Connect with us

Kerala

ചികിത്സ വൈകിയതിനെ തുടര്‍ന്ന് യുവാവിന്റെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് ഡി ജി പി

തിരുവനന്തപുരം വിളപ്പില്‍ശാലയിലുണ്ടായ സംഭവത്തിലാണ് ഉത്തരവ്. ഡി വൈ എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ പരാതി അന്വേഷിക്കണമെന്നാണ് ഡി ജി പി. റവാഡ ചന്ദ്രശേഖറുടെ നിര്‍ദേശം.

Published

|

Last Updated

തിരുവനന്തപുരം | സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡി ജി പി. തിരുവനന്തപുരം വിളപ്പില്‍ശാലയിലുണ്ടായ സംഭവത്തിലാണ് ഉത്തരവ്. ഡി വൈ എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ പരാതി അന്വേഷിക്കണമെന്നാണ് ഡി ജി പി. റവാഡ ചന്ദ്രശേഖറുടെ നിര്‍ദേശം. തിരുവനന്തപുരം റേഞ്ച് ഡി ഐ ജിക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു.

വിളപ്പില്‍ശാല സ്വദേശിയായ ബിസ്മീര്‍ (37) മരണപ്പെട്ട സംഭവത്തിലാണ് അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ശ്വാസതടസ്സം അനുഭവപ്പെട്ട ബിസ്മീറിനെ വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. ഈ സമയത്ത് ആശുപത്രിയുടെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നുവെന്നും ഏറെ വൈകിയാണ് അകത്ത് കടക്കാനായതെന്നും ബിസ്മീറിന്റെ കുടുംബം ആരോപിക്കുന്നു. ഡോക്ടറുടെ സേവനം ലഭിക്കാനും ഒരുപാട് നേരം കാത്തിരിക്കേണ്ടിവന്നു. ഡോക്ടര്‍ വന്ന് പരിശോധിക്കുമ്പോഴേക്കും ബിസ്മീറിന്റെ നില ഗുരുതരമായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. ആശുപത്രിയിലെ തന്നെ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് കുടുംബം പറഞ്ഞു.

ഭര്‍ത്താവിന്റെ മരണത്തില്‍ ആശുപത്രി അധികൃതര്‍ മാത്രമാണ് ഉത്തരവാദിയെന്നും ശക്തമായ നടപടിയുണ്ടാകണമെന്നും ജാസ്മിന്‍ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

---- facebook comment plugin here -----

Latest