Saudi Arabia
അസ്‌ലം കോളക്കോടന്റെ പുസ്തക പ്രകാശനം ജനുവരി 29-ന്; പ്രമുഖര്‍ പങ്കെടുക്കും
ദമ്മാം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി.
ദമ്മാം | പ്രമുഖ പ്രവാസി എഴുത്തുകാരന്‍ അസ്‌ലം കോളക്കോടന്റെ പുതിയ രണ്ട് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് നാളെ (ജനുവരി 29, വ്യാഴം) രാത്രി എട്ടിന് ദമ്മാം ഫൈസലിയയിലെ അല്‍ ഹയാത്ത് ഓഡിറ്റോറിയത്തില്‍ നടക്കും. ദമ്മാം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി.
ഡെസ്റ്റിനി ബുക്‌സ് പ്രസിദ്ധീകരിച്ച ‘റിവര്‍ ഓഫ് തോട്‌സ് (ഇംഗ്ലീഷ് കവിതാ സമാഹാരം), ‘മരീചികയോ ഈ മരുപ്പച്ച’ (ഓര്‍മ്മക്കുറിപ്പുകള്‍) എന്നീ പുസ്തകങ്ങളാണ് ചടങ്ങില്‍ പ്രകാശനം ചെയ്യുന്നത്. പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര താരവും സംവിധായകനുമായ ജോയ് മാത്യു, പ്രമുഖ സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അമ്മാര്‍ കിഴുപറമ്പ എന്നിവര്‍ പരിപാടിയില്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
ആത്മാവിന്റെ അഗാധതയില്‍ നിന്ന് ഉത്ഭവിക്കുന്ന ആത്മീയവും ബൗദ്ധികവുമായ ചിന്തകള്‍ ഒരു നദിപോലെ ഒഴുകുന്ന കവിതാ സമാഹാരമാണ് ‘River of Thoughts’. വായനക്കാരന്റെ ഉള്ളിലെ ചിന്താശകലങ്ങളെ തൊട്ടുണര്‍ത്തുന്ന, ജീവിതത്തിന്റെ അര്‍ഥം തേടിയുള്ള ഒരു തീര്‍ഥാടനമാണ് ഇതിലെ കവിതകള്‍. പ്രവാസ ജീവിതത്തിന്റെ കയ്പ്പും മധുരവും നിറഞ്ഞ അനുഭവക്കുറിപ്പുകളാണ്, ‘മരീചികയോ ഈ മരുപ്പച്ച’. മണലാരണ്യത്തിലെ കേവലം അതിജീവനത്തിനുമപ്പുറം, തന്റെ ചുറ്റുപാടുകളില്‍ നിന്ന് പറിച്ചുനടപ്പെട്ട ഒരു മനുഷ്യന്റെ ആത്മസംഘര്‍ഷത്തിന്റെയും ജീവിതയാത്രയുടെയും അടയാളപ്പെടുത്തലുകളാണ് കൃതി.
സഊദി കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക, രാഷ്ട്രീയ, കല, കായിക, ആത്മീയ, ജീവകാരുണ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ആലിക്കുട്ടി ഒളവട്ടൂര്‍, മാലിക് മഖ്ബൂല്‍, റഹ്മാന്‍ കാരയാട്, അസ്ലം കോളക്കോടന്‍, സമീര്‍ അരീക്കോട് മഹ്മൂദ് പൂക്കാട് പങ്കെടുത്തു.




