Connect with us

Kerala

മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷ: കര്‍ണാടകയുടെ ആശങ്ക അടിസ്ഥാനരഹിതം; സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി

ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള യാതൊരു വ്യവസ്ഥയും നിയമത്തിലില്ലെന്ന് മുഖ്യമന്ത്രി.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കന്നഡ മീഡിയം സ്‌കൂളുകളില്‍ മലയാളം അടിച്ചേല്‍പ്പിക്കുന്നു എന്ന പരാതിക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കാനുള്ള തീരുമാനത്തില്‍ കര്‍ണാടക സര്‍ക്കാര്‍ പ്രകടിപ്പിച്ച ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള യാതൊരു വ്യവസ്ഥയും നിയമത്തിലില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പിണറായി അറിയിച്ചു.

മലയാളം ഒന്നാം ഭാഷയാക്കുമെന്ന് നിയമത്തില്‍ പറയുന്നുണ്ടെന്നത് വാസ്തവമാണ്. എന്നാല്‍, മാതൃഭാഷ മലയാളമല്ലാത്ത കുട്ടികള്‍ക്ക് ആ ഭാഷയോടൊപ്പം മലയാളം പഠിക്കാനുള്ള അവസരമാണ് നല്‍കുന്നതെന്നും കത്തില്‍ പറഞ്ഞു.

ദേശീയ പാഠ്യപദ്ധതി പ്രകാരം വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാം. ഇതര സംസ്ഥാനങ്ങളില്‍ നിന്നോ വിദേശങ്ങളില്‍ നിന്നോ എത്തുന്നവര്‍ക്ക് പത്താം ക്ലാസിലും ഹയര്‍ സെക്കന്‍ഡറി തലത്തിലും മലയാളം പരീക്ഷ നിര്‍ബന്ധമല്ല. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളുമായുള്ള കത്തിടപാടുകള്‍ക്ക് തമിഴ്, കന്നഡ ഭാഷകള്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ട്. ഇത്തരം കത്തുകള്‍ക്ക് അതത് ഭാഷകളില്‍ തന്നെ മറുപടി നല്‍കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

മാതൃഭാഷയോടുള്ള സ്‌നേഹം മറ്റ് ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിന് തടസ്സമല്ല. കേരളവും കര്‍ണാടകവും തമ്മിലുള്ള സാംസ്‌കാരിക ബന്ധവും സഹകരണ ഫെഡറലിസവും ഉയര്‍ത്തിപ്പിടിച്ചാണ് നിയമനിര്‍മ്മാണം നടത്തിയിട്ടുള്ളത്. ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിയമസഭയുടെ കടമയാണ് കേരള സര്‍ക്കാര്‍ നിര്‍വഹിക്കുന്നതെന്നും കത്തില്‍ വിശദീകരിച്ചു.

 

---- facebook comment plugin here -----

Latest