From the print
സംഭാൽ മസ്ജിദ് ഉൾപ്പെടുന്ന പ്രദേശത്തെ ഭൂരേഖകൾ കാണാതായി
അന്വേഷണം തുടങ്ങി

ലക്‌നോ | സംഭാൽ ശാഹി ജുമുഅ മസ്ജിദ് ഉൾപ്പെടുന്ന പ്രദേശത്തെ ഭൂരേഖകൾ കാണാതായി. മുറാദാബാദിൽ സൂക്ഷിച്ചിരുന്ന രേഖകളാണ് കാണാതായത്. സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മസ്ജിദിൽ സർവേ നടത്താനുള്ള വിചാരണാ കോടതിയുടെ ഉത്തരവ് അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം ശരിവെച്ചിരുന്നു. ഇതേത്തുടർന്ന് സർവേ നടത്തുന്നതിനായുള്ള പതിവ് പരിശോധനക്കിടയിലാണ് രേഖകൾ കാണാതായ വിവരം അറിഞ്ഞത്. സംഭാൽ ജില്ല രൂപവത്കരിച്ച 2012 മുതലുള്ള രേഖകൾ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടപ്പോഴാണ് വിഷയം പുറത്തുവന്നത്.
സംഭാൽ നഗരത്തിൽ സ്ഥിതി ചെയ്യുന്ന സംഭാൽ ഖാസ്, സുൽത്താൻപൂർ ബുജുർഗ്, തഷ്ത്പൂർ, സരായ് തരീൻ, മണ്ഡലൈ, ദലാവലി തുടങ്ങിയ പ്രദേശങ്ങളുമായി ബന്ധപ്പെട്ട നിർണായക രേഖകൾ വികൃതമാക്കുകയോ വ്യാജമായി നിർമിക്കുകയോ പൂർണമായും നശിപ്പിക്കുകയോ ചെയ്തതായി അധികൃതർ വ്യക്തമാക്കി. ജില്ലാ വിഭജനത്തിന് ശേഷം മുറാദാബാദിലാണ് രേഖകൾ സൂക്ഷിച്ചിരുന്നത്.
സംഭാൽ ഖാസ് വില്ലേജ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ് സംഹിത (ബി എൻ എസ്) സെക്‌ഷൻ 324 (4), 336 (3), 303 (2) വകുപ്പുകൾ പ്രകാരം മുറാദാബാദ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പുറമെ അന്വേഷണത്തിനായി ജില്ലാ ഭരണകൂടം പ്രത്യേക സംഘം രൂപവത്കരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സർവേ നടപടികൾ തുടരാമെന്ന വിചാരണാ കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചത്.