Connect with us

Kerala

ഏത് ചെകുത്താന്‍ മത്സരിച്ചാലും വിഷയമല്ലെന്ന് അന്‍വര്‍; പിണറായിക്കെതിരെയും വിമർശം

പിണറായിസവും മരുമോനിസവും നിലമ്പൂരില്‍ ചർച്ചയാകുമെന്ന്

Published

|

Last Updated

കൊച്ചി | നിലമ്പൂരില്‍ ഏത് ചെകുത്താന്‍ മത്സരിച്ചാലും വിഷയമല്ലെന്ന് പി വി അന്‍വര്‍. ജനങ്ങളും പിണറായിയും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കും നിലമ്പൂരിലേത്. ഇതിന്റെ നേര്‍ചിത്രം നിലമ്പൂരിലെ ഫലത്തിലുണ്ടാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ച് പ്രസക്തിയില്ലെന്നും ജനങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തി മാത്രമായിരിക്കും സ്ഥാനാര്‍ഥിയെന്നും അന്‍വര്‍ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ആത്മവിശ്വാസം മാത്രമേയുള്ളൂ. വനമേഖലയായ നിലമ്പൂരില്‍ ജനത്തിന് ജീവിക്കാന്‍ കഴിയുന്നില്ല. വന്യജീവി ആക്രമണവും കൃഷിനാശവുമുണ്ട്. കേരളത്തിലെ പിണറായിസവും മരുമോനിസവും കുടുംബഭരണവും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. പിണറായിയുടെ കുടുംബം പാര്‍ട്ടിയെ കാല്‍ച്ചുവട്ടിലിട്ട് ചവിട്ടി മെതിക്കുന്ന കാഴ്ച കണ്ടുകൊണ്ടിരിക്കുന്നത് സഖാക്കളും തൊഴിലാളികളുമാണ്. ഈ തിരഞ്ഞെടുപ്പില്‍ ആദ്യം വോട്ട് ചെയ്യാനെത്തുന്നവര്‍ തൊഴിലാളികളായിരിക്കും. അത്ര വാശിയിലാണ് സഖാക്കള്‍ നില്‍ക്കുന്നത്. പിണറായിസം എന്നത് വിസ്തരിക്കപ്പെടുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്.

യു ഡി എഫിന് പരിപൂര്‍ണ പിന്തുണ നല്‍കും. ഏത് സ്ഥാനാര്‍ഥിയായാലും പിന്തുണക്കും. സ്ഥാനാര്‍ഥിയെ യു ഡി എഫ് തീരുമാനിക്കും. സംസ്ഥാനത്തിന്റെ ഭാവി നിശ്ചയിക്കുന്ന ജനവിധിയുണ്ടാകും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ താനുമായി ആലോചിക്കേണ്ട കാര്യമില്ലെന്നും അന്‍വര്‍ വ്യക്തമാക്കി.

പ്രോഗ്രസ്സ് കാര്‍ഡുമായി പിണറായി വരുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയും. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നാളെ വെളിപ്പെടുത്തുമെന്നും അന്‍വര്‍ പറഞ്ഞു.

 

Latest