Kerala
കാക്കഞ്ചേരിയിലും ദേശീയപാതയിൽ വിള്ളൽ; ഗതാഗതം താത്കാലികമായി നിർത്തി
20 മീറ്ററിലേറെ നീളത്തിലാണ് വിള്ളലുണ്ടായത്

മലപ്പുറം | കനത്ത മഴ തുടരുന്നതിനിടെ മലപ്പുറം കാക്കഞ്ചേരിയിലും ദേശീയപാതയിൽ വിള്ളൽ വീണു. ഉച്ചയോടെയാണ് വിള്ളൽ രൂപപ്പെട്ടത്. ഇതേത്തുടർന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം താത്കാലികമായി നിർത്തി. 20 മീറ്ററിലേറെ നീളത്തിലാണ് വിള്ളലുണ്ടായത്. ആദ്യം നേർരേഖയായായാണ് വിള്ളൽ ഉണ്ടായിരുന്നതെങ്കിലും അധികം വൈകാതെ വ്യാപ്തി കൂടി.
വാഹനങ്ങളെ സർവീസ് റോഡിലൂടെയാണ് വഴിതിരിച്ചുവിടുന്നത്. നിർമാണത്തിന്റെ ഘട്ടത്തിൽ തന്നെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ചിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
കാലവർഷം എത്തിയതിന് പിന്നാലെ സംസ്ഥാനത്ത് പലയിടങ്ങളിലും ദേശീയപാതയും സർവീസ് റോഡും തകർന്നു തുടങ്ങി. ഇതോടെ യാത്രക്കാരെല്ലാം പുതുതായി നിർമിച്ച റോഡുകളിലൂടെ ജീവൻ കൈയിൽ പിടിച്ചാണ് സഞ്ചരിക്കുന്നത്. വിള്ളൽ സംഭവിച്ച കണ്ണൂർ, കോഴിക്കോട്, കാസർകോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ മിക്കയിടത്തും ഗതാഗതം നിർത്തിയിരിക്കുകയാണ്. നിർമാണത്തിലെ അശാസ്ത്രീയതയാണ് ആദ്യ മഴയിൽ തന്നെ റോഡ് തകരാനിടയാക്കിയതെന്ന ആരോപണം ശക്തമായിട്ടുണ്ട്.