Kerala
'ഒരു കെണിയാണെന്ന് തോന്നി, അതില്‍ വീഴേണ്ടെന്ന് തീരുമാനിച്ചു'; ഐക്യം വേണ്ടെന്നു വച്ചതില്‍ വിശദീകരണവുമായി സുകുമാരന്‍ നായര്‍
എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് ഐക്യ തീരുമാനത്തില്‍ നിന്ന് പിന്മാറിയത്. അല്ലാതെ മറ്റാരും ഇടപെട്ടിട്ടില്ല.
കോട്ടയം | എസ് എന്‍ ഡി പിയുമായുള്ള ഐക്യം വേണ്ടെന്നു വച്ചതിന്റെ കാരണം വിശദീകരിച്ച് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. അതൊരു കെണിയാണെന്ന് തോന്നിയതിനാല്‍ അതില്‍ വീഴേണ്ട എന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് ഐക്യ തീരുമാനത്തില്‍ നിന്ന് പിന്മാറിയത്. അല്ലാതെ മറ്റാരും ഇടപെട്ടിട്ടില്ലെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
‘ഐക്യം വേണമെന്ന് വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടപ്പോള്‍ ആകാമെന്ന് ഞാന്‍ മറുപടി നല്‍കുകയായിരുന്നു. ഇതിനു പിന്നാലെ ഇക്കാര്യവും പറഞ്ഞ് തുഷാര്‍ വെള്ളാപ്പള്ളിയും വിളിച്ചിരുന്നു. എന്‍ ഡി എ നേതാവായ താങ്കള്‍ക്ക് എങ്ങനെ ഐക്യ ചര്‍ച്ച സാധ്യമാകുമെന്ന് തുഷാറിനോട് ചോദിക്കുകയും ചെയ്തു. തുടര്‍ന്ന് ഐക്യം ഒരു കെണിയാണെന്ന് തോന്നുകയും അതില്‍ വീഴേണ്ടെന്ന് തീരുമാനിക്കുകയുമായിരുന്നു.’- സുകുമാരന്‍ നായര്‍ വിശദീകരിച്ചു. എന്‍ എസ് എസ്-എസ് എന്‍ ഡി പി ഐക്യത്തിന്റെ വാതില്‍ പൂര്‍ണമായി അടഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനക്ക് മറുപടി എന്ന നിലയില്‍ കൂടിയായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം. ഐക്യത്തില്‍ നിന്ന് പിന്മാറാന്‍ സുകുമാരന്‍ നായര്‍ക്ക് മേല്‍ ബാഹ്യസമ്മര്‍ദമുണ്ടായി എന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. കമ്മിറ്റിയിലുണ്ടായ സമ്മര്‍ദത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പിന്മാറിയതെന്നും എന്നാല്‍ അതില്‍ വിഷമവും പ്രതിഷേധവുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.





