local body election 2025
തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണത്തിന് ചൂടേറുന്നു
ഭരണം നിലനിര്‍ത്താനും പിടിച്ചെടുക്കാനും പോരാട്ടം ശക്തമാക്കി മുന്നണികള്‍.
പാലക്കാട് | തദ്ദേശ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ പ്രചാരണം ശക്തമാക്കി മുന്നണികള്‍. കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധകേന്ദ്രമായ പാലക്കാട് നഗരസഭ പിടിച്ചെടുക്കാനും നിലനിര്‍ത്താനും യു ഡി എഫും ബി ജെ പിയും തമ്മിലുള്ള കടുത്ത പോരാട്ടത്തിനാണ് ഇത്തവണ സാക്ഷ്യം വഹിക്കുന്നത്.
രണ്ട് തവണ വിജയിച്ച ബി ജെ പി ഹാട്രിക് ലക്ഷ്യത്തോടെ പ്രചാരണത്തിനിറങ്ങുമ്പോള്‍ നഷ്ടപ്പെട്ട ഭരണം പിടിച്ചെടുക്കുന്നതിനുള്ള ശ്രമത്തിലാണ് യു ഡി എഫ്. മികച്ച നേട്ടം കൈവരിക്കുന്നതിന് പാലക്കാട് നഗരസഭയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ ഡി എഫ് നേരത്തേ പ്രചാരണത്തിനിറങ്ങിയെങ്കിലും അവസാനവട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച യു ഡി എഫും ബി ജെ പിയും അത് മറികടക്കാനുള്ള ശ്രമത്തിലാണ്.
പാലക്കാട് യു ഡി എഫ് മുനിസിപല്‍ കണ്‍വെന്‍ഷനും തിരഞ്ഞെടുപ്പ് ഓഫീസും ഉദ്ഘാടനം ചെയ്ത് വി ഡി സതീശന്‍ പ്രചാരണത്തിന് തുടക്കം കുറിച്ചു. പാലക്കാട് നഗരസഭ പിടിച്ചെടുക്കുക ലക്ഷ്യത്തോടെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണത്തിനുണ്ട്. പാലക്കാട് പിടിച്ചെടുക്കാനും നിലനിര്‍ത്താനും മുന്നണികള്‍ കരുക്കള്‍ ഏറെ കരുതിവെച്ചിട്ടുണ്ട്.
ചുവപ്പുകോട്ടയെന്ന് പാര്‍ട്ടി വിശേഷിപ്പിക്കുന്ന ജില്ലയില്‍ താരതമ്യേന സി പി എമ്മിന് കരുത്ത് കുറവുള്ള നഗരസഭയാണ് പാലക്കാട്. പക്ഷേ, ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ ഇടതുസ്ഥാനാര്‍ഥികള്‍ക്കാകും. ഇവിടെ നിര്‍ണായകമാകുക കോണ്‍ഗ്രസ്സിലെയും ബി ജെ പിയിലെയും ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍ തന്നെയാണ്. അതായത് അസംതൃപ്തര്‍ തെളിഞ്ഞുകത്തിയാല്‍ ചിത്രം മാറുമെന്ന് വ്യക്തം. സ്വതന്ത്രരെ മുന്‍നിര്‍ത്തി കഴിഞ്ഞതവണ നടത്തിയ പരീക്ഷണം ചിറ്റൂര്‍ നഗരസഭയില്‍ ആവര്‍ത്തിക്കുകയാണ് എൽ ഡി എഫ്. 30ല്‍ 17 സീറ്റിലും ഇത്തവണയും സ്വതന്ത്രരാണ്. കുടയാണ് ചിഹ്നം. പരീക്ഷണം വിജയമായിരുന്നെന്ന് തെളിയിക്കാന്‍ സി പി എമ്മിന് നഗരസഭാ ഭരണം നിലനിര്‍ത്തണം. ഇവിടെ സി പി ഐ ഉടക്കിനിന്നെങ്കിലും അവസാനനിമിഷം സമവായം കണ്ടെത്താനായത് ഇടതുമുന്നണിക്ക് ആശ്വാസമായിട്ടുണ്ട്. കോണ്‍ഗ്രസ്സിനും യു ഡി എഫിനും ചിറ്റൂര്‍ തിരികെപ്പിടിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. ഡി സി സി ഉപാധ്യക്ഷനും കെ അച്യുതന്‍ എം എല്‍ എയുടെ മകനുമായ സുമേഷ് അച്യുതന്റെ നേതൃത്വത്തില്‍ ചിറ്റൂര്‍ നഗരസഭ പിടിച്ചെടുക്കാനുള്ള തന്ത്രവുമായി മുന്നോട്ടുപോകുകയാണ്.
സംസ്ഥാന രാഷ്ടീയത്തിനുപരി പ്രാദേശിക വിഷയങ്ങളും ഉയര്‍ത്തിയാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ മുന്നണികള്‍ നേരിടുന്നത്. ഇനി വരും ദിവസങ്ങളില്‍ മുന്നണികളുടെ സംസ്ഥാന നേതാക്കള്‍ കളത്തിലിറങ്ങുന്നതോടെ ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളം.


