Connect with us

local body election 2025

എല്‍ ഡി എഫ് സ്ഥാനാര്‍ഥി നിര്‍ണയം ഏറക്കുറേ പൂര്‍ണം; യു ഡി എഫില്‍ പലയിടത്തും തര്‍ക്കം

നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണക്കാക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളിലെ അധികാരം പിടിച്ച് രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്താനാണ് ഇടത്- വലത് മുന്നണികള്‍ ശ്രമിക്കുന്നത്.

Published

|

Last Updated

കല്‍പ്പറ്റ | വാശിയേറിയ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പ്രചാരണങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമിട്ട് മുന്നണികള്‍. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, മുനിസിപാലിറ്റി, ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയം എല്‍ ഡി എഫില്‍ ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. ചില ഒറ്റപ്പെട്ട വാര്‍ഡുകളിലും മറ്റും മാത്രമാണ് ഇടതിന് ഇനി സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ളത്.

എന്നാല്‍ യു ഡി എഫിലാകട്ടെ പലയിടത്തും തര്‍ക്കം തുടരുകയാണ്. ഘടകകക്ഷികളായ കോണ്‍ഗ്രസ്സും മുസ്്ലിംലീഗും തമ്മിലും കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സ്(ജോസഫ്) വിഭാഗവും തമ്മിലും സീറ്റ് വിഭജനത്തില്‍ ചിലയിടങ്ങളില്‍ തര്‍ക്കം തുടരുന്നുണ്ട്. കൂടാതെ മുന്നണിയില്‍ പാര്‍ട്ടികള്‍ അനുവദിച്ച സീറ്റുകളില്‍ ചിലയിടങ്ങളില്‍ ആഭ്യന്തര തര്‍ക്കങ്ങളും നിലനില്‍ക്കുന്നു. രാഷ്ട്രീയ പോരാട്ടം നടക്കുന്ന ജില്ലാ പഞ്ചായത്തില്‍ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ്സിന് വലിയ തലവേദനയായി തുടരുകയാണ്. തോമാട്ട്ചാലില്‍, കേണിച്ചിറ ഡിവിഷനുകളില്‍ ഒരു ഡസനോളം ആളുകള്‍ സ്ഥാനാര്‍ഥി മോഹവുമായുണ്ട്.

തിരുനെല്ലിയിലും സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ യു ഡി എഫിനായി ലീഗ് മത്സരിക്കുന്ന ഡിവിഷനുകളില്‍ നേരത്തേ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നു. അതേസമയം സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായ ഗ്രാമപഞ്ചായത്തുകളിലും മുനിസിപാലിറ്റികളിലും പ്രചാരണം തുടങ്ങിക്കഴിഞ്ഞു. വാര്‍ഡുകള്‍ തോറും സ്ഥാനാര്‍ഥികളുടെ കട്ടൗട്ടുകളും മറ്റും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം പെട്ടെന്ന് പൂര്‍ത്തീകരിച്ച് കുടുംബ യോഗങ്ങള്‍ അടക്കമുള്ള മറ്റ് പ്രചാരണ പരിപാടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് മുന്നണികള്‍.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണക്കാക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളിലെ അധികാരം പിടിച്ച് രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്താനാണ് ഇടത്- വലത് മുന്നണികള്‍ ശ്രമിക്കുന്നത്. കൂടുതല്‍ വാര്‍ഡുകളില്‍ ജയിച്ച് നില മെച്ചപ്പെടുത്താനുള്ള ശ്രമമാണ് എന്‍ ഡി എ നടത്തുന്നത്.
പൊതുവെ യു ഡി എഫ് സ്വാധീന മേഖലയായി പരിഗണിക്കപ്പെടുന്ന വയനാട്ടില്‍ ഇത്തവണ കടുത്ത മത്സരം നടക്കുമെന്ന് ഉറപ്പാണ്. ജില്ല, ബ്ലോക്ക്, പഞ്ചായത്ത്, നഗരസഭകളിലെല്ലാം വാര്‍ഡുകളുടെ എണ്ണത്തിലുണ്ടായ വര്‍ധന തങ്ങള്‍ക്ക് അനുകൂലമാക്കി കഴിഞ്ഞ തവണ നഷ്ടപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ ഇത്തവണ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യമാണ് ഇടത്, വലത് മുന്നണികള്‍ക്കുള്ളത്.

വയനാട്ടില്‍ ജില്ലാ പഞ്ചായത്തില്‍ 16 ഡിവിഷനുകളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടത്- വലത് മുന്നണികള്‍ക്ക് എട്ട് സീറ്റ് വീതമാണ് ലഭിച്ചത്. നറുക്കെടുപ്പില്‍ പ്രസിഡന്റ് സ്ഥാനം യു ഡി എഫിനും വൈസ് പ്രസിഡന്റ് സ്ഥാനം എല്‍ ഡി എഫിനുമാണ് ലഭിച്ചത്. ഇത്തവണ ഡിവിഷനുകളുടെ എണ്ണം 17 ആയി ഉയര്‍ന്നിട്ടുണ്ട്.
യു ഡി എഫിന് എക്കാലവും മേധാവിത്വമുണ്ടാകുന്ന വയനാട്ടില്‍ കഴിഞ്ഞ തവണ തിളക്കമാര്‍ന്ന നേട്ടമാണ് എല്‍ ഡി എഫ് കരസ്ഥമാക്കിയത്.

യു ഡി എഫിന്റെ കുത്തക സീറ്റുകളായ വെള്ളമുണ്ട, മേപ്പാടി, പനമരം എന്നിവയിലെ അപ്രതീക്ഷിത ജയമാണ് അവര്‍ക്ക് അന്ന് കരുത്തായത്. എന്നാല്‍, ഇത്തവണ മികച്ച സ്ഥാനാര്‍ഥികളെ തന്നെ രണ്ട് മുന്നണികളും പ്രഖ്യാപിച്ച് കഴിഞ്ഞു. ജില്ലാ പഞ്ചായത്തില്‍ എന്‍ ഡി എക്ക് ഇത്തവണയും കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിയില്ലെന്ന കാര്യം വ്യക്തമാണ്.

നാല് ബ്ലോക്ക് പഞ്ചായത്തുകളില്‍ കല്‍പ്പറ്റ, പനമരം ബ്ലോക്കുകള്‍ യു ഡി എഫിനും മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കുകള്‍ എല്‍ ഡി എഫിനുമായിരുന്നു കഴിഞ്ഞ തവണ ഭരണം. എല്‍ ഡി എഫിന് ലഭിച്ച രണ്ട് ബ്ലോക്കുകളില്‍ മാനന്തവാടി യു ഡി എഫില്‍ നിന്ന് പിടിച്ചെടുത്തതായിരുന്നു. ഇത്തവണ ഉള്ളവ നിലനിര്‍ത്തുന്നതോടൊപ്പം നഷ്ടപ്പെട്ടവ തിരിച്ചുപിടിക്കുക എന്നതാണ് ഇരുമുന്നണികളുടെയും ലക്ഷ്യം.

മുനിസിപാലിറ്റികളില്‍ കഴിഞ്ഞ തവണ യു ഡി എഫിനായിരുന്നു മുന്‍തൂക്കം. കല്‍പ്പറ്റ, മാനന്തവാടി നഗരസഭകള്‍ കഴിഞ്ഞ തവണ യു ഡി എഫ്, എല്‍ ഡി എഫില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ ഇടത് ഭരണം തുടരുകയായിരുന്നു. ഇത്തവണ മൂന്ന് നഗരസഭകളും പിടിക്കാന്‍ യു ഡി എഫ് ശ്രമിക്കുമ്പോള്‍ കഴിഞ്ഞ തവണ നഷ്ടപ്പെട്ട നഗരസഭകള്‍ തിരിച്ചുപിടിക്കാന്‍ എല്‍ ഡി എഫും രംഗത്തുണ്ട്.

ഗ്രാമപഞ്ചായത്തുകളില്‍ യു ഡി എഫിന് കഴിഞ്ഞ തവണ വ്യക്തമായ മേധാവിത്വമുണ്ടായിരുന്നു. ആകെയുള്ള 23 പഞ്ചായത്തുകളില്‍ 17 ഇടത്തും യു ഡി എഫ് വിജയക്കൊടി പാറിച്ചു. പനമരത്ത് ഇരുകൂട്ടരും തുല്യസീറ്റുകള്‍ നേടി ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ നറുക്കെടുപ്പില്‍ പ്രസിഡന്റ് പദം എല്‍ ഡി എഫിന് കിട്ടി. ഇവിടെ വൈസ് പ്രസിഡന്റ് യു ഡി എഫും നേടി.

എന്നാല്‍ എല്‍ ഡി എഫിലെ പടലപ്പിണക്കങ്ങള്‍ ഇവിടെ ഭരണം മറിച്ചിട്ടു. ഒടുവില്‍ എല്‍ ഡി എഫ് വിട്ട അംഗത്തിന്റെ കൂടി പിന്‍ബലത്തില്‍ യു ഡി എഫ് അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്തു.
ഇത്തവണ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും വാര്‍ഡുകളുടെ എണ്ണം വര്‍ധിക്കുകയും അതിര്‍ത്തികള്‍ മാറുകയും ചെയ്തതോടെ പലയിടത്തും കടുത്ത മത്സരം നടക്കുമെന്ന് ഉറപ്പാണ്.

Latest