Uae
ശൈഖ് മുഹമ്മദിന് സാഹിത്യ പുരസ്‌കാരം
ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനെ വേള്‍ഡ് സില്‍ക്ക് റോഡ് ഫോറം സില്‍ക്ക് റോഡ് കവികള്‍ക്കുള്ള പ്രചോദനാത്മക സാഹിത്യ വ്യക്തിയായി തിരഞ്ഞെടുത്തു.

ദുബൈ | യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനെ വേള്‍ഡ് സില്‍ക്ക് റോഡ് ഫോറം സില്‍ക്ക് റോഡ് കവികള്‍ക്കുള്ള പ്രചോദനാത്മക സാഹിത്യ വ്യക്തിയായി തിരഞ്ഞെടുത്തു.
ദുബൈയെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സാംസ്‌കാരിക പാലമാക്കി മാറ്റുന്നതില്‍ ശൈഖ് മുഹമ്മദിന്റെ സാഹിത്യ സംഭാവനക്ക് പങ്കുണ്ട്. ആ ദര്‍ശനാത്മക പങ്കിനെ ആദരിക്കുന്നതാണ് അംഗീകാരം. ആഴമേറിയ മാനുഷിക, ദേശീയ, ബൗദ്ധിക വിഷയങ്ങള്‍ പര്യവേഷണം ചെയ്യുന്ന നിരവധി സൃഷ്ടികള്‍ ഭരണാധികാരി സാഹിത്യ ലോകത്തിനു നല്‍കി. ഏറ്റവും ശ്രദ്ധേയമായ കൃതികളില്‍ പരേതനായ യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനെ അനുസ്മരിക്കുന്ന 87 കവിതകളുടെ സമാഹാരമായ സായിദ് (2018) ഉള്‍പ്പെടുന്നു.
ഫ്‌ളാഷസ് ഓഫ് വേഴ്‌സ് (2014) അറബിയിലും ഇംഗ്ലീഷിലുമുള്ള കാവ്യാത്മക കൃതികളില്‍ നിന്നുള്ള 52 ഉദ്ധരണികള്‍ ഉള്‍ക്കൊള്ളുന്നു. ജീവിതത്തിലെ വെല്ലുവിളികള്‍, സ്നേഹം, വിജയം, എന്നിവയുടെ പ്രമേയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നു. അറബിയിലും ഇംഗ്ലീഷിലുമുള്ള 40 കവിതകള്‍ ഉള്‍ക്കൊള്ളുന്നതാണ് മരുഭൂമിയില്‍ നിന്നുള്ളത്. ഇത് മാതൃരാജ്യത്തോടും അതിന്റെ ചിഹ്നങ്ങളോടും ഉള്ള ശൈഖ് മുഹമ്മദിന്റെ സ്നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു. പരിഷ്‌കൃതമായ സര്‍ഗാത്മകതയും വ്യത്യസ്തമായ ദേശീയ വികാരവും ഇതിന്റെ സവിശേഷതയാണ്.
കുതിരകളുടെ കുലീനതയെയും മത്സര മനോഭാവത്തെയും ആഘോഷിക്കുന്ന ഒരു സമാഹാരമാണ് ‘ഫോര്‍ ദി ലവ് ഓഫ് ഹോഴ്‌സസ്’. മെയ് 23 മുതല്‍ 29 വരെ ദുബൈ സില്‍ക്ക് റോഡ് ഇന്റര്‍നാഷണലിന്റെ കവിതാ ഉത്സവത്തിന്റെ അഞ്ചാം പതിപ്പിന് ആതിഥേയത്വം വഹിക്കുമെന്നും ഫോറം പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ഒരു അറബ് നഗരം ഈ അഭിമാനകരമായ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്. മെയ് 27ന് മുഹമ്മദ് ബിന്‍ റാശിദ് ലൈബ്രറിയില്‍ അവാര്‍ഡ് ദാന ചടങ്ങ് നടക്കും. ലോകമെമ്പാടുമുള്ള 50-ലധികം കവികളും കലാകാരന്മാരും ചിത്രകാരന്മാരും പങ്കെടുക്കും.