ldf candidate
ലോകസഭാ തിരഞ്ഞെടുപ്പ്; എല്‍ ഡി എഫ് സ്ഥാനാര്‍ഥി പട്ടിക ഈ മാസം പകുതിയോടെ
മുതിര്‍ന്ന നേതാക്കളെ അടക്കം മത്സരിപ്പിച്ച് പരമാവധി സീറ്റുകള്‍ തിരിച്ചുപിടിക്കാനാണ് ഇടത് മുന്നണിയുടെ നീക്കം
തിരുവനന്തപുരം | ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പോരിനിറങ്ങുന്ന എല്‍ ഡി എഫ് സ്ഥാനാര്‍ഥികളെ ഈ മാസം പകുതിയോടെ നിശ്ചയിക്കും. തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ സ്ഥാനാര്‍ഥികളെ കളത്തിലിറക്കുന്ന തരത്തിലായിരിക്കും ഇടതു മുന്നണി തന്ത്രങ്ങള്‍ മെനയുക.
മുതിര്‍ന്ന നേതാക്കളെ അടക്കം മത്സരിപ്പിച്ച് പരമാവധി സീറ്റുകള്‍ തിരിച്ചുപിടിക്കാനാണ് ഇടത് മുന്നണിയുടെ നീക്കം. ഫിബ്രുവരി 10,11,12 തിയതികളിലായി സി പി എം, സി പി ഐ സംസ്ഥാന നേതൃയോഗങ്ങള്‍ ചേരും. ബി ജെ പിക്കു ബദലായി പാര്‍ലിമെന്റില്‍ ഇടതു കക്ഷികളുടെ ബലം ഉയര്‍ത്തുക എന്നതിന്റെ പ്രാധാന്യം മതേതര സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുക എന്നതായിരിക്കും എല്‍ ഡി എഫ് പ്രചാരണ തന്ത്രം. കഴിഞ്ഞ തവണ കൈവിട്ടു പോയ സീറ്റുകള്‍ തിരികെ പിടിക്കുകയും യു ഡി എഫില്‍ നിന്നു കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുക്കുകയുമാണ് ഇടതു ലക്ഷ്യം.
രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യവും ശബരിമല യുവതി പ്രവേശനത്തിലെ ജനവികാരവും കഴിഞ്ഞ തവണ തിരിച്ചടിക്കു കാരണമായെങ്കിലും ഇപ്പോള്‍ അനുകൂലമായ സാഹചര്യമാണുള്ളതെന്നാണു എല്‍ ഡി എഫ് വിലയിരുത്തല്‍. കേരളത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 20ല്‍ 19 സീറ്റും എല്‍ ഡി എഫിനെ കൈവിട്ടിരുന്നു. ഇത്തവണ രാഹുല്‍ വയനാട്ടില്‍ ഇറങ്ങിയാലും കഴിഞ്ഞ തവണത്തെ വികാരം സൃഷ്ടിക്കാനാവില്ലെന്നും സംസ്ഥാനത്ത് ഇടതു മുന്നണിക്കു തുടര്‍ ഭരണം നല്‍കിയ സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും ഇടതു പക്ഷം കരുതുന്നു.
പാര്‍ലിമെന്റില്‍ ഇടതു സാന്നിധ്യം ഉറപ്പിക്കാന്‍ കേരളത്തില്‍ നിന്നു മാത്രമാണു വലിയ പ്രതീക്ഷയുള്ളത്. കേന്ദ്രത്തില്‍ ഒരു മതേതര സര്‍ക്കാര്‍ ഉണ്ടാവുകയാണെങ്കില്‍ അത് ഇടതു പിന്തുണയോടെ ആയിരിക്കണം എന്ന വികാരം കേരളത്തില്‍ സജീവമാണെന്നു സി പി എം കാണുന്നു.
ഈ മാസം 11,12 തിയതികളില്‍ സി പി എം സംസ്ഥാന കമ്മിറ്റി യോഗവും 10,11 തിയതികളില്‍ സി പി ഐ സംസ്ഥാന നേതൃയോഗവും ചേരുന്നുണ്ട്. പരിചയ സമ്പന്നര്‍ക്കൊപ്പം ചില പുതുമുഖങ്ങളും ഉള്‍ക്കൊള്ളുന്നതായിരിക്കും എല്‍ ഡി എഫ് സ്ഥനാര്‍ഥി പട്ടിക. ടി എം തോമസ് ഐസക്, എം സ്വരാജ്, എ കെ ബാലന്‍, എളമരം കരിം, കെ കെ ശൈലജ, ടി വി രാജേഷ്, പന്ന്യന്‍ രവീന്ദ്രന്‍ അടക്കം പ്രമുഖര്‍ കളത്തിലിറങ്ങുമെന്നാണു സൂചന.
എറണാകുളത്ത് പൊതു സ്വതന്ത്രന്‍ വന്നേക്കും. ഇടുക്കിയില്‍ മുന്‍ എം പി ജോയ്‌സ് ജോര്‍ജിന്റെ പേര് സജീവമായിട്ടുണ്ട്. പാലക്കാട് എം സ്വരാജ്, ആലത്തൂര്‍ എ കെ ബാലന്‍, കോഴിക്കോട് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫോ എളമരം കരീമോ, വടകരയില്‍ കെ കെ ശൈലജ, കണ്ണൂരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, കാസര്‍ഗോഡ് ടി വി രാജേഷ്, തൃശൂരില്‍ വി എസ് സുനില്‍കുമാര്‍, മാവേലിക്കരയില്‍ സി അരുണ്‍കുമാര്‍, തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനോ ആനി രാജയോ, കൊല്ലത്ത് ഇരവിപുരം എം എല്‍ എ എ നൗഷാദോ ചിന്താ ജെറോമോ, ആറ്റിങ്ങലില്‍ കടകംപള്ളി സുരേന്ദ്രന്‍, ആലപ്പുഴയില്‍ സിറ്റിങ് എം പി ആരിഫ് എന്നീ പേരുകളാണു പരിഗണിക്കപ്പെടുന്നത്.


