Connect with us

Kerala

മഴക്കെടുതി വ്യാപകം: ഡാമിലെ ഷട്ടറുകള്‍ ഉയര്‍ത്തി, മരം വീണ് മരണങ്ങള്‍

അഴീക്കോട് മുനക്കല്‍ ബീച്ചില്‍ കാറ്റില്‍ വ്യാപക നാശനഷ്ടം, തൃശൂരില്‍ ഓടുന്ന ട്രെയിനിന് മുകളില്‍ മരം കടപുഴകി വീണു

Published

|

Last Updated

കൊച്ചി | കാലവര്‍ഷം നേരത്തേ എത്തിയതോടെ സംസ്ഥാനത്ത് മഴ കനക്കുന്നു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലങ്കര ഡാമിലെ അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തി. തൊടുപുഴ, മൂവാറ്റുപുഴ നദികളുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. എല്ലാ ജില്ലകളിലും മഴക്കെടുതി റിപോര്‍ട്ട് ചെയ്തു. ഇടുക്കിയിലും കോഴിക്കോട്ടും മരം വീണ് രണ്ട് പേര്‍ ഉച്ചയോടെ മരിച്ചു.

ഇടുക്കി പാമ്പാടുംപാറയില്‍ മരം വീണ് പരിക്കേറ്റ ഇതരസംസ്ഥാന തൊഴിലാളി മധ്യപ്രദേശ് സ്വദേശി മാലതി ആണ് മരിച്ചത്. കോഴിക്കോട് വടകരയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളില്‍ മരം വീണ് വില്യാപ്പള്ളി സ്വദേശി പവിത്രനും മരിച്ചു.

മധ്യകേരളത്തിലും മലബാറിലും കനത്ത മഴ ഇപ്പോഴും തുടരുകയാണ്. തൃശൂര്‍ അഴീക്കോട് മുനക്കല്‍ ബീച്ചിലുണ്ടായ ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടടമുണ്ടായി. കടകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചീനവലകള്‍ നശിക്കുകയും ചെയ്തു. ബീച്ചില്‍ കച്ചവടം നടത്തുന്ന പത്ത് സ്ഥാപനങ്ങളുടെ മേല്‍ക്കൂരയിലെ ഓടുകള്‍ കാറ്റില്‍ പറന്നു വീണു. തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.

അഴീക്കോട് കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് ഹാര്‍ബറിലേക്കു കയറ്റാന്‍ ശ്രമിച്ച ബോട്ടില്‍ നിന്ന് മത്സ്യത്തൊഴിലാളി വീണു. ഇയാളെ മറ്റുതൊഴിലാളികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. മുനമ്പം ഹാര്‍ബറില്‍ മരം കടപുഴകി വീണ് അഞ്ചോളം വാഹനങ്ങള്‍ക്ക് കേടുപാടുകളുണ്ടായി. തൃശൂരില്‍ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി ഓടുന്ന ട്രെയിനിന് മുകളില്‍ വീണു. ഷൊര്‍ണൂര്‍- തൃശൂര്‍ റൂട്ടില്‍ ചെറുതുരുത്തി പാലത്തിനു സമീപമാണ് അപകടമുണ്ടായത്. ഇലക്ട്രിക് ലൈന്‍ തകര്‍ന്നതിനാല്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടെങ്കിലും പുനഃസ്ഥാപിച്ചു.

Latest