Kerala
സലഫിസത്തെ വെള്ളപൂശുന്ന പാഠഭാഗം: എസ് വൈ എസ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

തിരുവനന്തപുരം | കാലിക്കറ്റ് സര്‍വകലാശാലയിലെ വിദൂരവിഭ്യാഭ്യാസ വിഭാഗം എം എ അറബിക് പാഠ പുസ്തകത്തിലൂടെ ലോകത്തെ ഭീകരവാദത്തിന്റെ ഉറവിടമായ സലഫിസത്തെ വെള്ള പൂശുന്ന പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നതിനെതിരെ എസ് വൈ എസ് നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു എന്നിവര്‍ക്ക് നിവേദനം നല്‍കി. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി എ അബ്ദുല്‍ ഹകീം അസ്ഹരി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നേമം സിദ്ദീഖ് സഖാഫി എന്നിവരടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം സമര്‍പ്പിച്ചത്.
അറബിക് ഭാഷാ പഠനത്തിന്റെ പേരില്‍ ഉന്നത കാലാലയങ്ങളില്‍ ലോകത്ത് ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാനിടയാക്കിയ മുഴുവന്‍ ഭീകരവാദ സംഘടനകള്‍ക്കും ആശയ അടിത്തറ പാകിയ സലഫിസത്തിന് ബീജാവാപം നല്‍കിയ ഇബ്‌നു അബ്ദുല്‍ വഹാബിനെ വിശുദ്ധനാക്കാനാണ് ശ്രമിക്കുന്നതെന്ന് നിവേദനത്തില്‍ എസ് വൈ എസ് ചൂണ്ടിക്കാട്ടി. കാലക്കറ്റ് സര്‍വകലാശാലയിലെ വിദൂരവിഭ്യാഭ്യാസ വിഭാഗം എം എ അറബിക് രണ്ടാം സെമസ്റ്ററിലെ കണ്ടംപററി ഹിസ്റ്ററി ഓഫ് അറബ് വേള്‍ഡ് എന്ന പുസ്‌കത്തിലാണ് വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പഠിപ്പിക്കുന്നത്.
കാലിക്കറ്റ് സര്‍വകലാശാലയിലെ അസി. പ്രൊഫസര്‍ ഡോ. മുബീനുല്‍ ഹഖിന്റെ പുസ്തകത്തിലെ ആശയങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതും ചരിത്രവിരുദ്ധവും അപകടകരവുമാണ്. ഈ സാഹചര്യത്തില്‍ ഈ പുസ്തകങ്ങള്‍ പിന്‍വലിക്കാന്‍ ഇടപടണമെന്നും വികലമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിവര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം സര്‍വകലാശാലകളിലെ അറബിക് പാഠ പുസ്തകങ്ങള്‍ മുഴുവന്‍ പരിശോധിക്കുന്നതിന് സ്‌ക്രൂട്ടിനിംഗ് കമ്മിറ്റിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു.
നേരത്തെ സ്‌കൂള്‍ പാഠ പുസ്തകത്തില്‍ സലഫിസം പഠിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ വിദ്യാര്‍ഥി സംഘടനയായ എസ് എസ് എഫ് സമരം സംഘടിപ്പിച്ചതും തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാര്‍ ഇടപെട്ട് വിവാദ ഭാഗങ്ങള്‍ പിന്‍വലിക്കുകയും പരിശോധനക്കായി പ്രത്യേക സമിതിയെ നിയോഗിച്ചതും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.