Uae
ശൈഖ ബുദൂര്‍ ഫ്രാന്‍സ് നാഷണല്‍ ലൈബ്രറി സന്ദര്‍ശിച്ചു
ഷാര്‍ജയും പാരീസും തമ്മില്‍ സാംസ്‌കാരിക വിനിമയം വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യത തേടി.

ഷാര്‍ജ | ഷാര്‍ജ ബുക്ക് അതോറിറ്റി (എസ് ബി എ) ചെയര്‍പേഴ്‌സണ്‍ ശൈഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി യൂറോപ്പിലെ ഏറ്റവും അഭിമാനകരമായ ഗവേഷണ ഉറവിടങ്ങളിലൊന്നായ പാരീസിലെ ബിബ്ലിയോതെക് നാഷണലെ ഡി ഫ്രാന്‍സ് (നാഷണല്‍ ലൈബ്രറി ഓഫ് ഫ്രാന്‍സ്) സന്ദര്‍ശിച്ചു. സന്ദര്‍ശന വേളയില്‍ ഷാര്‍ജയും പാരീസും തമ്മില്‍ സാംസ്‌കാരിക വിനിമയം വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യത തേടി.
‘അറബി ഭാഷയുടെ ചരിത്ര കോര്‍പ്പസ്’ എന്ന പുസ്തകത്തിന്റെ പകര്‍പ്പുകള്‍ അവര്‍ ലൈബ്രറിക്ക് സമ്മാനിച്ചു. ഷാര്‍ജയില്‍, ലൈബ്രറികള്‍ മനുഷ്യരാശിയുടെ ഓര്‍മയെ ഭാവിയുമായി ബന്ധിപ്പിക്കുന്ന പാലങ്ങളാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്ന് ശൈഖ പറഞ്ഞു. ഷാര്‍ജയിലും പാരീസിലും പ്രദര്‍ശിപ്പിക്കുന്ന അപൂര്‍വ കൈയെഴുത്തുപ്രതികളുടെയും ചരിത്ര രേഖകളുടെയും സംയുക്ത പ്രദര്‍ശനങ്ങള്‍ ഇരുകൂട്ടരും സംഘടിപ്പിക്കാന്‍ പദ്ധതിയിടുന്നു. പാരീസില്‍ ‘ഷാര്‍ജ സാഹിത്യ ദിനങ്ങള്‍’ സംഘടിപ്പിക്കും.
പ്രശസ്ത ഫ്രഞ്ച് സ്ഥാപനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച, വിവിധ സാംസ്‌കാരിക, പ്രൊഫഷണല്‍ മേഖലകളിലെ സഹകരണത്തിനുള്ള അവസരങ്ങള്‍ പര്യവേഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു. പ്രമുഖ ആഗോള സാഹിത്യ, അക്കാദമിക് സ്ഥാപനങ്ങളുമായുള്ള വിജ്ഞാന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള എമിറേറ്റിന്റെ പ്രതിബദ്ധതയും സന്ദര്‍ശനം പ്രതിഫലിപ്പിക്കുന്നു. സന്ദര്‍ശന വേളയില്‍ കൈയെഴുത്തു പ്രതികള്‍, സാംസ്‌കാരിക കലാസൃഷ്ടികള്‍, കുട്ടികളുടെ സാഹിത്യം എന്നിവയില്‍ സംയുക്ത പരിപാടികള്‍ ആവിഷ്‌കരിച്ചു. സാംസ്‌കാരിക സഹകരണത്തിന് പുതിയതും സുസ്ഥിരവുമായ വഴികള്‍ സ്ഥാപിക്കാന്‍ ഇരു കക്ഷികളും സമ്മതിച്ചു. ഷാര്‍ജക്കും ഫ്രഞ്ച് തലസ്ഥാനത്തിനും ഇടയില്‍ സാംസ്‌കാരിക വിനിമയവും സാഹിത്യ സംഭാഷണവും വളര്‍ത്തിയെടുക്കുന്നതിനായി രൂപകല്‍പന ചെയ്ത ‘ഷാര്‍ജ സാഹിത്യ ദിനങ്ങള്‍’ പാരീസില്‍ സംഘടിപ്പിക്കാനുള്ള സാധ്യതയും ഇതില്‍ ഉള്‍പ്പെടുന്നു.