Kerala
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും പഴയ കെട്ടിട ഭാഗം ഇടിഞ്ഞുവീണു; തൊഴിലാളിക്ക് പരുക്ക്
ഒറീസ സ്വദേശി കബിനായിക് (45) നാണ് പരുക്കേറ്റത്.
കോട്ടയം | കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും പഴയ കെട്ടിട ഭാഗം ഇടിഞ്ഞുവീണു. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് പരുക്കേറ്റു. ഒറീസ സ്വദേശി കബിനായിക് (45) നാണ് പരുക്കേറ്റത്.
ഇന്ന് രാവിലെ 11 ഓടെയാണ് കെട്ടിട ഭാഗം ഇടിഞ്ഞത്. ആശുപത്രി കെട്ടിടത്തിന്റെ പഴയ സര്‍ജറി ബ്ലോക്കില്‍ ശുചിമുറി തകര്‍ന്ന് വീട്ടമ്മ മരിച്ച സ്ഥലത്തിന്റെ എതിര്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന രണ്ടാം വാര്‍ഡിന്റെ ശുചിമുറി പുനര്‍നിര്‍മ്മാണം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണത്.
ഇതര സംസ്ഥാന തൊഴിലാളികളായ നാലുപേര്‍ ഈ സമയത്ത് ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. സ്ലാബ് അടര്‍ന്ന് വീഴുന്നത് ശ്രദ്ധയില്‍ പെട്ട മൂന്ന് പേര്‍ ശബ്ദമുണ്ടാക്കി ഓടി രക്ഷപ്പെട്ടെങ്കിലും കബി നായികിന്റെ ദേഹത്ത് കോണ്‍ക്രീറ്റ് പാളി പതിക്കുകയായിരുന്നു. ഇയാളെ ഉടന്‍ തന്നെ സുരക്ഷാ ജീവനക്കാരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
തലക്ക് പരുക്കേറ്റ നായികിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഈ പഴയ കെട്ടിടം പൊളിച്ചു നീക്കാന്‍ സര്‍ക്കാര്‍ ടെണ്ടര്‍ വിളിച്ചിരുന്നു. എന്നാല്‍, ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തികരിച്ചെങ്കിലും തുടര്‍ നടപടി വൈകുകയാണ്. നടപടികള്‍ വൈകുന്നത് ഇത്തരത്തിലുള്ള അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് ആക്ഷേപം.




