National
ഓണ്‍ലൈന്‍ മാധ്യമം 'ദ വയര്‍' വിലക്കി കേന്ദ്രം
അമിത് ഷായുടെ മകന്‍ ജെയ്ഷായുടെ സ്വത്ത് വര്‍ധന പുറത്തുവിട്ട കേസില്‍ നേരത്തേയും നടപടി നേരിട്ടിരുന്നു

ഡല്‍ഹി | ഓണ്‍ലൈന്‍ മാധ്യമമായ ‘ദ വയര്‍’ന് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഐ ടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരം വെബ്‌സൈറ്റ് തടയാന്‍ നിര്‍ദേശം നല്‍കി. 2018ലും വയറിന് താത്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു.
അമിത് ഷായുടെ മകന്‍ ജെയ്ഷായുടെ സ്വത്ത് വര്‍ധന പുറത്തുവിട്ടതിനെതിരെ അഹമ്മദാബാദ് കോടതിയാണ് നേരത്തേ താത്കാലിക വിലക്കേര്‍പ്പെടുത്തിയത്. ജയ്ഷായുടെ സ്വത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനായിരുന്നു വിലക്ക്. കേസില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നത് വരെ ദി വയര്‍ പ്രസിദ്ധീകരിച്ച ജയ് ഷായുടെ സ്വത്ത് വിവരം സംബന്ധിച്ച വാര്‍ത്തയുടെ തുടര്‍ വാര്‍ത്തകളുടെ അച്ചടി, ദൃശ്യ, ഡിജിറ്റല്‍ രൂപത്തിലുള്ള അഭിമുഖമോ, ടി വി ചര്‍ച്ചയോ, ഡിബേറ്റോ ഒരു ഭാഷയിലും ദി വയര്‍ സംപ്രേക്ഷണം ചെയ്യാനോ അച്ചടിക്കാനോ പാടില്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2014ല്‍ ബി ജെ പി അധികാരത്തിലേറിയ ശേഷം വരുമാനത്തില്‍ 16,000 ഇരട്ടി വര്‍ധന ഉണ്ടായെന്ന വാര്‍ത്ത നല്‍കിയതിനെതിരെ ‘ദ വയര്‍’ ന്യൂസ് പോര്‍ട്ടലിനെതിരെ അമിത്ഷായുടെ മകന്‍ ജയ് ഷാ പരാതി നല്‍കിയിരുന്നു. 100 കോടി രൂപ ആവശ്യപ്പെട്ടാണ് ക്രിമിനല്‍ മാനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
അതിനിടെ, ആവിഷ്‌കാര സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്നും നടപടിയെ നിയമപരമായി നേരിടുമെന്ന് ദ വയര്‍ വ്യക്തമാക്കി.