Connect with us

Kerala

എറണാകുളത്ത് 16 നില ഫ്‌ളാറ്റിന്റെ പ്രധാന പില്ലര്‍ തകര്‍ന്നു; 24 കുടുംബങ്ങളെ മാറ്റി

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വിദഗ്ധ സമിതി അന്വേഷിക്കും

Published

|

Last Updated

കൊച്ചി | എറണാകുളം പനമ്പിള്ളി നഗറില്‍ ഫ്‌ളാറ്റിന്റെ പ്രധാന പില്ലര്‍ തകര്‍ന്നുവീണു. ബലക്ഷയം സംഭവിച്ച ബ്ലോക്കില്‍ 16 നിലകളിലായി 24 കുടുംബങ്ങളാണുണ്ടായിരുന്നത്. ഇവരെയെല്ലാം മാറ്റിപ്പാര്‍പ്പിച്ചു. പാസ്പോര്‍ട്ട് ഓഫീസിന് സമീപമുള്ള ആര്‍ ഡി എസ് അവന്യൂ വണ്‍ ഫ്‌ളാറ്റിന്റെ പില്ലറാണ് തകര്‍ന്നത്. മറ്റ് അഞ്ച് പില്ലറുകള്‍ ഭാരം താങ്ങിനിര്‍ത്തിയതിനാല്‍ വലിയ അപകടം ഒഴിവായി. തകര്‍ന്ന പില്ലറിന് പകരം ജാക്കികള്‍ ഉപയോഗിച്ച് താങ്ങി നിര്‍ത്തി പരിശോധന ആരംഭിച്ചു.

ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. തകര്‍ന്ന പില്ലറില്‍ നിന്ന് കമ്പികള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന നിലയിലായിരുന്നു. ശക്തമായ ഭാരം പില്ലറിലേക്ക് വന്നതാണ് തകര്‍ച്ചക്ക് കാരണമെന്നാണ് സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റ് എന്‍ജിനീയര്‍ അനില്‍ ജോസഫിന്റെ വിശദീകരണം.

തകര്‍ന്ന ഭാഗം ടാര്‍പോളിന്‍ ഷീറ്റ് ഉപയോഗിച്ച് മറച്ചുവെച്ചതായി ആരോപണമുണ്ട്. കോര്‍പറേഷന്‍ എന്‍ജിനീയറിംഗ് വിഭാഗവും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് എറണാകുളം ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷിന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുരക്ഷ മുന്‍നിര്‍ത്തിയാണ് 24 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതെന്നും സ്ഥലം സന്ദര്‍ശിച്ച ഹൈബി ഈഡന്‍ എം പി വ്യക്തമാക്കി. പാലാരിവട്ടം പാലം നിര്‍മിച്ച ആര്‍ ഡി എസ് കമ്പനി തന്നെയാണ് ഈ ഫ്‌ളാറ്റ് സമുച്ചയവും നിര്‍മിച്ചത്.

 

Latest