അദ്ദേഹം നോർത്ത് ഈസ്റ്റിൽ ഒരു കോർപ്സ് നയിച്ചു. തുടർന്ന് 2019 സെപ്റ്റംബർ മുതൽ ഈസ്റ്റേൺ കമാൻഡിന്റെ ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫായി നിയമിതനായ അദ്ദേഹം 2021 മെയ് മാസത്തിലാണ് വിരമിച്ചത്.

2021 ഡിസംബർ 8-ന് തമിഴ്‌നാട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ Mi-17 ഹെലികോപ്റ്റർ അപകടത്തിൽ ജനറൽ ബിപിൻ റാവത്ത് മരിച്ചതോടെയാണ് പുതിയ സിഡിഎസിനെ തിരഞ്ഞെടുത്തത്. ബിപിൻറാവത്തിന്റെ ഭാര്യയും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും അപകടത്തിൽ മരിച്ചിരുന്നു.

ഇന്ത്യൻ സംയുക്ത സായുധ സേനയുടെ തലവനാണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (CDS) എന്നറിയപ്പെടുന്നത്. ഇന്ത്യൻ സൈന്യത്തിലെ ഏറ്റവും ഉയർന്ന റാങ്കിലുള്ള പദവിയാണിത്. പ്രതിരോധ മന്ത്രിയുടെ പ്രിൻസിപ്പൽ സ്റ്റാഫ് ഓഫീസറും ചീഫ് മിലിട്ടറി ഉപദേശകനും കൂടിയായിരിക്കും ഈ പദവി വഹിക്കുന്നയാൾ. സൈനിക കാര്യ വകുപ്പിന്റെ തലവനും സിഡിഎസ് ഉദ്യോഗസ്ഥനാണ്.

Latest