Connect with us

local body election 2025

തദ്ദേശ തിരഞ്ഞെടുപ്പ്: ഏഴ് ജില്ലകളിൽ ഇന്ന് കലാശക്കൊട്ട്

. പൊതുജനങ്ങൾക്ക് മാർഗ തടസ്സം സൃഷ്ടിച്ചു കൊണ്ടുള്ള സമാപന പരിപാടികൾ ഉപേക്ഷിക്കണമെന്ന് രാഷ്ട്രീയ കക്ഷികളോട് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു.

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഒന്നാംഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറോടെ അവസാനിക്കുന്നത്. പരസ്യപ്രചാരണം അവസാനിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികൾ സമാധാനപരമായിരിക്കണമെന്നും ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നിർദേശിച്ചു. പൊതുജനങ്ങൾക്ക് മാർഗ തടസ്സം സൃഷ്ടിച്ചു കൊണ്ടുള്ള സമാപന പരിപാടികൾ ഉപേക്ഷിക്കണമെന്ന് രാഷ്ട്രീയ കക്ഷികളോട് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു.

പരസ്യ പ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തർക്കങ്ങളും ശബ്ദനിയന്ത്രണമില്ലാതെയുള്ള അനൗൺസ്‌മെന്റുകളും കർശനമായി നിയന്ത്രിക്കാൻ ജില്ലാ കലക്ടർമാർക്കും പോലീസ് അധികൃതർക്കും കമ്മീഷണർ നിർദേശം നൽകി.

പ്രാദേശിക ഭരണകൂടങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുളള തിരഞ്ഞെടുപ്പായിരുന്നെങ്കിലും പൊതു രാഷ്ട്രീയ വിഷയങ്ങൾ തന്നെയായിരുന്നു പ്രധാന പ്രചാരണ ആയുധങ്ങൾ. വികസന ക്ഷേമകാര്യങ്ങൾക്കൊപ്പം രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡന പരാതി, ജമാഅത്തെ ഇസ്‌ലാമി- യു ഡി എഫ് ബന്ധം തുടങ്ങിയവയാണ് ഇടതുപക്ഷം സംസ്ഥാനതലത്തിൽ ഉന്നയിച്ചത്. ശബരിമല സ്വർണക്കൊള്ളയും സി പി എം- ബി ജെ പി കൂട്ടുകെട്ടെന്ന ആരോപണവുമാണ് യു ഡി എഫ് പ്രചാരണ വിഷയമാക്കിയത്. അവസാനഘട്ടത്തിൽദേശിയപാത തകർച്ചയും പ്രചാരണത്തിൽ കൊണ്ടുവന്നിരുന്നു.

ഈ മാസം 11ന് വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിലെ പ്രചാരണം ചൊവ്വാഴ്ച സമാപിക്കും. 13നാണ് വോട്ടെണ്ണൽ.

Latest