Uae
യു എ ഇ 'അൽ ഇമാറാത്ത് 50:50' വിഷൻ പ്രഖ്യാപിച്ചു
രാഷ്ട്രമാതാവ് ശൈഖ ഫാത്വിമ ബിൻത് മുബാറക്കിന്റെ രക്ഷാകർതൃത്വത്തിലാണ് പദ്ധതി.

അബൂദബി| ഇമാറാത്തി വനിതാ ദിനത്തോടനുബന്ധിച്ച് യു എ ഇ “അൽ ഇമാറാത്ത് 50:50′ എന്ന വിഷൻ പ്രഖ്യാപിച്ചു. രാഷ്ട്രമാതാവ് ശൈഖ ഫാത്വിമ ബിൻത് മുബാറക്കിന്റെ രക്ഷാകർതൃത്വത്തിലാണ് പദ്ധതി. ജനറൽ വിമൻസ് യൂണിയൻ സ്ഥാപിച്ചതിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ പ്രഖ്യാപനം. രാജ്യത്തിന്റെ വികസനത്തിൽ സ്ത്രീകളുടെ പങ്ക് വർധിപ്പിക്കുന്നതിനും ആഗോള തലത്തിൽ അവരുടെ സ്ഥാനം ഉറപ്പിക്കുന്നതിനും വിഷൻ ലക്ഷ്യമിടുന്നു. കുടുംബം, ദേശീയ ഐഡന്റിറ്റി, ഭരണം, തന്ത്രങ്ങൾ, അന്താരാഷ്ട്ര വികസന പങ്കാളിത്തം എന്നീ മൂന്ന് പ്രധാന ഘടകങ്ങളിലാണ് “അൽ ഇമാറാത്ത് 50:50′ വിഷൻ അധിഷ്ഠിതമായിട്ടുള്ളത്. സ്ത്രീകളുടെ ജീവിത നിലവാരം വർധിപ്പിക്കുന്ന മികച്ച രാജ്യങ്ങളുടെ പട്ടികയിൽ യു എ ഇയുടെ സ്ഥാനം ഉറപ്പിക്കാനും എല്ലാ മേഖലകളിലും ഇമാറാത്തി വനിതകളെ ശാക്തീകരിക്കാനും ഭാവിയിലേക്കുള്ള അവരുടെ സാധ്യതകൾ മെച്ചപ്പെടുത്താനും ഈ വിഷൻ ലക്ഷ്യമിടുന്നു.
കഴിഞ്ഞ 50 വർഷത്തെ ഇമാറാത്തി വനിതകളുടെ ശാക്തീകരണ യാത്രയിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടായത്. 1975-ൽ ജനറൽ വിമൻസ് യൂണിയൻ സ്ഥാപിതമായതോടെയാണ് സ്ത്രീ ശാക്തീകരണത്തിന് ഒരു ഔദ്യോഗിക പ്ലാറ്റ്ഫോം ലഭിച്ചത്. 1975-ൽ സ്ത്രീകളുടെ നിരക്ഷരതാ നിരക്ക് 62 ശതമാനമായിരുന്നത് ഈ വർഷം 1.6 ശതമാനമായി കുറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥിനികളുടെ എണ്ണം 1975-ൽ 27,021 ആയിരുന്നത് ഈ വർഷം 890,341 ആയി വർധിച്ചു. സർവകലാശാലകളിൽ ബിരുദം നേടുന്നവരിൽ 52.6 ശതമാനം സ്ത്രീകളാണ്.
സ്ത്രീകളുടെ കഴിവുകൾ വർധിപ്പിക്കുന്നതിനായി യു എ ഇ ഭരണകൂടം വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. 1984-ൽ ആദ്യമായി ഒരു വനിത അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയായി നിയമിതയായി. 2004-ൽ ആദ്യമായി ഒരു വനിതക്ക് മന്ത്രിസ്ഥാനം ലഭിച്ചു. ഈ വർഷം ഫെഡറൽ നാഷണൽ കൗൺസിലിൽ സ്ത്രീകളുടെ പ്രാതിനിധ്യം 50 ശതമാനമായി. ഈ പുതിയ കാഴ്ചപ്പാട് ഒരു പുതിയ യുഗത്തിന് തുടക്കമിടുമെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമും പറഞ്ഞു.