Kerala
എൻ എച്ച് നിർമാണ കമ്പനിയിൽ നിന്ന് ഇലക്ടറൽ ബോണ്ട്; വാർത്ത തെറ്റിദ്ധാരണ പരത്തുന്നതെന്ന് സി പി എം
നിർമാണത്തിലെ അപാകതകൾ കാരണം ദേശീയപാതയുടെ ചില ഭാഗങ്ങളിലുണ്ടായ തകർച്ച എൽ ഡി എഫിന്റെ മേൽ കെട്ടിവെക്കാനുള്ള ശ്രമമാണ് ഈ വാർത്തയിലൂടെ നടക്കുന്നതെന്നും പാർട്ടി

തിരുവനന്തപുരം | ദേശീയപാത നിർമാണത്തിന്റെ ഉപകരാർ ലഭിച്ച മേഘ എൻജിനിയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയിൽ നിന്ന് സി പി എം 25 ലക്ഷം രൂപ ഇലക്ടറൽ ബോണ്ടായി വാങ്ങിയെന്ന മനോരമ വാർത്ത ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനും പാർട്ടിയെ അപകീർത്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു. ഈ വാർത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പാർട്ടി വ്യക്തമാക്കി.
ഇലക്ടറൽ ബോണ്ടിനെതിരായി സുപ്രീം കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തത് സി പി എം ആണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കൂടാതെ, ഇലക്ടറൽ ബോണ്ട് വാങ്ങാത്ത ഏക ഇടതുപക്ഷ പാർട്ടികൾ സി പി എം ഉൾപ്പെടെയുള്ളവയാണെന്ന വസ്തുത നേരത്തെ പുറത്തുവന്നതും മനോരമയുൾപ്പെടെയുള്ള മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തതുമാണ്. ഈ സാഹചര്യത്തിൽ, വസ്തുതാവിരുദ്ധമായ വാർത്ത നൽകിയത് ദുരുദ്ദേശപരമാണെന്ന് പാർട്ടി ആരോപിച്ചു.
കേരളത്തിൽ യു ഡി എഫ്. സർക്കാർ ഉപേക്ഷിച്ച ദേശീയപാത വികസനം എൽ ഡി എഫ്. സർക്കാരിന്റെ ഇച്ഛാശക്തികൊണ്ടാണ് യാഥാർത്ഥ്യമായതെന്ന് സി പി എം പ്രസ്താവനയിൽ പറഞ്ഞു. ഇത് ജനങ്ങൾ അംഗീകരിച്ച വസ്തുതയാണെന്നും, പത്താം വർഷത്തിലേക്ക് കടക്കുന്ന സർക്കാരിന്റെ വികസനപാതയിലെ സുപ്രധാനമായ അധ്യായമാണിതെന്നും പാർട്ടി ചൂണ്ടിക്കാട്ടി. ഈ നേട്ടം യു.ഡി.എഫിന് തിരിച്ചടിയാകുമെന്നതിനാലാണ് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന തെറ്റായ വാർത്ത മനോരമ നൽകിയതെന്നും സി പി എം ആരോപിച്ചു.
നിർമാണത്തിലെ അപാകതകൾ കാരണം ദേശീയപാതയുടെ ചില ഭാഗങ്ങളിലുണ്ടായ തകർച്ച എൽ ഡി എഫിന്റെ മേൽ കെട്ടിവെക്കാനുള്ള ശ്രമമാണ് ഈ വാർത്തയിലൂടെ നടക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. നിലവിൽ വിവാദത്തിലായ കമ്പനികൾ കോൺഗ്രസിനും ബി ജെ പിക്കും ഇലക്ടറൽ ബോണ്ടായി കോടികൾ നൽകിയതായുള്ള വിവരം പുറത്തുവന്നതാണ്. അതിനൊപ്പം സി പി എമ്മിനെയും ചേർത്ത് കെട്ടാനാണ് മനോരമ ശ്രമിക്കുന്നതെന്നും പാർട്ടി ആരോപിച്ചു.