Kerala
തട്ടിപ്പു കേസുകളില്‍ പ്രതിയായ വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ നല്‍കിയത് നിയമവിരുദ്ധം; പിന്‍വലിക്കണം: എസ് എന്‍ ഡി പി സംരക്ഷണ സമിതി
ഇക്കാര്യമുന്നയിച്ച് രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, കേരള മുഖ്യമന്ത്രി, കേരള ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയതായി സമിതി.
കൊച്ചി | വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ എസ് എന്‍ ഡി പി സംരക്ഷണ സമിതി. അനേകം തട്ടിപ്പ് കേസുകളില്‍ പ്രതിയായ ഒരാള്‍ക്ക് പുരസ്‌കാരം നല്‍കുന്നത് നിയമവിരുദ്ധമാണ്. അതുകൊണ്ട് വെള്ളാപ്പള്ളിക്ക് നല്‍കിയ പുരസ്‌കാരം പിന്‍വലിക്കണമെന്ന് സമിതി ചെയര്‍മാന്‍ എസ് ചന്ദ്രസേനന്‍ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, കേരള മുഖ്യമന്ത്രി, കേരള ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയതായി സമിതി വ്യക്തമാക്കി. തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും ലോക്ഭവന് മുന്നില്‍ ധര്‍ണ നടത്തുമെന്നും സമിതി അറിയിച്ചു.
പട്ടിക്കു പോലും വേണ്ടാത്തതെന്ന് പറഞ്ഞ് പത്മ അവാര്‍ഡിനെ അവഹേളിച്ച നിരവധി തട്ടിപ്പു കേസുകളിലെ പ്രതി വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ അവാര്‍ഡ് നല്‍കി രാജ്യത്തിന്റെ യശസ്സിന് കളങ്കം വരുത്തിയിരിക്കുകയാണെന്നും ചന്ദ്രസേനന്‍ പറഞ്ഞു.
തനിക്ക് ലഭിച്ച പത്മഭൂഷണ്‍ സമുദായത്തിന് കിട്ടിയ അവാര്‍ഡ് ആയിട്ടാണ് കണക്കാക്കുന്നതെന്നും വിവാദങ്ങള്‍ തന്റെ ചുമലിലെ വേതാളമാണെന്നും എന്തെല്ലാം വിവാദങ്ങളുണ്ടായാലും അവസാനം അത് പൂമാലയാകാറുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.
അഭിനയ പാടവത്തിനുള്ള അംഗീകാരമായാണ് മമ്മൂട്ടിക്ക് പുരസ്‌കാരം ലഭിച്ചതെങ്കില്‍ സംഘടനാ പ്രവര്‍ത്തനവും ക്ഷേമപ്രവര്‍ത്തനവും കണക്കിലെടുത്താണ് തനിക്ക് അവാര്‍ഡ് ലഭിച്ചതെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.




