Uae
ദുബൈയില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ എ ഐ സാങ്കേതികവിദ്യ
ഉത്പന്നങ്ങളുടെ നിലവാര പരിശോധന, രേഖകളുടെ സാധുത, വിതരണ ശൃംഖലയുടെ സുതാര്യത എന്നിവ എ ഐ വഴി ഉറപ്പാക്കും.

ദുബൈ | ഭക്ഷ്യ ഉത്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൃത്രിമ ബുദ്ധി (എ ഐ) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമെന്ന് ദുബൈ മുന്‍സിപ്പാലിറ്റി വ്യക്തമാക്കി. ഉത്പന്നങ്ങളുടെ നിലവാര പരിശോധന, രേഖകളുടെ സാധുത, വിതരണ ശൃംഖലയുടെ സുതാര്യത എന്നിവ എ ഐ വഴി ഉറപ്പാക്കും. അപകട സാധ്യതകള്‍ മുന്‍കൂട്ടി കണ്ടെത്തി ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ നിലനിര്‍ത്താനാണ് ലക്ഷ്യം.
മുന്‍സിപ്പാലിറ്റി ‘മന്തജി’ സംവിധാനത്തിന്റെ ഡാറ്റാബേസില്‍ 5.5 ലക്ഷത്തിലധികം ഉത്പന്നങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 2024-ല്‍ 1.9 ദശലക്ഷം ഭക്ഷ്യ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്തതായും പരിസ്ഥിതി, ആരോഗ്യ, സുരക്ഷാ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നസീം മുഹമ്മദ് റഫീഅ് പറഞ്ഞു. 2024-ല്‍ മാത്രം 1.04 ലക്ഷം ഉപഭോക്തൃ ഉത്പന്ന രജിസ്ട്രേഷന്‍ അപേക്ഷകള്‍ വിലയിരുത്തി. ഡിജിറ്റല്‍ സേവനങ്ങള്‍ വഴി കടലാസ് രേഖകള്‍ കുറച്ച്, പരിസ്ഥിതി ആഘാതം പകുതിയായി കുറയ്ക്കുകയും നൂറ് ശതമാനം ഉപഭോക്തൃ സംതൃപ്തി കൈവരിക്കുകയും ചെയ്തു. ദുബൈ കസ്റ്റംസ്, ഹാന്‍ഡ്‌ലിംഗ് അതോറിറ്റികള്‍, അംഗീകൃത ലാബുകള്‍ എന്നിവയുമായി ഡാറ്റാബേസ് ബന്ധിപ്പിച്ച് തത്സമയ നിരീക്ഷണവും തീരുമാനമെടുക്കലും സാധ്യമാക്കി.
അതോടൊപ്പം, ദുബൈ മുന്‍സിപ്പാലിറ്റി 25,655 ഭക്ഷ്യ സ്ഥാപനങ്ങള്‍ പരിശോധിക്കുന്ന 103 കാമ്പയിനുകളും 72 താത്കാലിക ഇവന്റുകളും നടപ്പാക്കി. ‘മന്തജി പ്ലസ്’ പ്ലാറ്റ്‌ഫോം വഴി വ്യാപാരം വര്‍ധിപ്പിക്കാനും ഡിജിറ്റല്‍ പരിശോധനാ സംവിധാനങ്ങള്‍ വഴി ഭക്ഷ്യ സുരക്ഷ ശക്തിപ്പെടുത്താനും മുന്‍സിപ്പാലിറ്റി പദ്ധതിയിടുന്നു.