Kerala
സ്പ്രിംക്ലര്‍ അഴിമതി ആരോപണം; സര്‍ക്കാരിന് ഹൈക്കോടതിയുടെ ക്ലീന്‍ ചിറ്റ്
പൗരന്മാരുടെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന വാദം കോടതി അംഗീകരിച്ചില്ല
കൊച്ചി | സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന സ്പ്രിംക്ലര്‍ അഴിമതി ആരോപണം ഹൈക്കോടതി തള്ളി. കൊവിഡ് കാലത്ത് ജനങ്ങളുടെ വ്യക്തിപരമായ ആരോഗ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് പ്രതിപക്ഷം ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതി ക്ലീന്‍ ചിറ്റ് നല്‍കി.
അസാധാരണമായ കോവിഡ് സാഹചര്യത്തിലായിരുന്നു ഇത്തരമൊരു കരാര്‍ വേണ്ടിവന്നത്. കരാറുണ്ടാക്കിയതില്‍ സര്‍ക്കാരിന് ദുരുദ്ദേശ്യമുണ്ടായിരുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പൗരന്മാരുടെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന വാദം കോടതി അംഗീകരിച്ചില്ല.
സ്പ്രിംക്ലര്‍ കമ്പനിയെ ഒരു ഉപാധിയായി മാത്രമാണ് ഉപയോഗിച്ചത്. ഡാറ്റയുടെ നിയന്ത്രണം സര്‍ക്കാരില്‍ തന്നെയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാറിനെതിരെ വലിയ വിവാദമായ നിറഞ്ഞു നിന്ന് ആരോപണത്തെ തുടര്‍ന്നുള്ള പ്രതിപക്ഷത്തിന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
ഡാറ്റാ സുരക്ഷിതമാണെന്നും അത് വിദേശ കമ്പനിക്ക് ദുരുപയോഗം ചെയ്യാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.സംസ്ഥാന സര്‍ക്കാരും അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്‌ളറും തമ്മില്‍ ആയിരുന്നു വിവരശേഖരണ കരാര്‍. 1.75 ലക്ഷം ആളുകളുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കാനും വിശകലനം ചെയ്യാനുമായി ഒരുക്കിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് സ്പ്രിങ്ക്‌ളര്‍ നല്‍കിയത്.ശേഖരിച്ച വിവരങ്ങള്‍ സ്പ്രിങ്ക്‌ളര്‍ കമ്പനി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട് എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.


