Kuwait
കുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്ക്മരുന്നു വേട്ട; പിടിയിലായവരില്‍ ഇന്ത്യക്കാരനും
പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 3 കോടി ദിനാര്‍ ( 800 കോടി ഇന്ത്യന്‍ രൂപ) മൂല്യമാണ് കണക്കാക്കപ്പെടുന്നത്

കുവൈത്ത് സിറ്റി | കുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ടയില്‍ പിടിക്കപ്പെട്ട വരില്‍ ഒരാള്‍ ഇന്ത്യക്കാരന്‍.കഴിഞ്ഞ ദിവസം വഫറയില്‍ വെച്ചാണ് രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ട നടന്നത്.ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹിന്റെ നേരിട്ടുള്ള മേല്‍ നോട്ടത്തിലാണ് വഫറയിലെ ഒരു ഫാക്റ്ററിയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. 15 മില്യണ്‍ ലിറിക്ക ഗുളികകളും അര ടണ്ണിലധികം അസംസ്‌കൃത പദാര്‍ത്ഥങ്ങളും ഇവ ഉല്‍പ്പാദിപ്പിക്കുന്ന യന്ത്ര സാമഗ്രികളുമാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 3 കോടി ദിനാര്‍ ( 800 കോടി ഇന്ത്യന്‍ രൂപ) മൂല്യമാണ് കണക്കാക്കപ്പെടുന്നത്. സംഘത്തിന്റെ സൂത്രധാരന്മാരായ രണ്ട് പേര്‍ സ്വദേശികളാണ്. ഇവരോടൊപ്പം പിടിയിലായവരില്‍ ഒരാള്‍ ഇന്ത്യക്കാരനും മറ്റൊരാള്‍ ശ്രീലങ്കക്കാരനുമാണ്. ഇവരുടെ പേര് വിവരങ്ങള്‍ അന്വേഷണ സംഘം പുറത്തു വി ട്ടിട്ടില്ല. പ്രാഥമിക വിവരങ്ങള്‍ പ്രകാരം ഇവര്‍ക്ക് പിന്നില്‍ അന്താരാഷ്ട്ര സംഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
ചൈനയില്‍ നിന്നാണ് ഇവര്‍ അസംസ്‌കൃത ലിറിക്കാ പൗഡറും ടാബ്ലെറ്റ് പ്രസ്സിംഗ് മെഷീനുകളും ഇറക്കു മതി ചെയ്തിരുന്നത്.ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘത്തെയും മറ്റ് പ്രതികളെയും കണ്ടെത്തുന്നതിനു ഇന്റര്‍പോള്‍ കേസ് ഏറ്റെടുത്തിട്ടുണ്ട്. 8 ദശലക്ഷം ലിറിക്ക ഗുളികകള്‍ അയല്‍ രാജ്യത്തേക്ക് കടത്താന്‍ സംഘം പദ്ധതി തയ്യാറാക്കിയിരുന്നു.2000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വഫറ പ്രദേശത്ത് സ്ഥാപിച്ച ഫാക്ടറിയില്‍ അസംസ്‌കൃത വസ്തുക്കള്‍ സംഭരിക്കുന്നതിനുള്ള രഹസ്യ മുറികളും സജ്ജീകരിച്ചിരുന്നു