National
അജിത് പവാറിന്റെ മരണത്തിൽ ദുരൂഹതയോ? സംശയമുയർത്തി മമതാ ബാനർജി
സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് മമത
കൊൽക്കത്ത | മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ വിയോഗത്തിന് പിന്നാലെ വിമാനാപകടത്തിൽ ദുരൂഹത ആരോപിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംഭവത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് മമത ആവശ്യപ്പെട്ടു. അജിത് പവാർ തന്റെ പഴയ പാർട്ടിയായ എൻ സി പിയിലേക്ക് (ശരദ് പവാർ വിഭാഗം) തിരികെ പോകാൻ ഒരുങ്ങവെയാണ് അപകടം നടന്നതെന്നത് സംശയകരമാണെന്ന് മമത ബാനർജി പറഞ്ഞു.
കേന്ദ്ര ഏജൻസികളിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും അതിനാൽ സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ തന്നെ അന്വേഷണം നടക്കണമെന്നും അവർ കൊൽക്കത്തയിൽ പറഞ്ഞു. അജിത് പവാർ ശരദ് പവാറിനൊപ്പം ചേരാൻ തയ്യാറെടുക്കുകയായിരുന്നു എന്ന സൂചനകൾക്കിടെയാണ് ഈ ദാരുണമായ അപകടം സംഭവിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കപ്പെടണമെന്നും അവർ കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കരുത്തനായ ഒരു നേതാവിനെയാണ് നഷ്ടമായതെന്നും പുരോഗമനപരമായ ആശയങ്ങളുള്ള സുഹൃത്തായിരുന്നു അജിത് പവാറെന്നും മമത അനുസ്മരിച്ചു. ബാരാമതിയിൽ വിമാനം ഇറങ്ങുന്നതിന് തൊട്ടുമുമ്പ് നടന്ന അപകടത്തിൽ അജിത് പവാറിനെ കൂടാതെ മറ്റ് നാല് പേരും കൊല്ലപ്പെട്ടിരുന്നു.




