Connect with us

book review

ജീവിതം പറയുന്ന കഥകൾ

"മൊബൈൽഫോൺ " എന്ന കഥയിൽ ദുരന്തത്തേക്കാൾ ഏറെ അത് വർത്തമാനകാലത്തിൽ ഇരയാക്കപ്പെടുന്ന ബാല്യ, കൗമാരങ്ങളുടെ ദുരവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നു. "മാതൃദിന'ത്തിൽ അകന്നുപോയ മകന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിൽ സ്നേഹ സായൂജ്യങ്ങൾക്കു വേണ്ടിയുള്ള ഉമ്മമനസ്സുകളുടെ നൊമ്പരങ്ങളുടെ വിശുദ്ധിയാണ് വരച്ചുവെക്കുന്നത്.

Published

|

Last Updated

വളച്ചുകെട്ടില്ലാതെ നേരെ കഥയിലേക്ക് പ്രവേശിക്കുന്ന ദുരൂഹത തൊട്ടുതീണ്ടാത്ത പരമ്പരാഗത കഥപറച്ചിലിന്റെ ശൈലിയിലാണ് എഴുത്തിലെ നവാഗതയായ ഉമ്മു ഐസ തന്റെ കന്നി പുസ്തകമായ “അവൾ ” രചിച്ചിട്ടുള്ളത്. 64 പേജിൽ 19 ചെറിയ കഥകളാണിതിൽ. തനിക്കറിയാവുന്ന ചിരപരിചിതമായ ജീവിത പരിസരങ്ങളിൽ നിന്ന് ഊർജം സ്വീകരിച്ചുകൊണ്ടാണ് രചയിതാവ് കഥ പറയുന്നത്.

മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളുടെ ദൃഢത അരക്കിട്ടുറപ്പിക്കാനുള്ള ആശയങ്ങളെ മഹത്വവത്കരിക്കാനുള്ള ത്വര ഇതിലെ ഒട്ടുമിക്ക കഥകളും പ്രതിനിധാനം ചെയ്യുന്നു. വ്യക്തികൾ തമ്മിലുള്ള അടുപ്പത്തിന്റെ ആഴം ജീവിതത്തിൽ മാത്രമല്ല മരണത്തോടെയും അത് വിസ്മൃതിയിലേക്ക് പതിക്കുന്നില്ലാ എന്നിടത്താണ് ആദ്യ കഥയായ ” അവനറിയാതെ’ , പുസ്തകത്തിന്റെ ശീർഷകമായിവന്ന ” അവൾ ‘ തുടങ്ങിയ കഥകളിലൂടെ കഥാകാരി പറഞ്ഞുവെക്കുന്നത്.
“മൊബൈൽഫോൺ ” എന്ന കഥയിൽ ദുരന്തത്തേക്കാൾ ഏറെ അത് വർത്തമാനകാലത്തിൽ ഇരയാക്കപ്പെടുന്ന ബാല്യ, കൗമാരങ്ങളുടെ ദുരവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നു. “മാതൃദിന’ത്തിൽ അകന്നുപോയ മകന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിൽ സ്നേഹ സായൂജ്യങ്ങൾക്കു വേണ്ടിയുള്ള ഉമ്മമനസ്സുകളുടെ നൊമ്പരങ്ങളുടെ വിശുദ്ധിയാണ് വരച്ചുവെക്കുന്നത്.

കുത്തഴിഞ്ഞ ജീവിതത്തിന്റെ അനിവാര്യമായ പരിസമാപനം വ്യക്തിയിൽ ഉണ്ടാക്കിയെടുക്കുന്ന കുറ്റബോധത്തെ “ഊന്നുവടി’ എന്ന കഥയും കൊവിഡ് കാലം നമ്മിൽ നിന്നും തട്ടിയെടുത്ത വിലപ്പെട്ട ബന്ധങ്ങളുടെ ഓർമപ്പെടുത്തലുകളിൽ കൺമുന്നിൽ മിഴിച്ചുനിൽക്കുന്ന മഹാമാരി കാലത്തെ ദുരന്തസമാന യാഥാർഥ്യങ്ങളും ആവിഷ്കരിക്കപ്പെടുന്നിടത്ത് കഥാകാരിയുടെ സാമൂഹികവീക്ഷണം ഇതൾ വിടർത്തുന്നത് കാണാം.

പൊതുവേ വേണ്ടപ്പെട്ടവരിൽ നിന്ന് പലപ്പോഴും അകൽച്ചയും അവഗണനയും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവരാണ് പ്രവാസികൾ. കൊവിഡ് കാലത്തെ ക്വാറന്റയിൻ സന്പ്രദായം ആ അവഗണനയുടെയും അവഹേളനത്തിന്റെയും തീവ്രതയുടെ പാരമ്യത്തിലെത്തിയതും നാംകണ്ടു. അപ്പോഴും പ്രവാസിയുടെ ഭാര്യയായ റസിയ സ്നേഹം കൊണ്ടും അസാമാന്യമായ സഹനം കൊണ്ടും ആ നടപ്പുശീലത്തെ പ്രതിരോധിക്കുന്നതിലൂടെ “പ്രവാസി’ എന്ന കഥ സ്ത്രീത്വത്തിന്റെ മഹത്വവും ഒപ്പം പ്രവാസത്തിന്റെ നേർക്കാഴ്ചയും വായനക്കാരിലെത്തിക്കുന്നു.
നന്മയുടെ ആൾരൂപമായിരുന്ന മുനീറത്തയെ കണ്ടെത്താനുള്ള യാത്രയ്ക്കൊടുവിൽ കണ്ടെത്താൻ ഇനി അവരില്ലെന്ന അറിവിൽ പകച്ചുനിൽക്കുന്നിടത്ത് വായനക്കാരുടെ കണ്ണുകളെ ഈറനണിയിക്കാനാവുന്നു എന്നതാണ് “മുനീറത്ത’ എന്ന കഥ ഉള്ളുലയ്ക്കുന്ന വായനാനുഭവം സൃഷ്ടിക്കുന്നതിൽ വിജയിക്കുന്നത്.

എല്ലാ കഥകളിലും നന്മയുടെ സന്ദേശവാഹകരായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കലിലൂടെ ഈ കഥാകാരി എഴുത്തിലൂടെ വലിയൊരു സാമൂഹിക നന്മയുടെ ഭൗത്യം മുന്നിൽ കാണുന്നു. വാക്കുകൾ ഉപയോഗിക്കുന്നതിലെ ധാരാളിത്തങ്ങൾ കഥയുടെ ഒഴുക്കിനെ പല കഥകളിലും പ്രതികൂലമായി ബാധിക്കുന്നു. ആശയങ്ങൾക്ക് പ്രതീകാത്മക സൂചകങ്ങളും കുറുക്കി എഴുത്തിന്റെ നൂതന ശൈലിയും കൂടി സ്വീകരിക്കാൻ ഉമ്മുഐസ ഇനിയുള്ള രചനകളിൽ ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു എന്നു കൂടി ഉണർത്തുകയാണ്.
അറിയാവുന്ന ജീവിതപരിസരങ്ങളിൽ നിന്നുള്ള അനുഭവങ്ങൾക്കും അറിവുകൾക്കും കഥാവിഷ്കാരം നൽകുന്നു എന്നിടത്താണ് ഭാഷാപ്രയോഗങ്ങളുടെ ചില ദൗർബല്യങ്ങൾക്കിടയിലും ഈ രചന ശ്രദ്ധേയമാകുന്നത്.