Connect with us

Haritha Issue

അപമാനത്തിന് ലീഗ് നേതൃത്വം മറുപടി പറയണം: ഹരിത മുന്‍ഭാരവാഹികള്‍

വെര്‍ബല്‍ റേപ്പിനും ക്രൂര സൈബര്‍ ആക്രമണത്തിനും ഇരയാകുന്നു. സ്ത്രീകളുടെ വേദന കാണാന്‍ നേതാക്കള്‍ക്കായില്ല. ഹരിതയിലുള്ളവര്‍ കോഴിക്കോട് അങ്ങാടിയില്‍ തെണ്ടിത്തിരിയുന്നവരെന്ന് പി എം എ സലാം പറഞ്ഞു

Published

|

Last Updated

കോഴിക്കോട് | എം എസ് എഫ് സംസ്ഥാന പ്രസിഡന്‍ര് പി കെ നവാസിനെതിരെ പരാതി നല്‍കിയതിന് നിരന്തരം സൈബര്‍ ആക്രമണത്തിന് ഇരയാകുന്നുവെന്ന് ഹരിത മുന്‍ഭാരവാഹികള്‍. അഭിമാനവും അസ്തിത്വവുമാണ് വലുത്. തങ്ങള്‍ക്കുണ്ടാകുന്ന അപമാനത്തിന് ലീഗ് നേതൃത്വം മറുപടി പറയണമെന്നും ഹരിത മുന്‍ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എം എസ് എഫ് നേതാക്കള്‍ക്കെതിരെ പരാതിപ്പെട്ടതില്‍ ലീഗ് നേതൃത്വത്തില്‍ നിന്നും വെര്‍ബല്‍ റേപ്പിന് ഇരയായി. തങ്ങളുടെ പരാതി ശരിയായി കേള്‍ക്കാന്‍ പോലും ലീഗ് നേതൃത്വം തയ്യാറായില്ലെന്ന് ഹരിത മുന്‍ പ്രസിഡന്റ് മുഫീദ തെസ്‌നി, ജനറല്‍ സെക്രട്ടറി നജ്മ തെബ്ഷീറ, ഭാരവാഹികളായ മിന ഫര്‍സാന, ഫസീല എന്നിവര്‍ പറഞ്ഞു.

ഹരിത വിവാദത്തില്‍ ഇന്നുവരെ തങ്ങള്‍ ഒരു വിശദീകരണവും നല്‍കാതിരുന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കേണ്ട എന്ന് കരുതിയാണ്. പക്ഷേ എന്നാല്‍ പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട ആളുകള്‍ തങ്ങളെ കള്ളികളാക്കാന്‍ ശ്രമിക്കുകയും നിരന്തരമായി സൈബര്‍ ആക്രമണം നടത്തുകയും ചെയ്യുന്നു. വാസ്തവമല്ലാത്ത കാര്യങ്ങള്‍ ഇവര്‍ പ്രചരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ്  കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഹരിതയിലെ പെണ്‍കുട്ടികള്‍ പ്രസവിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഗര്‍ഭിണിയായാല്‍ അത് ഒഴിവാക്കാന്‍ ശ്രമിക്കുന്നു. തൊലിച്ചികള്‍ എന്ന് വിളിച്ച് അപമാനിക്കുന്നു. വേശ്യകള്‍ എന്ന് വിളിക്കുന്നു. ഹരിതയുടെ പെണ്‍കുട്ടികളെ നയിക്കുന്നത് ഒരു സൈബര്‍ ഗുണ്ടയാണെന്ന് എം എസ് എഫ് പ്രസിഡന്‍ര് പരസ്യമായി പറയുന്നു. ഇയാളാണ് ഹരിത ഭാരവാഹികള്‍ക്ക് ഫേസ്ബുക്ക് പോസ്റ്റ് എഴുതിക്കൊടുക്കുന്നതെന്ന് പറയുന്നു. പാര്‍ട്ടി വിഷയത്തില്‍ നടപടി സ്വീകരിച്ചാല്‍ അവന്റെ കൈയിലുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്ന് പറയുന്നു. ഇങ്ങനെ പ്രചരിപ്പിക്കുന്ന ഒരുത്തനെതിരെ നടപടി ആവശ്യപ്പെട്ടത് തെറ്റാണോയെന്നും ഹരിത ഭാരവാഹികള്‍ ചോദിക്കുന്നു. ആരോ കളിപ്പിക്കുന്നതിന് അനുസരിച്ച് ചാടിക്കളിക്കുന്ന കുരങ്ങന്‍മാരായി തങ്ങളെ പൊതുജന മധ്യത്തില്‍ കാണിക്കാന്‍ ശ്രമിക്കുന്നു.

പരാതി നല്‍കാന്‍ വൈകിയെന്ന് പറയുന്നത് തെറ്റാണ്. അഞ്ച് പേജുള്ള വിശദമായ പരാതിയാണ് നേതൃത്വത്തിന് നല്‍കിയത്. 50 ദിവസം പരാതിയില്‍ ഒരു തീരുമാനത്തിനായി കാത്തിരുന്നു. എന്നിട്ടും ഒരു നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് പ്രതികരിച്ചത്. പി കെ നവാസിനെതിരായ പരാതിയില്‍ പിന്നോട്ടില്ല. ഇത്തരം ആക്രമണങ്ങള്‍ തിരിച്ചറിഞ്ഞിട്ടും പാര്‍ട്ടി നേതൃത്വം എന്തിന് തങ്ങളെ ക്രൂശിക്കുന്നു. കോഴിക്കോട് അങ്ങാടിയില്‍ തെണ്ടിത്തിരിഞ്ഞ് നടക്കാന്‍ വരുന്നവരാണെന്ന് പി എം എ സലാം പറഞ്ഞു.
നിലവില്‍ ലീഗ് വിട്ട് മറ്റൊരു പാര്‍ട്ടിയില്‍ പോകാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും നിലവില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ല. ജെന്‍ഡര്‍ രാഷ്ട്രീയത്തില്‍ എല്ലാ പാര്‍ട്ടികളും തുല്ല്യമാണെന്നു ഇവര്‍ കൂട്ടിച്ചേര്‍ത്തു.