Kerala
മികച്ച തുറമുഖ നഗരമാക്കി മാറ്റും, ഒളിംപിക്‌സിലെ ഒരിനം ഉറപ്പാക്കും; തിരുവനന്തപുരം നഗരസഭയുടെ വികസന രേഖ പുറത്തിറക്കി ബിജെപി
പദ്ധതികളുടെ പ്രോഗ്രസ്സ് കാര്‍ഡും, ജനകീയ അഭിപ്രായങ്ങള്‍ അനുസരിച്ചുള്ള ജനകീയ ബജറ്റും, ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള അഴിമതി മുക്ത ഭരണവും ഉറപ്പാക്കുമെന്നാണ് വികസന രേഖയിലെ വാഗ്ദാനം
തിരുവനന്തപുരം | തിരുവനന്തപുരം നഗരസഭയുടെ വികസന രേഖയുടെ കരട് രൂപം പുറത്തിറക്കി ബിജെപി. പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ തിരുവനന്തപുരം നഗരസഭ അവതരിപ്പിച്ച വികസന രേഖയുടെ കരട് രൂപമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പദ്ധതികളുടെ പ്രോഗ്രസ്സ് കാര്‍ഡും, ജനകീയ അഭിപ്രായങ്ങള്‍ അനുസരിച്ചുള്ള ജനകീയ ബജറ്റും, ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള അഴിമതി മുക്ത ഭരണവും ഉറപ്പാക്കുമെന്നാണ് വികസന രേഖയിലെ വാഗ്ദാനം
കോര്‍പ്പറേഷന്‍ സേവനങ്ങള്‍ക്കായി ഓണ്‍ലൈന്‍ സംവിധാനങ്ങളും, ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയില്‍ നിലവിലെ കുടംബാരോഗ്യ കേന്ദ്രങ്ങളെ മികച്ച ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും, നഗരത്തിലെ വീടുകളില്‍ കേന്ദ്ര പദ്ധതികള്‍ ഉറപ്പാക്കുന്നതിനായി CSC സെന്റെറുകള്‍ സ്ഥാപിക്കുമെന്നും വികസന രേഖ പറയുന്നു. പ്രധാനമന്ത്രി എത്തിയപ്പോള്‍ വരെ നടന്ന വിവിധ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലുള്ള വികസന രേഖ വരും ദിവസങ്ങളില്‍മാത്രമേ പൂര്‍ണ്ണമാവൂ എന്നും രേഖ പുറത്തുവിട്ടുകൊണ്ട് മേയര്‍ വി വി രാജേഷ് പറഞ്ഞു
കോര്‍പ്പറേഷന്റെ സാമ്പത്തിക ഇടപാടുകള്‍ പൂര്‍ണ്ണമായും ഡിജിറ്റലാക്കും, വീടില്ലാത്തവര്‍ക്ക് അഞ്ച് വര്‍ഷം കൊണ്ട് വീടും, ഇന്‍ഡോര്‍ മാതൃകയാല്‍ മാലിന്യ സംസ്‌ക്കരണവും, എല്ലാ വാര്‍ഡുകളിലും സമഗ്രമായ ഡ്രെയിനേജ് സംവിധാനവും നടപ്പാക്കും. വഴി വിളക്കുകള്‍ കേന്ദ്രീകൃത സംവിധാനത്തില്‍ കൊണ്ടു വരുന്നതും, തിരുവനന്തപുരത്തെ മികച്ച തുറമുഖ നഗരമാക്കി നൈറ്റ് ലൈഫ് പ്രൊത്സാഹിപ്പിക്കുന്നതും വികസന രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2036 ലെ ഒളിംപിക്സില ഒരിനം തിരുവനന്തപുരത്ത് ഉറപ്പാക്കുന്നതും, കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതും വികസന രേഖയില്‍ പറയുന്നു. ജലാശയങ്ങളിലും, കനാലുകളാലും , കക്കൂസ് മാലിന്യം ഉള്‍പ്പടെ തള്ളുന്നത് ഡിജിറ്റല്‍ സര്‍വേയിലൂടെ കണ്ട് പിടിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും മേയര്‍ വി വി രാജേഷ് അറിയിച്ചു.



